സംഘര്‍ഷസാധ്യത: വിശദമായ തെളിവെടുപ്പ് നടന്നില്ല
Posted on: 24 Aug 2015
കഴക്കൂട്ടം: ഓണാഘോഷത്തിനിടെ അപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തിലെ പ്രധാനപ്രതിയായ ബൈജുവിനെ തെളിവെടുപ്പിന് കൊണ്ടുവരാനായില്ല. കോളേജിന് മുന്നില്‍ സംഘര്ഷാവസ്ഥയുണ്ടാവാനുള്ള സാധ്യതയുള്ളതിനാലാണ് തെളിവെടുപ്പ് ഒഴിവാക്കിയത്. എന്നാല്‍ വൈകീട്ട് അപകടം നടന്ന സ്ഥലത്ത് പോലീസ് സംഘം ബൈജുവുമായി എത്തി മടങ്ങി. ബൈജുവിനെ കോടതിയില്‍ ഹാജരാക്കിയശേഷം കസ്റ്റഡിയില്‍ വാങ്ങി വിശദമായ തെളിവെടുപ്പിന് കൊണ്ടുപോകാനാണ് പോലീസിന്റെ തീരുമാനം.
അപകടം നടന്ന തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജ് വളപ്പില്‍ തെളിവെടുപ്പിന് ജീപ്പ് ഓടിച്ചിരുന്ന ബൈജുവിനെ ഞായറാഴ്ച രാവിലെ കൊണ്ടുവരാനായിരുന്നു പോലീസിന്റെ തീരുമാനം. എന്നാല്‍ രാവിലെ മുതല്‍ തന്നെ ബി.ജെ.പി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോളേജിന് മുന്നില്‍ കൂടി നിന്നിരുന്നു.
ബൈജുവിനെ കൊണ്ടുവന്നാല്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് നല്കിരുന്നു. പ്രതിഷേധങ്ങള്‍ സംഘര്‍ഷത്തിലേക്ക് മാറാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് തെളിവെടുപ്പ് ഒഴിവാക്കിയത്.
തുടര്‍ന്ന് വൈകീട്ട് നാലോടെ ബൈജുവുമായി സി.ഐ. ഷീന്‍ തറയിലിന്റെ നേതൃത്വത്തിലുള്ള സംഘം രഹസ്യമായി കോളേജിലെത്തുകയായിരുന്നു.