ചുള്ളാളം 'എസ്' വളവില്‍ വീണ്ടും ലോറിമറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്‌

Posted on: 22 Aug 2015



വെഞ്ഞാറമൂട്: ചുള്ളാളം 'എസ്' വളവില്‍ വീണ്ടും ലോറി കുഴിയിലേക്ക് മറിഞ്ഞു. ഡ്രൈവറും സഹായിയുമടക്കം രണ്ടുപേര്‍ക്ക് പരിക്കുപറ്റി. ഡ്രൈവര്‍ തൊളിക്കോട് സ്വദേശി രാജപ്പന്‍, സഹായി പാരിപ്പള്ളി സ്വദേശി സജീവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച രാവിലെ 8 മണിക്കായിരുന്നു സംഭവം. വെഞ്ഞാറമൂട് നിന്ന് നെടുമങ്ങാട്ടേയ്ക്ക് കമ്പി കയറ്റി വരികയായിരുന്നു. കൊടുംവളവ് കയറിയപ്പോള്‍ തെന്നി 15 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ഈ വളവില്‍ അശാസ്ത്രീയമായി റോഡുപണി നടത്തിയത് കൊണ്ട് നിരവധി അപകടങ്ങളാണ് ഉണ്ടായിരിക്കുന്നത്. കുറച്ചുദിവസം മുമ്പ് മൂന്നുവാഹനങ്ങള്‍ ഇവിടെ മറിഞ്ഞിരുന്നു.
കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് പ്രൈവറ്റ് ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക് പറ്റിയിരുന്നു. അന്നുമുതല്‍ തന്നെ റോഡുപണിയുടെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ ഇതിന് ഒരു പരിഹാരവുമുണ്ടായിട്ടില്ല.
പരിക്കേറ്റവരെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

More Citizen News - Thiruvananthapuram