കഴക്കൂട്ടം: സിനിമ സ്റ്റൈലില്‍ വാഹനത്തിലെ പ്രകടനങ്ങള്‍ ഒടുവില്‍ ദുരന്തത്തിലെത്തി. കലാലയ ആഘോഷങ്ങള്‍ക്കും ചുറ്റുമുള്ള യാത്രകള്‍ക്കും വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന ആണ്‍കുട്ടികളുടെ 'ഹോസ്റ്റലിന്റെ സ്വന്തം' ജീപ്പാണ് കഴിഞ്ഞ ദിവസം അപകടത്തിന് കാരണമായത്. നിയമങ്ങള്‍ മറികടന്ന് മാറ്റങ്ങള്‍ വരുത്തിയ കട്ട് ചെയ്സ് ജീപ്പ് വര്‍ഷങ്ങളായി കോളേജ് ഓഫ് എന്‍ജിനിയറിങ് ഹോസ്റ്റലിലെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്കുള്ളതാണ്. ഈ വാഹനത്തെ സംബന്ധിച്ച് നിരവധി പരാതികളും പോലീസിന് ലഭിച്ചിരുന്നു.
കെ.ബി.എഫ് 7268 എന്ന നമ്പരിലുള്ള ജീപ്പില്‍ നാല് സീറ്റുകളാണുള്ളത്. മേല്‍മൂടിയില്ല. ബ്രൗണ്‍ നിറമുള്ള വാഹനത്തിന്റെ വശങ്ങളില് ആയുധങ്ങളുടെ മാതൃകകളും പതിച്ചിരുന്നു. ഇത്തരത്തില്‍ ഒരു പച്ച ജീപ്പ് കൂടി ഹോസ്റ്റലില്‍ സൂക്ഷിക്കാറുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. ആ വാഹനവും ഘോഷയാത്രയില്‍ പങ്കെടുത്തിരുന്നു.
പതിഞ്ചോളം വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ആദ്യം ഇത് വാങ്ങിയത്. അടുത്തു വരുന്ന മുതിര്‍ന്ന കുട്ടികള്‍ക്ക് ഇത് കൈമാറി കൈമാറി വരികയായിരുന്നു പതിവ്. സിനിമ സ്റ്റൈലിലാണ് ഇതില്‍ വിദ്യാര്‍ഥികളുടെ സഞ്ചാരം. പത്തും പന്ത്രണ്ടും പേരാണ് ഒരേ സമയം ഈ ചെറിയ വാഹനത്തില്‍ സഞ്ചരിക്കുന്നത്.
ഒരു വര്‍ഷം മുമ്പ് കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍ വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ നടന്ന സമരത്തോടെയാണ് ഈ ജീപ്പ് പോലീസിന്റെ ശ്രദ്ധയിലെത്തുന്നത്. ഏറ്റുമുട്ടലിന് ആയുധങ്ങള്‍ കൊണ്ടുവന്നത് ഈ വാഹനത്തിലായിരുന്നു. പിന്നീട് ഹോസ്റ്റലിന് പിന്നിലെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
വീണ്ടും രണ്ട് തവണയിലേറെ പോലീസ് ഇത് പിടിച്ചെടുത്തിരുന്നു. അപകടകരമായ രീതിയില്‍ ഓടിച്ചതിന് പോലീസ് തന്നെ തടയുകയായിരുന്നു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലും വാഹനം കസ്റ്റഡിയില്‍ എടുത്തിരുന്നു. മോട്ടോര്‍ വാഹനവകുപ്പിനും ഈ വാഹനത്തെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഈ വാഹനം കോളേജില്‍ കയറ്റുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നതായും കോളേജ് അധികൃതര്‍ പറയുന്നു.
നിയമവിരുദ്ധമായ രീതിയില്‍ പൂര്‍ണമായും മാറ്റം വരുത്തിയതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. മൂവാറ്റുപുഴയിലാണ് വാഹനത്തിന്റെ രജിസ്ട്രേഷന്. ഇപ്പോള്‍ പുത്തന്‍തുറ സ്വദേശിയുടെ പേരിലാണ്. എന്നാല്‍ രജിസ്റ്റര്‍ ചെയ്ത ആളല്ല ഉപയോഗിക്കുന്നത്. ഇത് പല കൈമറിഞ്ഞാണ് വിദ്യാര്‍ഥികളുടെ കൈകളിലെത്തിയിട്ടുള്ളത.് 86 മോഡല്‍ വാഹനത്തിന്റെ ടയറുകളടക്കം മാറ്റം വരുത്തിയിട്ടുണ്ട്. ഇത് നിയന്ത്രണം വിട്ട് മറിയാനും അപകടത്തിനും ഇടയാക്കുമെന്നും മോട്ടോര്‍വാഹന വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.