കാഞ്ഞിരംകുളം: സ്വന്തം അനുജനെ കൊന്ന് ചാക്കില്‍ക്കെട്ടി കടലില്‍ തള്ളിയ സഹോദരനെ പോലീസ് അറസ്റ്റുചെയ്തു. വിഴിഞ്ഞം മുല്ലൂര്‍ ഇലഞ്ഞിക്കല്‍ വിളാകം വീട്ടില്‍ സതീഷ് കുമാര്‍(35)നെയാണ് പൂവാര്‍ സി.ഐ. ഒ.എ.സുനില്‍, കാഞ്ഞിരംകുളം എസ്.ഐ. ചന്ദ്രസേനന് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഇലഞ്ഞിക്കല്‍ വിളാകം വീട്ടില്‍ മാതൃഭൂമി വിഴിഞ്ഞം ഏജന്റ് രത്നസ്വാമിയുടെ മകന് ഷാജി(34) ആണ് കൊല്ലപ്പെട്ടത്. വിവിധ പത്രങ്ങളുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച് അറസ്റ്റിലായ പ്രതി പലരെയും ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ 17നാണ് ഷാജിയുടെ മൃതദേഹം പുല്ലുവിള കടപ്പുറത്ത് ചാക്കില്‍ക്കെട്ടിയ നിലയില്‍ അടിഞ്ഞത്. വായും കൈകാലുകളും കെട്ടി ചാക്കിനുള്ളില്‍ തലതിരിച്ച് കയറ്റിയ നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് മെഡിക്കല്‍കോളേജ് മോര്‍ച്ചറിയിലാക്കിയ മൃതദേഹം കഴിഞ്ഞദിവസം ഷാജിയുടെ അച്ഛന് രത്നസ്വാമി തിരിച്ചറിഞ്ഞു. ഇതേത്തുടര്‍ന്നാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞ് സഹോദരന് അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: കഴിഞ്ഞ 14ന് രാത്രി 11ന് വീട്ടിലെത്തിയ സതീഷിനെ, മദ്യലഹരിയിലായിരുന്ന ഷാജി അസഭ്യം പറഞ്ഞു. ഇതില്‍ പ്രകോപിതനായ സതീഷ്, ഷാജിയെ നെഞ്ചില്‍ ചവിട്ടിവീഴ്ത്തി. തുടര്‍ന്ന് ഷാജി പിറകിലേക്ക് തലയടിച്ചുവീണു. വീട്ടിനുള്ളില്‍ കയറിയ ഇയാള്‍, പുറത്തിറങ്ങുമ്പോള്‍ ബോധരഹിതനായി കിടന്ന ഷാജിയെ കണ്ടു. മരിച്ചുവെന്ന് ബോധ്യമായതിനാല്‍ വീടിന്റെ പിറകിലെത്തി ചാെക്കടുത്തു. ഒരു തോര്‍ത്തുകൊണ്ട് വായ് മൂടിക്കെട്ടുകയും മറ്റൊന്നുകൊണ്ട് കഴുത്തില്‍ മുറുക്കിക്കെട്ടുകയും ചെയ്തു. ചരടുകൊണ്ട് കൈകാലുകളും ബന്ധിച്ച് ചാക്കിനുള്ളിലാക്കി, സ്കൂട്ടറില്‍ കയറ്റി വിഴിഞ്ഞം കുരിശ്ശടി ഭാഗത്തുള്ള കടലില്‍ ഉപേക്ഷിച്ച് രാത്രി രണ്ടുമണിയോടെ തിരികെപ്പോന്നു. തുടര്‍ന്ന് ഇയാള്‍ മൃതദേഹം കരയില്‍ അടിഞ്ഞത് മുതലുള്ള കാര്യങ്ങള്‍ നിരീക്ഷിച്ചിരുന്നതായും പോലീസ് പറയുന്നു. മാത്രമല്ല, മൃതദേഹം മോര്‍ച്ചറിയില്‍ എത്തിക്കുമ്പോള്‍ ആംബുലന്‍സില്‍നിന്ന് ഇറക്കാന്‍ സഹായിക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൂടാതെ, അന്വേഷണം വഴിതെറ്റിക്കാന്‍ അച്ഛന്റെ ഫോണില്‍ ഷാജിയുടെ കൂട്ടുകാരനെന്നുപറഞ്ഞ് വിളിക്കുകയും ഷാജി എറണാകുളത്ത് ജോലിക്ക് പോയിരിക്കുകയാണെന്നുപറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ കടലിലെറിഞ്ഞ മൃതദേഹത്തില്‍നിന്ന് തിരിച്ചറിയാനുള്ള എല്ലാ തെളിവുകളും നശിപ്പിക്കുകയും ചെയ്തു. എങ്കിലും പോലീസിന്റെ വിദഗ്ദ്ധമായ അന്വേഷണത്തിലാണ് പഴുതടച്ച് പ്രതിയെ പിടിക്കാനായത്. സംഭവത്തിനുപിന്നില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിച്ചുവരുന്നതായി പൂവാര്‍ സി.ഐ. ഒ.എ.സുനില്‍ അറിയിച്ചു. അറസ്റ്റിലായ സതീഷിനെ തെളിവെടുപ്പിന് വിഴിഞ്ഞത്ത്് കൊണ്ടുവന്നു. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.