തിരുവനന്തപുരത്ത് യാത്രക്കാരെ കുഴക്കി റെയില്‍വേയുടെ പ്ലാറ്റ്ഫോം മാറ്റം
Posted on: 24 Aug 2015
തിരുവനന്തപുരം: അഞ്ചാം പ്ലാറ്റ്ഫോമില്‍ എത്തുമെന്ന് അറിയിച്ചിട്ടുള്ള തീവണ്ടി വരുന്നത് രണ്ടാം പ്ലാറ്റ്ഫോമിലേക്ക്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലാണ് യാത്രക്കാരെ തീവണ്ടിക്ക് പിറകെ ഓടിക്കുന്നത്. ഇന്‍ഫോര്‍മേഷന്‍ സെന്ററിലും ഉച്ചഭാഷിണിയിലും അറിയിച്ചതൊക്കെ തീവണ്ടി എത്തുമ്പോള്‍ മാറിമറിയും.
ഞായറാഴ്ച രാവിലെ 6.25ന് മംഗലാപുരത്തേയ്ക്കുള്ള പരശുറാം എക്സ്പ്രസ് അഞ്ചാം പ്ലാറ്റ്ഫോമില്‍ എത്തുമെന്നായിരുന്നു അറിയിപ്പ്. ഓണാവധിക്ക് മുന്നേ ആയിരുന്നതിനാല്‍ ദീര്‍ഘദൂര യാത്രക്കാരായിരുന്നു ഏറെയും. പെട്ടിയും ബാഗുകളുമായി യാത്രക്കാര്‍ അഞ്ചാം പ്ലാറ്റ്ഫോമിലെത്തി കാത്തുനിന്നു.
6.30 കഴിഞ്ഞിട്ടും തീവണ്ടി എത്തിയില്ല. ഒന്നാം പ്ലാറ്റ്ഫോമിലേക്ക് ശബരി എത്തുമെന്ന അറിയിപ്പ് ഇതിനിടെ എത്തി. തൊട്ടുപിന്നാലെ അടുത്ത അറിയിപ്പ്. നാഗര്‍കോവിലില്‍ നിന്നുള്ള പരശുറാം എക്സ്പ്രസ് രണ്ടാം പ്ലാറ്റ്ഫോമിലേക്ക് ഉടന്‍ എത്തിച്ചേരും. ഇതു കേട്ട യാത്രക്കാര്‍ രണ്ടാം പ്ലാറ്റ്ഫോമിലേക്ക് ഓട്ടം തുടങ്ങി. മേല്‍പാലത്തിലും യന്ത്ര ഗോവണിയിലും തിരക്കായി.
കുട്ടികളുമായി എത്തിയ സ്ത്രീകളും വൃദ്ധരുമൊക്കെ രണ്ടാം പ്ലാറ്റ്ഫോമിലേക്ക് ഓടി. പരശുറാം സ്റ്റേഷനില്‍ എത്തിക്കഴിഞ്ഞിട്ടാണ് പലര്‍ക്കും രണ്ടാം പ്ലാറ്റ്ഫോമില്‍ എത്തിപ്പറ്റാനായത്. പ്ലാറ്റ്ഫോം ഒഴിവില്ലാത്തത് കൊണ്ടുള്ള ക്രമീകരണമായിരുന്നില്ല. പരശുറാം കൊല്ലം ഭാഗത്തേയ്ക്ക് പുറപ്പെട്ടിട്ടും അഞ്ചാം പ്ലാറ്റ്ഫോം ഒഴിഞ്ഞ് കിടക്കുകയായിരുന്നു.
ഇന്‍ഫോര്‍മേഷന്‍ സംവിധാനത്തിലെയും സ്റ്റേഷന് ട്രാഫിക് കണ്‍ട്രോളിലെയും ജീവനക്കാര്‍ തമ്മിലുള്ള ആശയ വിനിമയത്തിലെ പാളിച്ചയാണ് യാത്രക്കാരെ വലച്ചത്. ഏത് ലൈനിലേക്ക് തീവണ്ടി സ്വീകരിക്കണമെന്ന് തീരുമാനിക്കുന്നത് സ്റ്റേഷന് മാസ്റ്ററുടെ ഓഫീസില്‍ നിന്നാണ്. ഈ വിവരം പബ്ലിക് ഇന്‍ഫോര്‍മേഷന്‍ സെന്ററിലേക്ക് നല്‍കും. തുടര്‍ന്ന് അനൗണ്‍സ് ചെയ്യും. ഇതിലുണ്ടാകുന്ന പാളിച്ചകളാണ് യാത്രക്കാരെ സ്ഥിരം ഓടിക്കുന്നത്.