മൂട്ട നിര്‍മാര്‍ജനം; ആയുര്‍വേദ കോളേജ് ആശുപത്രി അടയ്ക്കുന്നു
Posted on: 21 Aug 2015
തിരുവനന്തപുരം: സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് ആശുപത്രി 27 മുതല്‍ സപ്തംബര്‍ 2 വരെ അsച്ചിടും. മൂട്ട നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായാണ് ആശുപത്രി അടയ്ക്കുന്നത്. ഇതിനായി ആശുപത്രി അധികൃതര്‍ സര്‍ക്കാരിന് നല്കിയ അപേക്ഷയില്‍ അനുകൂല തീരുമാനം ഉണ്ടായതായാണ് അറിയുന്നത്.
ആശുപത്രി വാര്‍ഡുകളില്‍ മൂട്ട, കൊതുക്, പാറ്റ, എലി എന്നിവ മൂലം രോഗികളും ജീവനക്കാരും ഒരുപോലെ ബുദ്ധിമുട്ടിയിരുന്നു. വാര്‍ഡിലേയ്ക്കുള്ള പ്രവേശന കവാടങ്ങള്‍ കമ്പിവലകള്‍ കൊണ്ട് പ്രതിരോധിച്ചതിനാല്‍ എലികളെയും പെരുച്ചാഴികളെയും നിയന്ത്രിക്കാനായിട്ടുണ്ട്. ആശുപത്രിയില്‍ പാറ്റശല്യവും ഏതാണ്ട് ഇല്ലാതായിട്ടുണ്ട്.
വര്‍ധിച്ചുവരുന്ന മൂട്ട ശല്യം പരിഹരിക്കാനാകാതെ ആശുപത്രി അധികൃതര്‍. മൂട്ട ശല്യം മൂലം രാത്രിയില്‍ രോഗികള്‍ക്ക് ഉറക്കമില്ലാത്ത അവസ്ഥ. മൂട്ട കടിച്ച് ശരീരം മുഴുവന്‍ ചൊറിഞ്ഞ്, ചുവന്ന് തടിച്ച പാടുകളുമായി രോഗികളുടെ പരാതി കേട്ട് ഡോക്ടര്‍മാര്‍ മടുത്തു. മൂട്ട ശല്യം സഹിക്കാനാകാതെ ചികിത്സ മതിയാക്കി ഡിസ്ചാര്‍ജ് ചോദിച്ച് വാങ്ങിപ്പോകുന്ന രോഗികള്‍ വേറെയും.
മൂന്ന് മാസം കൂടുമ്പോള്‍ മുടങ്ങാതെ ഇവിടെ മൂട്ടകളെ നശിപ്പിക്കാന്‍ മരുന്ന് തളിക്കാറുണ്ട്. രോഗികള്‍ തിങ്ങി നിറഞ്ഞ വാര്‍ഡുകളായതിനാല്‍ വീര്യം കുറച്ചാണ് ഔഷധ പ്രയോഗം. അതുകൊണ്ട് തന്നെ മൂട്ടകള്‍ നശിക്കാറില്ല.
ഇത്തവണ രോഗികളെ മുഴുവന്‍ വീട്ടിലേയ്ക്ക് പറഞ്ഞുവിട്ട ശേഷം ഒരാഴ്ചക്കാലം ആശുപത്രി അടച്ചിട്ടാണ് മൂട്ട നിര്‍മാര്‍ജനം നടത്തുന്നത്. സര്‍ക്കാരിന്റെ വെയര്‍ ഹൗസിങ് കോര്‍പ്പറേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. പേപ്പര്‍ ഒട്ടിച്ച് ആശുപത്രി വാര്‍ഡുകള്‍ പൂര്‍ണമായും വായുനിബദ്ധമാക്കും. അതിന് ശേഷം വിഷമുള്ള രാസവസ്തുക്കള്‍ അകത്ത് നിക്ഷേപിച്ച ശേഷം വാര്‍ഡുകള്‍ സീല്‍ ചെയ്യും. ഏതാനും ദിവസങ്ങള്‍ വാര്‍ഡുകള്‍ ഗ്യാസ് ചേംബര്‍ പോലെയാകും. പിന്നീട് പേപ്പര്‍ സീല്‍ പൊട്ടിച്ച് വാര്‍ഡുകള്‍ കഴുകി വൃത്തിയാക്കിയെടുക്കും. ഇത്തരത്തില്‍ 2008ലും ആയുര്‍േവദ കോളേജ് ആശുപത്രിയില്‍ മൂട്ട നിര്‍മാര്‍ജനം നടന്നിരുന്നു. രണ്ട് വര്‍ഷക്കാലം മൂട്ട ശല്യം ഉണ്ടായിരുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു.