സംസ്ഥാനപുരസ്കാരത്തിന് പിന്നാലെ വി.എസ്.അശോകിന് ദേശീയ അധ്യാപക പുരസ്കാരവും
Posted on: 22 Aug 2015
വെഞ്ഞാറമൂട്: കുട്ടികളുടെ പ്രിയപ്പെട്ട അശോക് സാറിന് ഓണസമ്മാനം അധ്യാപക ദേശീയ പുരസ്കാരത്തിന്റെ രൂപത്തിലാണ് വന്നണഞ്ഞിരിക്കുന്നത്. കഴിഞ്ഞ ഓണത്തിന് വി.എസ്. അശോകിന് ലഭിച്ചത് മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാരമായിരുന്നു.
വാമനപുരം സര്‍ക്കാര്‍ സ്കൂളിലെ പ്രഥമാധ്യാപകനായ വി.എസ്. അശോകിന്റെ പുരസ്കാരലബ്ധിയില്‍ ഒരു ഗ്രാമം മുഴുവന്‍ ആനന്ദം കൊള്ളുകയാണ്. കുട്ടികള്‍ കൊഴിഞ്ഞ് അടച്ചുപൂട്ടാറായിക്കിടന്ന വാമനപുരം സര്‍ക്കാര്‍ എല്‍.പി. എസിനെ സമാനതകളില്ലാത്ത നേട്ടങ്ങളിലേക്ക് എത്തിച്ചതിനു കിട്ടിയ അംഗീകാരമാണിത്.
വാമനപുരം 'വാത്സല്യത്തില്‍' വി.എസ്. അശോക് 2007 ലാണ് വാമനപുരം സര്‍ക്കാര്‍ സ്കൂളിലെ മേലധികാരിയാകുന്നത്. അതിനുമുമ്പ് കുറച്ചുനാള്‍ ഈ സ്കൂളിലും പാറയ്ക്കല്‍, നെല്ലനാട്, പിരപ്പന്‍കോട്, വര്‍ക്കല സ്കൂളുകളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വാമനപുരം സ്കൂളിലെത്തുമ്പോള്‍ കുട്ടികള്‍ കുറഞ്ഞുകൊണ്ടിരുന്ന വിദ്യാലയം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയായിരുന്നു. അശോക് ആദ്യം ചെയ്തത് സ്കൂളിന്റെ യഥാര്‍ത്ഥ പ്രശ്നം പഠിക്കുകയായിരുന്നു. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായത്തോടെ ഒരു ബസ് വാങ്ങി. ഇതിന് 'ജനകീയ സ്കൂള്‍ ബസ്' എന്നു തന്നെ പേരിട്ടു. അധ്യാപകരെയും രക്ഷിതാക്കളെയും നിരവധി പ്രാവശ്യം ഒരുമിച്ചുകൂട്ടി പ്രശ്നപരിഹാര പ്രവര്‍ത്തനങ്ങള്‍ ചെയ്തു. സ്കൂളിലെ ഭൗതിക സാഹചര്യങ്ങള്‍ക്ക് വേണ്ടി എല്ലാ വാതിലുകളും മുട്ടി. ഒടുവില്‍ ഓരോഭാഗത്തു നിന്നും സഹായങ്ങള്‍ വരാന്‍ തുടങ്ങി. സ്കൂളിനെ മികച്ച വിദ്യാലയ മാതൃകയില്‍ മോടിപിടിപ്പിച്ചു. പായല്‍ പിടിച്ച് വെറുപ്പുതോന്നുമാറായി കിടന്ന ചുമരുകളില്‍ വര്‍ണ ചിത്രങ്ങള്‍ നിറഞ്ഞു. ക്ലാസ് മുറികളും മതിലുകളുമെല്ലം കവികളുടെയും പാഠഭാഗങ്ങളുടെയും ചിത്രങ്ങള്‍ വരച്ചു. മറ്റു സ്ഥലങ്ങളില്‍ മഹത് വചനങ്ങള്‍ സ്ഥാനം പിടിച്ചു.
പിന്നാലെ അധ്യാപകരെ സ്കൂളിനനുകൂലമാകുന്ന തരത്തില്‍ കൂടുതല്‍ കഴിവും സേവന സന്നദ്ധരുമാക്കിമാറ്റി. അച്ചടക്കം താനേ വന്നു. ക്ലാസ് മുറികള്‍ ശാസ്ത്ര പരീക്ഷണശാലകളായി, സാഹിത്യ വേദികളായി, കലാമണ്ഡപങ്ങളായി, സൗഹൃദ സദസ്സുകളായി....ഇങ്ങനെ മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് സ്കൂളിന്റെ മുഖച്ഛായ തന്നെ മാറി.
ഇംഗ്ലീഷ് പഠിപ്പിക്കാനായി ചില്‍ഡ്രന്‍ തിയേറ്റര്‍ രൂപവത്കരിച്ചു. പഠന ഭാഗങ്ങള്‍ എല്ലാം നാടകമാക്കി. കുട്ടികള്‍ തന്നെ സംവിധായകരും തിരക്കഥാകൃത്തുക്കളും കഥാപാത്രങ്ങളുമായതോടെ കുട്ടികള്‍ ഇംഗ്ലീഷ് അനായാസം പഠിക്കാന്‍ തുടങ്ങി. ഇംഗ്ലീഷ് മീഡിയത്തിലെ കുട്ടികള്‍ പറയുന്നതിനേക്കാലും നന്നായി ഇവിടത്തെ കുട്ടികള്‍ ഇംഗ്ലീഷ് പറയാന്‍ തുടങ്ങി. അതുപോലെ എല്ലാ ദിനാചരണങ്ങളും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കുട്ടികളിലൂടെ സമൂഹത്തിലെത്തിച്ചു.
മികച്ച പിന്തുണ കൊടുക്കുന്ന എസ്.എം.സി.യും പി.ടി.എ.യുമാണ് അശോകിന്റെ ഏറ്റവും വലിയ മുതല്‍ക്കൂട്ട്. ദേശീയ പുരസ്കാരം അറിഞ്ഞയുടന്‍ എം.എല്‍.എ. മാരായ കോലിയക്കോട് കൃഷ്ണന്‍നായര്‍, പാലോട് രവി എന്നിവര്‍ അശോക്സാറിനെ നന്ദിയറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നബീസത്ത് ബീവി, ജനപ്രതിനിധികളായ വാമനപുരം രവി, കുറ്റിമൂട് ബഷീര്‍, അംബിക തുടങ്ങിയവരും സ്കൂളിലെത്തി അനുമോദിച്ചു.
അശോകിനെ മികച്ച അധ്യാപകനായി തിരഞ്ഞെടുത്തപ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ഇവിടത്തെ കുട്ടികളാണ്. അവര്‍ പൂക്കളും മധുരവും നല്കി അശോക് സാറിനെ ആദരവ് അറിയിച്ചു. ആനച്ചല്‍ യു.പി.എസിലെ അധ്യാപിക വിദ്യയാണ് അശോകിന്റെ ഭാര്യ. രണ്ടു മക്കളില്‍ മൂത്തവന് രാംകേശവ് കേരളാ യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയാണ്. ഋഷി കേശവ് േലാ അക്കാഡമിയിലെ നിയമ വിദ്യാര്‍ത്ഥിയാണ്.
എന്നെ ഞാനാക്കിയ ഈ സരസ്വതി വിദ്യാലയത്തോടും വാമനപുരം ഗ്രാമത്തിനോടുമാണ് എനിക്ക് പുരസ്കാരത്തിന് നന്ദിപറയാനുള്ളതെന്ന് വി.എസ്. അശോക് പറയുന്നു. സപ്തംബര്‍ 5ന് ഡല്‍ഹി വിജ്ഞാന് ഭവനില്‍വച്ച് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങും.