ശ്രീകാര്യംകോട് പാലംപണി അവതാളത്തില്‍
Posted on: 23 Aug 2015
വെള്ളറട: നിരവധി നിവേദനങ്ങള്‍ക്കൊടുവില്‍ ഫണ്ട് അനുവദിച്ചിട്ടും പാലം നിര്‍മ്മാണം വൈകുന്നതായി നാട്ടുകാരുടെ പരാതി. കുന്നത്തുകാല്‍ ഗ്രാമപ്പഞ്ചായത്തിലെ കൈവന്‍കാല വാര്‍ഡിലെ ശ്രീകാര്യംകോട് പാലംപണിയാണ് അധികൃതരുടെ അനാസ്ഥകാരണം ചുവപ്പ്നാടയില്‍ കുരുങ്ങിയത്.
ശ്രീകാര്യംകോടിലെയും, പരിസരപ്രദേശങ്ങളിലെയും നിവാസികളുടെ ഏക ആശ്രയമാണ് ഈ പാലം. മഴക്കാലങ്ങളില്‍ ചിറ്റാര്‍ നിറയുമ്പോള്‍ ഈ പ്രദേശത്തെ ആളുകളുടെ യാത്ര ദുരിതത്തിലാകും. വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ പോകാന്‍ കഴിയാറില്ല. രോഗികളെ ആശുപത്രികളില്‍ എത്തിക്കാന്‍ അധികദൂരം സഞ്ചരിക്കേണ്ടി വരും. നിരവധി നിവേദനങ്ങള്‍ നല്‍കിയതിനൊടുവില്‍ എം.പി. ഫണ്ടില്‍ നിന്നും 15ലക്ഷം രൂപ ഒന്നര വര്‍ഷം മുമ്പ് അനുവദിച്ചു. നാട്ടുകാര്‍ സംഘടിച്ച് ഇരുത്തിമൂല-അരുവിയോട് റോഡ് മുതല്‍ പാലം എത്തുന്നത് വരെയുള്ള ഭാഗത്ത് റോഡ് നിര്‍മ്മാണവും നടത്തി. പാലംപണി വൈകിയതിനെ തുടര്‍ന്ന് തിരക്കിയപ്പോള്‍ പുതുതായി നിര്‍മ്മിച്ച റോഡ് പഞ്ചായത്ത് രേഖകളില്‍ ഉള്പ്പെട്ടിട്ടില്ലെയെന്നെ വാദമാണ് അധികൃതര്‍ ഉന്നയിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. രാഷ്ട്രീയചേരിതിരിവാണ് പാലം പണി അവതാളത്തിലാകാന്‍ കാരണമെന്നും ആരോപണമുണ്ട്.