വിഴിഞ്ഞം പദ്ധതി: നിര്‍മാണം തുടങ്ങുന്നതിനുമുമ്പ് ആശങ്കകള്‍ പരിഹരിക്കണം
Posted on: 24 Aug 2015
തിരുവനന്തപുരം: വിഴിഞ്ഞം വാണിജ്യതുറമുഖ പദ്ധതിയുടെ നിര്‍മാണം ആരംഭിക്കുന്നതിന് മുന്‍പ് മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും തുറമുഖ ആക്ഷന്‍ കൗണ്‍സില്‍ യോഗം അറിയിച്ചു.
മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ പുരോഗതി അവലോകനം ചെയ്യാന്‍ വിളിച്ചുചേര്‍ത്ത ഫൊറോനാ പ്രതിനിധികള്‍, ഫൊറോനാ വികാരിമാര്‍, അതിരൂപതാ രാഷ്ട്രീയകാര്യസമിതി അംഗങ്ങള്‍ എന്നിവരുടെ യോഗം ചേര്‍ന്നു. യോഗത്തില്‍ വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച്.പെരേര അധ്യക്ഷനായി.
30ന് മുന്‍പ് ഫൊറോനാ കൗണ്‍സില്‍, വിവിധ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക സംഘടനകളുടെ ഭാരവാഹികള്‍ എന്നിവരെ ഉള്‍പ്പെടുത്തി എട്ട് ഫൊറോനകളിലും ബഹുജന കണ്വെന്ഷന് സംഘടിപ്പിക്കും. നഗരവാസികളില്‍ വിഴിഞ്ഞം തുറമുഖം സംബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആശങ്ക അറിയിക്കുന്നതിന് യുവജനസംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രചാരണ ജാഥകളും തെരുവുനാടകങ്ങളും സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. മത്സ്യത്തൊഴിലാളി ഫോറം, കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്, കേരള ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന്, കേരള കാത്തലിക് യുവജന സംഘടന എന്നിവയുടെ സംയുക്ത യോഗം വിളിച്ചുചേര്‍ത്ത് ഭാവിപരിപാടികള്‍ക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
യോഗത്തില്‍ മോണ്‍. തോമസ് നെറ്റോ, മോണ്‍ ജെയിംസ് കുലാസ്, ഫാ. സൈറസ് കളത്തില്‍, പുല്ലുവിള സ്റ്റാന്‍ലി, ടി.പീറ്റര്‍, ബെര്‍ബി ഫെര്‍ണാണ്ടസ്, ജോളി പത്രോസ്, മേരി പുഷ്പം തുടങ്ങിയവര്‍ പ്രസംഗിച്ചു.