കലാമിനെ ആദരിച്ചവര്‍ കെ.ആര്. നാരായണനെ മറന്നു-വി. മുരളീധരന്
Posted on: 22 Aug 2015
തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിനെ വേണ്ടവിധം അനുസ്മരിക്കാന്‍ ശ്രമിച്ചവര്‍ കേരളീയനായ മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണനെ മറന്നുവെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പറഞ്ഞു. പട്ടികജാതി വിഭാഗത്തോട് കേരളത്തിലെ ഇടതും വലതും സര്‍ക്കാരും കാട്ടുന്ന വിവേചനത്തിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി വഞ്ചനയ്ക്കെതിരെ ബി.ജെ.പി. പട്ടികജാതി മോര്‍ച്ച നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമ്പത്തികശേഷി പരിഗണിക്കാതെയാണ് ന്യൂനപക്ഷമെന്ന പേരില്‍ ചില വിഭാഗത്തിന് ആനുകൂല്യം നല്‍കുന്നത്. പാലക്കാട് മെഡിക്കല്‍ കോളേജിന്റെ നിര്‍മാണത്തിനുള്ള തുക പട്ടികജാതി ഫണ്ടില്‍ നിന്നാണ് ചെലവിട്ടത്. എന്നാല്‍ പട്ടികജാതിയുടേതല്ലാത്ത ഒരു സൊസൈറ്റിയുടെ പേരിലാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്. അവിടെപ്പോലും പിന്നാക്കവിഭാഗത്തിനുള്ള സംവരണതത്വം പാലിച്ചില്ല. പിന്നാക്കവിഭാഗത്തിനുള്ള ആനുകൂല്യം തീരുമാനിക്കാന്‍ സര്‍ക്കാറിന് വിവേചനാധികാരമില്ല. തൊഴിലുറപ്പില്‍ സംവരണം പാലിച്ചിട്ടില്ല. യൂണിവേഴ്സിറ്റി നിയമനങ്ങളില്‍ സംവരണം പാലിക്കാത്തതിന്റെ വ്യക്തമായ വിവരങ്ങള്‍ സര്‍ക്കാറിന്റെ പക്കലുണ്ട്. മാറിവരുന്ന സര്‍ക്കാറുകള്‍ സാമ്പത്തികശേഷിയുള്ള ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുകയാണെന്ന് വി. മുരളീധരന് ആരോപിച്ചു. പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്.കെ. ചന്ദ്രന് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്, പൊന്നറ എ. അപ്പു, ഡോ. പി.പി. വാവ, കല്ലയം വിജയകുമാര്‍, കൈമനം ചന്ദ്രന്, എം. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.