മാറിനല്‍കിയ മരുന്നിന് വില 5300ല്‍ അധികം: മടക്കിനല്‍കുന്നില്ലെന്ന് പരാതി
Posted on: 23 Aug 2015
തിരുവനന്തപുരം: എസ്.എ.ടി. ആശുപത്രിയില്‍ നിന്നും ഡോക്ടര്‍ നല്കിയ കുറിപ്പിലെ മരുന്നിന് വിരുദ്ധമായി ആശുപത്രിക്കുള്ളിലെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും നല്‍കിയത് മറ്റൊരു മരുന്ന്. വില 5300 രൂപയോളം അധികം. മരുന്ന് മാറ്റിനല്‍കാനുള്ള ആവശ്യം മെഡിക്കല്‍ സ്റ്റോര്‍ നടത്തിപ്പുകാര്‍ അംഗീകരിക്കുന്നില്ലെന്ന് പരാതി.
പാറശ്ശാല മര്യാപുരം സ്വദേശി ഡി. സാംപീറ്ററിന്റെ ഭാര്യ റോസ്ലെറ്റിന്റെ പ്രസവാനന്തര ചികിത്സയ്ക്ക് വാങ്ങിയ മരുന്നിലാണ് ഭീമമായ നഷ്ടമുണ്ടായത്. എസ്.എ.ടി. ആശുപത്രിയിലെ ഇന്‍ ഹൗസ് ഡ്രഗ് ബാങ്കില്‍ നിന്നാണ് സാംപീറ്റര് മരുന്ന് വാങ്ങിയത്. ഡോക്ടര്‍ കുറിച്ചുനല്‍കിയത് പ്രോസ്റ്റോഡിന് എന്ന ഇഞ്ചക്ഷനായിരുന്നു. ഇതിന് പകരം പ്രോസ്റ്റാഗ്ലാന്റിന്‍ എന്ന ഇഞ്ചക്ഷനാണ് ഡ്രഗ് ബാങ്കില്‍ നിന്ന് നല്‍കിയത്. മരുന്ന് മാറിയതായി ഡോക്ടര്‍ രോഗിയെ അറിയിച്ചിരുന്നു. ഡോക്ടര്‍ കുറിച്ച മരുന്നിന് 93.50 രൂപ വില വരുമെന്നാണ് രോഗിയെ അറിയിച്ചത്. എന്നാല്‍ പകരം നല്കിയ മരുന്നിന്റെ വില 5465 രൂപയായിരുന്നു. വിലയില്‍ 906 രൂപ ഡിസ്ക്കൗണ്ട് നല്കിയ ശേഷമാണ് ഈ തുക നല്‍കിയത്. മരുന്ന് മടക്കി നല്കിയപ്പോള് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് ഡ്രഗ് ബാങ്ക് അധികൃതര്‍ പറഞ്ഞുവത്രെ. തുക മടക്കിക്കിട്ടാന്‍ ആവശ്യപ്പെട്ട് സാംപീറ്റര് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കുമെന്ന് സാംപീറ്റര് അറിയിച്ചു.