ഗണേശവിഗ്രഹ ഘോഷയാത്ര 25ന്‌

Posted on: 23 Aug 2015



തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 16ന് ആരംഭിച്ച ഗണേശോത്സവ ആഘോഷങ്ങള്‍ 25ന് അവസാനിക്കും. ഇതിനോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനവും ഗണേശവിഗ്രഹ ഘോഷയാത്രയും 25ന് വൈകീട്ട് തലസ്ഥാനത്ത് നടക്കും.
ജില്ലയിലെ 1008 പ്രതിഷ്ഠാ കേന്ദ്രങ്ങളിലും 54000 വീടുകളിലും ഒമ്പത് ദിവസം പൂജ ചെയ്ത ഗണേശ വിഗ്രഹങ്ങള്‍ വൈകീട്ട് മൂന്ന് മണിയോടുകൂടി പഴവങ്ങാടി ഗണപതിക്ഷേത്രത്തില്‍ എത്തിച്ചേരും. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജി.മാധവന്‍ നായരുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഘോഷയാത്ര മന്ത്രി രമേശ് ചെന്നിത്തലയും സാംസ്‌കാരിക സമ്മേളനം മന്ത്രി എ.പി.അനില്‍കുമാറും ഉദ്ഘാടനം ചെയ്യും. ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റി ഏര്‍പ്പെടുത്തിയ മിന്നല്‍ പരമശിവന്‍ നായര്‍ പുരസ്‌കാരം മന്ത്രി വി.എസ്.ശിവകുമാര്‍ സായിഗ്രാം ഡയറക്ടര്‍ അനന്ദകുമാറിന് നല്‍കും. ഇന്ത്യന്‍ ക്രിക്കറ്റര്‍ ശ്രീശാന്ത് ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. സാമുവല്‍ മാര്‍ ഐറിണോസ് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും.
തുടര്‍ന്ന് പഴവങ്ങാടി ഗണപതിക്ഷേത്രത്തില്‍ നിന്ന് എത്തിക്കുന്ന ദീപം ഗണേശ വിഗ്രഹത്തിന് മുന്നില്‍ തെളിയിക്കുന്നതോടെ വര്‍ണ്ണാഭമായ ഘോഷയാത്ര ആരംഭിക്കും. കിഴക്കേക്കോട്ടയില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ഓവര്‍ബ്രിഡ്ജ്, ആയുര്‍വേദ കോളേജ്, സ്റ്റാച്യൂ, പാളയം, ജനറല്‍ ആശുപത്രി, പേട്ട, ചാക്ക, ഓള്‍സെയിന്റ്‌സ് വഴി ശംഖുംമുഖം ആറാട്ടുകടവില്‍ എത്തിച്ചേരും.
ശംഖുംമുഖത്ത് ഗണേശവിഗ്രഹ നിമഞ്ജനത്തോടനുബന്ധിച്ച് നടക്കുന്ന സമാപന സമ്മേളനം നടന്‍ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ശംഖുംമുഖത്ത് 1008 നാളികേരം കൊണ്ടുള്ള ഗണപതിഹോമവും പ്രത്യേക പൂജയും നടക്കും. പൂജാ ചടങ്ങുകള്‍ക്ക് മിത്രന്‍ നമ്പൂതിരിപ്പാട് നേതൃത്വം നല്‍കും. പൂജകള്‍ക്കുശേഷം ഗണേശ വിഗ്രഹങ്ങള്‍ കടലില്‍ നിമഞ്ജനം ചെയ്യും.
പത്രസമ്മേളനത്തില്‍ ആഘോഷകമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി ജി.ജയശേഖരന്‍ നായര്‍, ദിനേശ് പണിക്കര്‍, ജോണ്‍സണ്‍ ജോസഫ്, വിജയകുമാര്‍, ശിവജി ജഗന്നാഥന്‍, ശാസ്തമംഗലം മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram