നെയ്യാര്‍ കനാലില്‍ കട്ടിലില്‍ കിടന്ന് എം.എല്‍.എ.യുടെ പ്രതിഷേധം
Posted on: 23 Aug 2015
നെയ്യാറ്റിന്‍കര: രണ്ട് മാസം മുന്‍പ് പെരുങ്കടവിളയ്ക്ക് സമീപം മണ്ണറക്കോണത്ത് നെയ്യാര്‍ ഇടതുകര കനാലില്‍ കുന്നിടിഞ്ഞ് മൂടിപ്പോയ മണ്ണ് നീക്കം ചെയ്തില്ല. ഇതുകാരണം പഞ്ചായത്തിലെ പ്രദേശങ്ങളില്‍ കുടിവെള്ളവും ജലസേചനവും പൂര്‍ണമായും മുടങ്ങിയതില്‍ പ്രതിഷേധിച്ച് എ.ടി.ജോര്‍ജ് എം.എല്‍.എ.യും ജനപ്രതിനിധികളും കനാലില്‍ കട്ടിലിട്ട് കിടന്ന് പ്രതിഷേധിച്ചു. ശനിയാഴ്ച രാവിലെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ജൂണ്‍ 13ന് രാത്രിയിലാണ് കനത്തമഴയില്‍ ഇരുപത് അടിയോളം ഉയരത്തിലുള്ള കുന്നിടിഞ്ഞ് പെരുങ്കടവിള പഞ്ചായത്ത് പാല്‍ക്കുളങ്ങര വാര്‍ഡിലെ മണ്ണറക്കോണം ഭാഗത്തെ നെയ്യാര്‍ ഇടതുകര കനാലില്‍ മണ്ണ് മൂടിപ്പോയത്. അന്ന് മുതല്‍ ഈ കനാല്‍ വഴിയുള്ള ജലസേചനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇതുകാരണം ഒന്‍പത് പഞ്ചായത്ത് പ്രദേശത്തും നെയ്യാറ്റിന്‍കര നഗരസഭാ പ്രദേശത്തും ജലസേചനം മുടങ്ങിയിരുന്നു. കനാലിലെ മണ്ണ് നീക്കി ജലസേചനം പുനരാരംഭിക്കണമെന്ന് പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ എ.ടി.ജോര്‍ജ് എം.എല്‍.എ.യും പഞ്ചായത്ത് പ്രസിഡന്റുമാരും മറ്റ് ജനപ്രതിനിധികളും മണ്ണറക്കോണത്ത് കനാലില്‍ കട്ടിലിട്ട് കിടന്ന് പ്രതിഷേധിച്ചത്.
കനാലില്‍ നിന്ന് മണ്ണ് നീക്കാത്തത് കാരണം പാറശ്ശാല, കുളത്തൂര്‍, പെരുങ്കടവിള, കാരോട്, ചെങ്കല്‍, അതിയന്നൂര്‍, ആര്യങ്കോട്, കള്ളിക്കാട്, കുന്നത്തുകാല്‍ പഞ്ചായത്തുകളിലും നെയ്യാറ്റിന്‍കര നഗരസഭ പ്രദേശത്തുമാണ് ജലസേചനം മുടങ്ങിയിരുന്നത്. ജലസേചനം മുടങ്ങിയത് കാരണം കനാലിലെ വെള്ളത്തെ ആശ്രയിച്ച് പ്രവര്‍ത്തിച്ചിരുന്ന കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനവും നിലച്ചിരുന്നു. മാത്രവുമല്ല കനാല്‍ വെള്ളത്തെ ആശ്രയിച്ച് ഊറ്റുണ്ടായിരുന്ന കിണറുകളിലും ജലനിരപ്പ് താഴ്ന്നു. ഈ സാഹചര്യത്തിലാണ് കനാലിലെ മണ്ണ് നീക്കണമെന്ന ആവശ്യവുമായി എം.എല്‍.എ. പ്രതിഷേധവുമായി എത്തിയത്.
രണ്ടുമാസങ്ങള്‍ക്ക് ശേഷം മണ്ണ് നീക്കാന്‍ ഒരു വ്യക്തിക്ക് കരാര്‍ ലഭിച്ചിരുന്നു. എന്നാല്‍ സാങ്കേതിക കാര്യങ്ങള്‍ നിരത്തി മണ്ണ് നീക്കാന്‍ കരാറുകാരനെ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. ഇതിനെ തുടര്‍ന്ന് ശനിയാഴ്ച കനാലില്‍ മണ്ണ് മൂടിപ്പോയ മണ്ണറക്കോണത്ത് എ.ടി.ജോര്‍ജ് എം.എല്‍.എ.യും പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് അമ്പലത്തറയില്‍ ഗോപകുമാര്‍, പാറശ്ശാല പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റല്‍ ഷീബ എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും എത്തി. തുടര്‍ന്നായിരുന്നു നാടകീയമായി എം.എല്‍.എ. കനാലില്‍ കട്ടിലിട്ട് കിടന്ന് പ്രതിഷേധിച്ചത്. എം.എല്‍.എയ്ക്കൊപ്പം മറ്റു ജനപ്രതിനിധികളും പ്രതിഷേധത്തില്‍ കൂടി.
പ്രതിഷേധത്തെ തുടര്‍ന്ന് മൈനര്‍ ഇറിഗേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി എം.എല്‍.എ.യുമായി ചര്‍ച്ച നടത്തി. ഉച്ചയോടെ കരാറുകാരനെ വിട്ട് മണ്ണ് നീക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്കി. ഇതിനെ തുടര്‍ന്നാണ് എം.എല്‍.എ. പ്രതിഷേധം അവസാനിപ്പിച്ചത്. ഓണത്തിന് മുന്‍പായി മണ്ണ് നീക്കി ജലസേചനം പുനരാരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്കി. വൈസ് പ്രസിഡന്റ് കൊല്ലിയോട് സത്യനേശന്, പഞ്ചായത്ത് അംഗങ്ങളായ കാനക്കോട് ബാലരാജ്, കുസുമം, ലാലി, വസന്തകുമാരി, ഷീലാമണി, സുധാഭായി എന്നിവരും എം.എല്‍.എയ്ക്കൊപ്പം പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു.