വൈദ്യുതി ബോര്‍ഡില്‍ കാരുണ്യത്തിന്റെ ഓണാഘോഷം
Posted on: 23 Aug 2015
തിരുവനന്തപുരം: അവയവദാനത്തിനുള്ള സമ്മതപത്രം നല്‍കിയും റീജണല്‍ കാന്‍സര്‍ സെന്ററിലെ രോഗികള്‍ക്ക് സഹായം നല്‍കിയും വൈദ്യുതിബോര്‍ഡ് ജീവനക്കാര്‍ ഓണാഘോഷത്തിന് തുടക്കമിട്ടു. 4.15 ലക്ഷം രൂപയാണ് കാന്‍സര്‍ സെന്ററിന് നല്‍കിയത്. ചെയര്മാന് എം.ശിവശങ്കര്‍ ഈ തുകയ്ക്കുള്ള ചെക്ക് ആര്.സി.സി.യിലെ ഡോ. വിജയലക്ഷ്മിക്ക് കൈമാറി. കാന്‍സര്‍ ബാധിതനായ ഷിന്റു എന്ന കുട്ടിയുടെ ചികിത്സയ്ക്കായി 70,000 രൂപയും നല്കി. ചലച്ചിത്രതാരം കോട്ടയം നസീര്‍ യോഗത്തില്‍ മുഖ്യാതിഥിയായിരുന്നു. യോഗത്തില്‍ 250ഓളം വൈദ്യുതിഭവന് ജീവനക്കാര്‍ ഒപ്പിട്ട അവയവദാന സമ്മതപത്രം മെഡിക്കല്‍ കോേളജ് സൂപ്രണ്ട് ഡോ. മോഹന്‍ദാസ് ഏറ്റുവാങ്ങി. രക്തദാനത്തില്‍ 55 ജീവനക്കാര്‍ പങ്കെടുത്തു. ജനറേഷന് ആന്‍ഡ് എച്ച്.ആര്.എം. ഡയറക്ടര്‍ സി.വി.നന്ദന് രക്തം നല്കി രക്തദാനം ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി. ഡയറക്ടര്‍മാരായ ബി.നീന, ഡോ. ഒ.അശോകന്, ആര്.സി.സി. പി.ആര്.ഒ. സുരേന്ദ്രന് ചുനക്കര, കെ.എസ്.ഇ.ബി. ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എസ്.ഡി.പ്രിന്‍സ്, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ സി.ബാബു എന്നിവര്‍ സംസാരിച്ചു. 41 റീജണല്‍ കാന്‍സര്‍ സെന്ററിനുള്ള ധനസഹായം വൈദ്യുതിബോര്‍ഡ് ചെയര്മാന് എം.ശിവശങ്കര്‍ ആര്.സി.സി.യിലെ ഡോക്ടര്‍ വിജയലക്ഷ്മി, പി.ആര്.ഒ. സുരേന്ദ്രന് ചുനക്കര എന്നിവര്‍ക്ക് കൈമാറുന്നു