ഓണാഘോഷം: നഗരത്തില്‍ വന്‍ സുരക്ഷ
Posted on: 24 Aug 2015
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി പോലീസ് വന്‍ സുരക്ഷയൊരുക്കും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ ഡി.സി.പി.മാരായ സഞ്ജയ്കുമാര്‍, കെ.എസ്.വിമല്‍, 10 പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍, 15 പോലീസ് ഇന്‍സ്പെക്ടര്‍മാര്‍, 90 സബ് ഇന്‍സ്പെക്ടര്‍മാര്‍, വനിതകള്‍ ഉള്‍പ്പെടെ ആയിരത്തിലധികം സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരെ ഡ്യൂട്ടിക്കായി നിയോഗിച്ചു. നിലവിലുള്ള 231 കാമറകള്‍ക്ക് പുറമെ നൂറില്‍പ്പരം കാമറകള്‍ കനകക്കുന്ന്, ശംഖുംമുഖം, പൂജപ്പുര, സെന്‍ട്രല്‍ സ്റ്റേഡിയം, കിഴക്കേക്കോട്ട, വേളി തുടങ്ങിയ സ്ഥലങ്ങളില്‍ അധികമായി സ്ഥാപിക്കും. പോക്കറ്റടി, സ്ത്രീകളെ ശല്യംചെയ്യല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി മുപ്പതോളം വാഹനങ്ങളില്‍ മൂവിങ് കാമറ ഘടിപ്പിച്ച് നഗരത്തില്‍ പ്രത്യേക പട്രോളിങ് നടത്തും. കണ്‍ട്രോള്‍റൂം പോലീസ് അസി. കമ്മീഷണറുടെ നേതൃത്വത്തില്‍ വനിതാ പോലീസ് ഉള്‍പ്പെടെ 250ഓളം പ്രത്യേക ട്രെയിനിങ് ലഭിച്ച മഫ്ടി പോലീസുകാരെയും ഷാഡോ പോലീസിനെയും വിന്യസിക്കും. ഇടറോഡുകള്‍ പരിശോധിക്കുന്നതിന് ബൂസ്റ്റര്‍ പട്രോള്‍, ബൈക്ക് പട്രോള്‍ എന്നിവയും ഏര്‍പ്പെടുത്തി.
ഓണാഘോഷത്തോടനുബന്ധിച്ച് കനകക്കുന്ന്, പൂജപ്പുര, സെന്‍ട്രല്‍ സ്റ്റേഡിയം, കിഴക്കേക്കോട്ട, കോവളം എന്നീ സ്ഥലങ്ങളില്‍ പ്രത്യേക പോലീസ് കണ്ട്രോള് റൂമുകള്‍ ആരംഭിക്കും. തിരക്കേറിയ സ്ഥലങ്ങളിലും ആഘോഷവേദികളുടെ പരിസരത്തും പോലീസ് ആംബുലന്‍സിന്റെ സേവനവും 11ഓളം പോലീസ് കണ്ട്രോള് റൂം വാഹനങ്ങളുടെയും സേവനം സജ്ജമാക്കും. ഓണത്തിന് ബൈപ്പാസിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി അഡീഷണല്‍ ബൈപ്പാസ് പട്രോളിങ് സംവിധാനം ഏര്‍പ്പെടുത്തി. വഴിവാണിഭ കച്ചവടക്കാരെ നിയന്ത്രിക്കാനും കാല്‍നടയാത്രക്കാര്‍ക്ക് സുഗമമായി സഞ്ചാരം ഉറപ്പാക്കാനും പാര്‍ക്കിങ് നിയന്ത്രിക്കുന്നതിനും വേണ്ടി നഗരത്തില്‍ പ്രധാന ഇടറോഡുകളില്‍ അധിക ബീറ്റ് പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഓണം അവധിക്ക് വീട് പൂട്ടി പോകുന്നവര്‍ ആ വിവരം പോലീസ് കണ്ട്രോള് റൂമിലും അവരവരുടെ അതിര്‍ത്തി സ്റ്റേഷനുകളിലും മുന്‍കൂട്ടി അറിയിക്കണം. ഇത്തരം വീടുകള്‍ പോലീസ് പട്രോളിങ് സമയത്ത് പ്രത്യേകം നിരീക്ഷിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.
ഓണാഘോഷം: നഗരത്തില്‍ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് 25 മുതല്‍ 31 വരെ നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. വൈകീട്ട് 6 മുതല്‍ രാത്രി 9.30 വരെ വെള്ളയമ്പലം ജങ്ഷന് മുതല്‍ കോര്പ്പറേഷന് ഓഫീസ് വരെ വാഹനഗതാഗതം അനുവദിക്കില്ല.
വെള്ളയമ്പലം ഭാഗത്തുനിന്ന് തമ്പാനൂര്‍/കിഴക്കേക്കോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വഴുതക്കാട്-സാനഡു-പനവിള വഴിയും, തമ്പാനൂര്‍/കിഴക്കേക്കോട്ട ഭാഗത്തുനിന്ന് പേരൂര്‍ക്കട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ആര്.ആര്. ലാമ്പ്-നന്തന്‍കോട്-കവടിയാര്‍ വഴിയും പോകണം.
പാര്‍ക്കിങ് ഇവിടെ
ആശാന് സ്ക്വയര്‍-ജനറല്‍ ഹോസ്പിറ്റല്‍, പി.എം.ജി-ലോ കോളേജ് റോഡ്, പ്രസ് ക്ലബ്ബ് റോഡ്, സാഫല്യം-ജേക്കബ്സ് ജങ്ഷന് റോഡ്, മ്യൂസിയം- സൂര്യകാന്തി റോഡ്, മ്യൂസിയം-നന്ദാവനം റോഡ്, വെള്ളയമ്പലം-ശാസ്തമംഗലം റോഡ്, കെല്‍ട്രോണ്‍-ആല്‍ത്തറ റോഡ് എന്നിവിടങ്ങളില്‍ ഒരു വശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കും. യൂണിവേഴ്സിറ്റി ഓഫീസ്, യൂണിവേഴ്സിറ്റി കോളേജ്, സംസ്കൃതകോളേജ്, ജലഭവന് കോമ്പൗണ്ട്, പൂജപ്പുര എല്‍.ബി.എസ്. കോമ്പൗണ്ട്, ടാഗോര്‍ തിയേറ്റര്‍ കോമ്പൗണ്ട്, സെന്റ്ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കോമ്പൗണ്ട്, ഒളിമ്പിക് അസോസിയേഷന് ഹാള്‍ കോമ്പൗണ്ട്, എല്‍.എം.എസ്. കോമ്പൗണ്ട്, ഗോള്‍ഫ് ക്ലബ്ബ് കോമ്പൗണ്ട് (എല്‍.എന്‍.സി.പി), സാല്‍വേഷന്‍ ആര്‍മി സ്കൂള്‍ കോമ്പൗണ്ട്, ജിമ്മിജോര്‍ജ് സ്റ്റേഡിയം, വിമന്‍സ് കോളേജ് ഗ്രൗണ്ട്, പി.ടി.സി. ഗ്രൗണ്ട്, ഗവ. ആര്‍ട്സ് കോളേജ് കോമ്പൗണ്ട്, സംഗീതകോളേജ് കോമ്പൗണ്ട്, എസ്.എം.വി. സ്കൂള്‍ കോമ്പൗണ്ട്, അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്കൂള്‍ കോമ്പൗണ്ട്, ഫോര്‍ട്ട് ഹൈസ്കൂള്‍ കോമ്പൗണ്ട്, ആറ്റുകാല്‍ ദേവീക്ഷേത്രം പാര്‍ക്കിങ് ഗ്രൗണ്ട്, പുത്തരിക്കണ്ടം മൈതാനം എന്നിവിടങ്ങളിലും വാഹനപാര്‍ക്കിങ് അനുവദിക്കും.
ആര്.ആര്.ലാമ്പ്-വെള്ളയമ്പലം റോഡ്, വി.ജെ.ടി-ആശാന് സ്ക്വയര്‍, ജി.വി.രാജ-ആര്.ആര്.ലാമ്പ്, ടി.ടി.സി-നന്തന്‍കോട്, വെള്ളയമ്പലം-ആല്‍ത്തറ റോഡ്, കോര്പ്പറേഷന് ഓഫീസ്-നന്തന്‍കോട് റോഡ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. െപാതുജനങ്ങള്‍ക്ക് ട്രാഫിക്കുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ അത്യാവശ്യങ്ങള്‍ക്ക് 9497987001, 9497987002, 0471-2558731, 2558732, 2331843, 100, 1090 എന്നീ ഫോണ്‍നമ്പരുകളില്‍ ബന്ധപ്പെടാമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്.വെങ്കിടേഷ് അറിയിച്ചു.