നെയ്യാര്‍ മേള ഇന്നു മുതല്‍ മുനിസിപ്പല്‍ മൈതാനിയില്‍
Posted on: 21 Aug 2015
നെയ്യാറ്റിന്‍കര: കേരള വ്യാപാരി-വ്യവസായി സമിതിയുടെ നെയ്യാര്‍ മേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. 21 മുതല്‍ സപ്തംബര്‍ 6 വരെ നെയ്യാറ്റിന്‍കര മുനിസിപ്പല്‍ മൈതാനിയിലാണ് മേള. ഉദ്ഘാടനം 21ന് വൈകീട്ട് 5ന് മന്ത്രി കെ.സി.ജോസഫ് നിര്‍വഹിക്കും.
21ന് വൈകീട്ട് 4ന് നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഘോഷയാത്ര ഉണ്ടായിരിക്കും. മേളയോടനുബന്ധിച്ച് നഗരം ദീപാലംകൃതമാക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ എം.ഷാനവാസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ആദിവാസി ഊരാണ് മേളയുടെ ആകര്‍ഷണം. ഏറുമാടം, വള്ളിയൂഞ്ഞാല്‍, ആവിക്കുളി, ആദിവാസി രുചിക്കൂട്ടുകള്‍, കാട്ടുമരുന്നുകള്‍, വനവിഭവങ്ങള്‍ എന്നിവ ആദിവാസി ഊരില്‍ ഉണ്ടാകും. ഡോ. സുഷേജ് മിത്ര അവതരിപ്പിക്കുന്ന ഡ്രാമാജിക് ഫാന്റസിയാണ് മേളയുടെ മറ്റൊരാകര്‍ഷണം. 29ന് ൈവകീട്ട് 3ന് ചെങ്കല്‍ വലിയകുളത്തില്‍ വള്ളംകളി മത്സരം നടക്കും.
കട്ട് ഫ്ലവര്‍, കാര്‍വിങ് എന്നീ മത്സരങ്ങള്‍ ഉണ്ടാകും. 27ന് അത്തപ്പൂക്കള മത്സരം നടക്കും. മേളയുടെ ഭാഗമായി കാര്‍ണിവല്‍, പ്രദര്‍ശനങ്ങള്‍, പുസ്തക മേള, കലാസാംസ്കാരിക പരിപാടികള്‍ എന്നിവയും ഉണ്ടാകും.
മേളയില്‍ ലക്കി ഡ്രോയും ഉണ്ടായിരിക്കും. പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. മേള സപ്തംബര്‍ 6ന് സമാപിക്കും. പത്രസമ്മേളനത്തില്‍ എം.സുരേഷ്കുമാര്‍, കെ.ആര്.പദ്മകുമാര്‍, എം.രാജ്മോഹന്‍ എന്നിവരും പങ്കെടുത്തു.