ഇ-ടെന്‍ഡര്‍: വ്യവസായ വകുപ്പ് ഉറപ്പിച്ചത് 1712 കോടിയുടെ കരാര്‍
Posted on: 24 Aug 2015
എം.ബഷീര്‍
തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലെ 43 പൊതുമേഖലാ സ്ഥാപനങ്ങള്‍ 2012 ആഗസ്ത് ഒന്നുമുതല്‍ ഇക്കഴിഞ്ഞ മാസം 14 വരെ ഇ- ടെന്‍ഡര്‍ വഴി അനുവദിച്ചത് 1712.05 കോടി രൂപയുടെ കരാര്‍. 4614 ടെന്‍ഡര്‍ വഴിയാണ് വിവിധ വാങ്ങലുകള്‍ക്കും വില്പനയ്ക്കുമായി ഇത്രയും തുകയുടെ കരാര്‍ ഇ-ടെന്‍ഡര്‍ വഴി ഉറപ്പിച്ചിരിക്കുന്നത്. ഈ കാലയളവില്‍ വിളിച്ച 11703 ഇ- ടെന്‍ഡറുകളിലാണ് ഇത്രയും എണ്ണം അവാര്‍ഡ് ചെയ്തത്. 4907.64 കോടി രൂപയുടെ ഇ-ടെന്‍ഡറാണ് ഈ കാലയളവില്‍ വിളിച്ചിട്ടുള്ളത്. സിഡ്കോ 245 ടെന്‍ഡറുകള്‍ വിളിച്ച് 556.88 കോടി രൂപയുടെ ഇടപാടുകള്‍ക്ക് കരാറുണ്ടാക്കി പൊതുമേഖലാ സ്ഥാപനങ്ങളില്‍ മുന്നിലെത്തി. സംസ്ഥാന ഐ.ടി. മിഷനും നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്സ് സെന്ററും ചേര്‍ന്നാണ് ഇ- ടെന്‍ഡര്‍ സംവിധാനം സാധ്യമാക്കുന്നത്. ടെന്‍ഡര്‍ പ്രസിദ്ധീകരിക്കുന്നതും തുറക്കുന്നതും നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്സ് സെന്ററും ടെന്‍ഡര്‍ അംഗീകരിക്കുന്നത് അതത് പൊതുമേഖലാ സ്ഥാപനവുമാണ്.
ഇക്കാലയളവില്‍ 4907.64 കോടി രൂപയുടെ 11703 ടെന്‍ഡറുകള്‍ പ്രസിദ്ധീകരിച്ചതില്‍ 9328 ടെന്‍ഡറുകളാണ് ഇതുവരെ തുറന്നിട്ടുള്ളത്. 3303.11 കോടി രൂപയുടേതാണിത്. ഇതില്‍ 1712.5 കോടി രൂപയുടെ 4614 ടെന്‍ഡറുകളാണ് ഇതുവരെ അംഗീകരിച്ചിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ തുകയുടെ കരാര്‍ നല്‍കിയത് സിഡ്കോയാണ്. 572 ടെന്‍ഡറുകള്‍ പ്രസിദ്ധീകരിച്ചതില്‍ 556.88 കോടി രൂപയുടെ 245 ടെന്‍ഡറുകളാണ് ഈ പൊതുമേഖലാ സ്ഥാപനം ഇതുവരെ അംഗീകരിച്ചത്. കേരളാ മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് 641 ടെന്‍ഡറുകള്‍ കരാറാക്കിയെങ്കിലും തുക 282.85 കോടി രൂപയുടേതുമാത്രമാണ്. മലബാര്‍ സിമന്റ്സ് 255 ടെന്‍ഡറുകളിലൂടെ 241.31 കോടി രൂപയുടെ കരാറുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. കെല്‍ട്രോണാകട്ടെ 438 ടെന്‍ഡറുകളിലൂടെ 84.51 കോടിയുടെ കരാറുകള്‍ അംഗീകരിച്ചു.
ഇലക്ട്രോണിക് ടെന്‍ഡറുകളിലൂടെ വന്‍തുകയുടെ ഇടപാടുകള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ചിലത് അംഗീകാരം നല്കിയപ്പോള് ഈ കാലയളവില്‍ ടെന്‍ഡറുകള്‍ വിളിച്ചിട്ടും കരാറുകളൊന്നും ഉണ്ടാക്കാത്ത നിരവധി സ്ഥാപനങ്ങളുമുണ്ട്. ആലപ്പുഴ കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍ 47 ടെന്‍ഡറുകള്‍ വിളിച്ചെങ്കിലും ഒരെണ്ണത്തിനുപോലും അംഗീകാരം നല്‍കിയിട്ടില്ല. കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് 67 ടെന്‍ഡറുകളും ഹാന്റിക്രാഫ്റ്റ്സ് െഡവലപ്മെന്റ് കോര്പ്പറേഷന് 4 ടെന്‍ഡറുകളും വിളിച്ചിരുന്നുവെങ്കിലും അവരും ഒരെണ്ണം പോലും അവാര്‍ഡ് ചെയ്തിട്ടില്ല. ടൈറ്റാനിയം 470 ടെന്‍ഡറുകള്‍ വിളിച്ചെങ്കിലും വളരെ ചെറിയ തുകയുടെ ടെന്‍ഡര്‍ മാത്രമേ കരാറാക്കിയിട്ടുള്ളൂ. കെ.എസ്.ഐ.ഡി.സി. ഏഴ് ടെന്‍ഡറുകള്‍ പ്രസിദ്ധീകരിക്കുകയും അഞ്ച് ടെന്‍ഡറുകള്‍ അംഗീകരിച്ച് 37 കോടി രൂപയുടെ കരാറുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അഞ്ച് ലക്ഷത്തിന് മുകളിലുള്ള എല്ലാ ടെന്‍ഡറുകളും ഇപ്പോള്‍ ഇ-ടെന്‍ഡറിങ് വഴിയാണ് നടത്തുന്നത്.
വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇ-ടെന്‍ഡറിങ് രംഗത്ത് മികച്ച പ്രകടനം കാഴ്ച െവയ്ക്കുന്നവയ്ക്ക് ഡിജിറ്റല്‍ പി.എസ്.യു. എന്ന ബ്രാന്‍ഡ്നാമം നല്കുന്നതിനെപ്പറ്റിയും വകുപ്പ് ആലോചിക്കുന്നുണ്ട്. ഇ-ടെന്‍ഡറിങ് നടപ്പായതിലൂടെ ടെന്‍ഡറുകള്‍ സുതാര്യമാവുകയും പണമിടപാടുകള്‍ സുതാര്യവും സുരക്ഷിതമാവുകയും ചെയ്തിട്ടുമുണ്ട്.