പ്രവര്‍ത്തനമികവില്‍ വര്‍ക്കല ചെമ്മീന്‍ ഹാച്ചറി
Posted on: 23 Aug 2015
വര്‍ക്കല: ലാഭത്തിന്റെ പ്രവര്‍ത്തനമികവുമായി വര്‍ക്കല ചെമ്മീന്‍ ഹാച്ചറി ഒമ്പതാം വര്‍ഷത്തിലേക്ക്. വര്‍ക്കല തിരുവമ്പാടി ബീച്ചിന് സമീപം ഫിഷറീസ് വകുപ്പിന്റെ അഞ്ചര ഏക്കര്‍ സ്ഥലത്താണ് ഹാച്ചറിയുടെ പ്രവര്‍ത്തനം.
ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള ഏജന്‍സി ഫോര്‍ െഡവലപ്മെന്റ് അക്വാകള്‍ച്ചര്‍ കേരളയുടെ(അഡാക്) നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഹാച്ചറി കഴിഞ്ഞ അഞ്ചുവര്‍ഷമായി തുടര്‍ച്ചയായി ലാഭമുണ്ടാക്കുന്നു. 2013-14 വര്‍ഷത്തില്‍ 12 ലക്ഷവും 2014-15 വര്‍ഷത്തില്‍ 10 ലക്ഷവുമായിരുന്നു ലാഭം. കാരചെമ്മീനുകളെ ഉല്പാദിപ്പിക്കുന്നതിനായി 2006ലാണ് ഹാച്ചറി ഉദ്ഘാടനം ചെയ്തത്. 2008 മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദനമാരംഭിച്ചു. വര്‍ഷം 75 ലക്ഷം കാരചെമ്മീന്കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. വര്‍ഷത്തില്‍ 80 ലക്ഷമായി ഉയര്‍ത്തിയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ചെമ്മീന്മുട്ട കൊണ്ടുവന്ന് വിരിയിപ്പിച്ച് വളര്‍ത്തി 25 ദിവസം പ്രായമുള്ള കുഞ്ഞുങ്ങളാക്കി വിവിധ പദ്ധതികളിലൂടെ കര്‍ഷകര്‍ക്ക് നല്കുകയാണിവിടെ ചെയ്യുന്നത്. നേരിട്ടെത്തിയും വാങ്ങാം. നിരവധിപ്പേര്‍ ഈയവസരം പ്രയോജനപ്പെടുത്തുന്നുണ്ട്. മുന്‍കൂട്ടി ബുക്കുചെയ്യുന്ന വിവിധ ജില്ലകളില്‍നിന്നുള്ളവര്‍ക്ക് കുഞ്ഞുങ്ങളെ എത്തിച്ചുകൊടുക്കുന്നുമുണ്ട്.
ആറ്റുകൊഞ്ച് ഉല്പാദിപ്പിക്കുന്ന ഹാച്ചറിയും ഇവിടെ പ്രവര്‍ത്തിക്കുന്നു. മുട്ടയുള്ള കൊഞ്ചിനെ കൊണ്ടുവന്ന് മുട്ട വിരിയിച്ച് 30 ദിവസം പ്രായമുള്ള കുഞ്ഞുങ്ങളാക്കി നല്‍കും. ഞണ്ടിന്റെ കുഞ്ഞുങ്ങളുടെ ഉല്പാദനവും നടന്നുവരുന്നു. കരിമീന്‍, അലങ്കാരമത്സ്യം എന്നിവയുടെ കുഞ്ഞുങ്ങളെയും പരീക്ഷണാര്‍ത്ഥം ഉല്പാദിപ്പിച്ച് ആവശ്യക്കാര്‍ക്ക് വിതരണംചെയ്യുന്നു. പൂമീന്‍, തിരുത, കളാഞ്ചി തുടങ്ങിയ കടല്‍മത്സ്യങ്ങളെ ഉല്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് നല്‍കാനുള്ള പദ്ധതി തയ്യാറായിവരുന്നു.
ചെമ്മീന്‍കുഞ്ഞുങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള പി.സി.ആര്. ലാബും ഇവിടെയുണ്ട്. മാനേജര്‍, രണ്ട് ടെക്നിക്കല്‍ ഓഫീസര്‍മാര്‍, രണ്ട് പി.സി.ആര്. ലാബ് സ്റ്റാഫ്, 9 ജീവനക്കാരുള്‍പ്പെടെ 15 പേരാണ് ഹാച്ചറിയിലുള്ളത്. വര്‍ഷത്തില്‍ ആഗസ്ത് മുതല്‍ മെയ് വരെ 10 മാസം ഹാച്ചറി പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുമെന്ന് ഹാച്ചറി മാനേജര്‍ ഇ.മുജീബ് പറഞ്ഞു. ഫിഷറീസ് വകുപ്പ് പൊന്നുംവിലയ്ക്കെടുത്ത ഭൂമി പരിപൂര്‍ണമായി വിനിയോഗിച്ചാണ് ഹാച്ചറി പ്രവര്‍ത്തിച്ചുവരുന്നത്. അഡാക്കിന്റെ നേതൃത്വത്തില്‍ സപ്തംബറില്‍ കാണികള്‍ക്കായി തുറന്നുകൊടുക്കുന്ന അക്വേറിയവും ഹാച്ചറി വളപ്പിലാണുള്ളത്.