രണ്ടാം ലോകയുദ്ധവും രാമന് വൈദ്യരും
Posted on: 21 Aug 2015
സുകുമാര്‍
ഒന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് (1914-18) വായിച്ചറിവേയുള്ളൂ എനിക്ക്. എന്നാല്‍ 'രണ്ടാമന്' അങ്ങനെയല്ല. ഇന്റര്‍മീഡിയറ്റിനും ബി.എ.യ്ക്കും 'ലോകചരിത്രം' പഠിക്കാനുണ്ടായിരുന്നു. നാലാങ്കല്‍ കൃഷ്ണപിള്ളസാറും ജോവാക്വം പഞ്ഞിക്കാരന്‍ സാറും വി.കെ.സുകുമാരന്‍ നായര്‍ സാറുമൊക്കെയായിരുന്നു മുഖ്യ 'ലോകചരിത്രക്കാര്'. ആയിടെ നടന്ന ഒരു നേരമ്പോക്ക് ഈയിടെ ഞാനൊരു എം.എല്‍.എ.യുമായി പങ്കുവെച്ച് ചിരിച്ചു. 'മൂക്കുപ്പൊടിയ'നായ നാലാങ്കല്‍ സാറിന്റെ ഉച്ചാരണം അത്ര ശുദ്ധമല്ല. അദ്ദേഹം 'റഷ്യ' യും 'പ്രഷ്യ'യും ഉച്ചരിക്കുന്നത് ഏതൊണ്ടൊരുപോലെയാണ്. 'ദീപിക' സെബാസ്റ്റ്യനും 'കേരള ഭൂഷണം' ജോയിയും എന്റെ മുമ്പിലത്തെ ബെഞ്ചിലാണ് ഇരിക്കുന്നത്. എന്നുവെച്ചാല്‍ ഞാനിരിക്കുന്നത് ഏറ്റവുമൊടുവിലത്തെ ബെഞ്ചിലെന്നര്ത്ഥം. 'ഫസ്റ്റ് ടേം' കഴിഞ്ഞപ്പോള്‍, എന്റെ ബെഞ്ചിന് ഒരു അവകാശികൂടി ഉണ്ടായി. സൈനിക സേവനം അനുഷ്ഠിച്ചിട്ട് തിരിച്ചെത്തിയ പി.ഉണ്ണികൃഷ്ണപിള്ള. പില്ക്കാലത്ത് 'നെടുബ്രത്ത് ഉണ്ണികൃഷ്ണപിള്ള എം.എല്‍.എ.'
ഒരിക്കല്‍ നാലാങ്കല്‍ സാര്‍ 'റഷ്യ' യെന്ന് ഉച്ചരിച്ചപ്പോള്‍ മുമ്പിലിരുന്ന ജോയി തിരുത്തി 'പ്രഷ്യ', സാറിനത് ഇഷ്ടപ്പെട്ടില്ല. സാര്‍ അടുത്ത വാചകത്തില്‍ 'പ്രഷ്യ'യെന്നു പറഞ്ഞപ്പോള്‍ ജോയി അപ്പോഴും തിരുത്തി 'റഷ്യ'. ക്ലൂസ്സാകെ ചിരി, ''ഹൂ ഈസ് ദാറ്റ് ?'', സാര്‍ ചൂടായി, ജോയി ഇരുന്ന ഭാഗത്തേക്ക് ലേശം നീലനിറമുള്ള കണ്ണടയിലൂടെ രൂക്ഷമായി നോക്കി. ജോയി ആരാ മോന്! അവന് പിന്നിലുള്ള എന്നെ തിരിഞ്ഞുനോക്കി. ഞാന്‍ പിന്നെ മറ്റൊന്ന് ചിന്തിച്ചില്ല, കൂടെയുള്ള ഉണ്ണികൃഷ്ണ പിള്ളയെ നോക്കി. അദ്ദേഹം ആകെ പ്രയാസത്തിലായി, എന്തെന്നാല്‍ പുറകിലൊരാളെ ചൂണ്ടിക്കാണിക്കാനില്ല. ''യൂ സ്റ്റാന്റപ്പ് ദെയര്‍ ആന്റ് ഗെറ്റൗട്ട് !'', പാവം പിള്ള എന്നൊയൊന്ന് ഇരുത്തിനോക്കിയിട്ട് ബുക്കുമായി പുറത്തുപോയി! ... ഇതും പറഞ്ഞായിരുന്നു രണ്ടുകൊല്ലം മുമ്പ് യൂണവേഴ്സിറ്റി കോളേജ് പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമത്തില്‍ സംബന്ധിക്കാനെത്തിയപ്പോള്‍ ഞങ്ങള്‍ രസിച്ചത്.
രണ്ടാം ലോകമഹായുദ്ധം (1939-45) എന്റെ ഏഴാം വയസ്സില്‍ തുടങ്ങി പതിമൂന്നാം വയസ്സില്‍ അവസാനിച്ചതുകൊണ്ട് അതിനെക്കുറിച്ചൊരു സാമാന്യജ്ഞാനം എനിക്കുണ്ട്. ചെറുപ്പക്കാരില്‍ നല്ലൊരു വിഭാഗം ശംഖുംമുഖം കടപ്പുറത്തും, ചാക്കയിലുമുള്ള 'റിക്രൂട്ടിങ് ക്യാമ്പുകളില്‍' വെളുപ്പിനെ തന്നെ ഹാജരായി 'പേരെഴുതാന്‍'. പൊക്കവും വണ്ണവും വീതിയും നീളവുമൊന്നും മാനദണ്ഡമായിരുന്നില്ല. കഷ്ടിച്ച് നാലടി പൊക്കമുള്ള തമ്പാനൂരിലെ 'കായംകുളം കൊച്ചുണ്ണി' പോലും 'കൂലിപട്ടാള'ത്തില്‍ ചേര്‍ന്ന്, ഇവിടെ നിന്നേ 'കൂന്താലി' തോളത്തേന്തി ആസാമില്‍ റോഡുവെട്ടാന്‍ തീവണ്ടിയില്‍ യാത്രയായി . ഇവിടെ 'സാദാ' പട്ടാളത്തിലേക്കുള്ള ആളെടുക്കലായിരുന്നെങ്കില് പാങ്ങോട്, വിദ്യാഭ്യാസയോഗ്യതയുള്ളവരെ തിരഞ്ഞെടുക്കലായിരുന്നു. ചുരുക്കത്തില്‍ ഒരു വിധം 'ത്രാണി'യുള്ളവരൊക്കെ നാട്ടുവിട്ടു. ഇതിനിടയ്ക്ക് അവധിക്ക് വരുമ്പോള്‍ ഇവരുടെ മട്ടുംമാതിരിയും, വേഷവും ഭാഷയുമൊക്കെ ഒന്നു കാണണമായിരുന്നു ! മിക്കവരും മിലിട്ടറി ക്രോപ്പ്. പലതരം മീശ, കുഛ് കുഛ് ഹിന്ദി, പൊടി ഇംഗ്ലീഷ്, പാരച്ച്യൂട്ട് സില്‍ക് ഉടുപ്പ്, പട്ടാളം ഷൂ. മൂക്ക് തുളച്ചുകയറുന്ന ഫോറിന് പെര്‍ഫ്യൂം ഗന്ധം. സിഗററ്റ് ടിന്നും ലൈറ്ററും. കല്ലുവെച്ച മോതിരവും ദോശക്കല്ല് റിസ്റ്റ് വാച്ചും! 'ലോകമേ, കാണെടാ' എന്ന നടപ്പ് ! ട്രങ്ക് പെട്ടി, ആറ് ബാറ്ററി ടോര്‍ച്ച്. ഇടത്തേ കൈ തള്ളവിരല്‍ കൊണ്ടാണ് 'ഒപ്പ്' എങ്കിലും, ലോകഗതിയെക്കുറിച്ച് ഏത് അഭ്യസ്തവിദ്യനെക്കാളും കാര്യവിവരമുണ്ട്.
അന്നാണ് തിരുവോന്തരത്തുകാര് ജീവിതത്തിലാദ്യമായി നെല്ലരിയുടെ സ്ഥാനത്ത് മരക്കിഴങ്ങ് (കപ്പ) കണ്ടു തുടങ്ങിയത്. ഗോതമ്പും ബജ്റയും ചോളവും (കുതിരപ്പല്ല്) ഭക്ഷണപദാര്‍ത്ഥമായി സ്വീകരിച്ചത്. 'കോറത്തുണി' ഉടുത്തുതുടങ്ങിയത്. അരി, പഞ്ചസാര, മണ്ണെണ്ണ (ചുവപ്പും വെള്ളയും) തുണിത്തരം എന്നിവയ്കൊക്കെ പെര്‍മിറ്റും സ്പെഷ്യല്‍ പെര്‍മിറ്റും മറ്റും സര്‍ക്കാര്‍ നടപ്പിലാക്കിയത്, കടലാസ് 'മഞ്ഞ'യായത്.
പുത്തന്ക്കച്ചേരി മൈതാനത്തും (സെന്‍ട്രല്‍ സ്റ്റേഡിയം) തൈക്കാട്ട് മൈതാനത്തും 'ബോംബ്' തലയില്‍ വീഴാതിരിക്കാന്‍ തലങ്ങനെ വിലങ്ങനെ കിടങ്ങുകള്‍ കുഴിച്ചതും സെക്രട്ടേറിയറ്റിലെ റിക്കോഡുകള്‍ സൂക്ഷിക്കാന്‍ തെക്കുഭാഗത്ത് 'സെല്ലാറുകള്‍' നിര്‍മ്മിച്ചതും ഗുണ്ടുകാട്ടിലും നക്ഷത്രബംഗ്ലാവിലും 'അപായ സൈറനുകള്‍' സ്ഥാപിച്ചതും കോണ്‍ഗ്രസ്സുള്‍പ്പെടെയുള്ള രാഷ്ട്രീയകക്ഷികളും പ്രവര്‍ത്തനവും, പിന്നീട് കക്ഷികളെയും നിരോധിച്ചതും, സര് സി.പി.യുടെ കുപ്രസിദ്ധമായ 'സിംസണ്‍ പട' ഇറങ്ങിയതും മറ്റുമൊക്കെ അറിയാനും നേരില്‍ കാണാനുമുള്ള ഒരു ഭാഗ്യമോ, ദൗര്ഭാഗ്യമോ എനിക്കുമുണ്ടായി. അന്നൊരിക്കല്‍ പാളയം കണ്ണിമാറാ മാര്‍ക്കറ്റിന് മുമ്പില്‍, ഇന്നത്തെ 'സാഫല്യം കോംപ്ലൂക്സ്' സ്ഥിതിചെയ്യുന്ന സ്ഥലത്ത് അന്ന് കമ്മ്യൂണിസ്റ്റ് നേതാവ് 'ആര്. സുഗതന്' (പൂര്‍വനാമം ശ്രീധരന് സഖാവ്) താമസിച്ചിരുന്ന 'ടൗണ്‍ ഹോട്ടലി'ന്റെ താഴെ നിന്നുകൊണ്ട് ഒരു 'നാട്ടിട ഗായക കവി' തന്റെ പാട്ടുപുസ്തകം നോക്കി (വില ഒരു ചക്രം) ശോകനിര്‍ഭരമായി പാടിയത് ഇപ്പോഴും ഞാനോര്‍ക്കുന്നു. 'അയ്യയ്യോ! കാണപരിതാപം, സിംഗപ്പൂര്‍ ഗുണ്ടുപ്പറയോഗം.....' മറ്റൊരു പാട്ട്, ഒരു അമ്മാവിയും മരുമകളും തമ്മിലുള്ള സംഭാഷണമാണ്. മരക്കിഴങ്ങിനെ ഇരുമ്പരിപ്പയില് ഉരച്ചുരച്ച് പൊടിയാക്കി, പിന്നെയതിനെ 'മരച്ചീനി' പുട്ടാക്കി ഒട്ടുമിക്കവരും കഴിക്കുമായിരുന്നു. ഈ 'പൊടി നിര്‍മ്മാണ'ത്തെക്കുറിച്ചായിരുന്നു പാട്ട്.
''ഒരച്ചൊരച്ച് കൈകള്‍ രണ്ടും കഴയ്ക്കണമ്മാവീ !''
''ഒരപ്പില്ലെങ്കി, പെഴപ്പെന്തെരെടി മുടിഞ്ഞ മരുമോളേ !''
പണ്ട് പണ്ട് ടി.വി.യും റേഡിയോയും പത്രങ്ങള്‍ പോലും ഇല്ലാതിരുന്ന ഒരു കാലത്ത്, വാര്ത്താവാഹകന്മാരായി ഒരു കൂട്ടര് നമ്മുടെ നാട്ടിലും അങ്ങനെ തിരുവോന്തരത്തും ഉണ്ടായിരുന്നു. തങ്ങളുടെ കൃത്യനിര്‍വഹണത്തോടൊപ്പം, അങ്ങും ഇങ്ങും നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അല്പം പൊടിപ്പും തൊങ്ങലും കൂട്ടിച്ചേര്‍ത്ത് അവര്‍ 'ഇര'യുടെ മുമ്പില്‍ അവതരിപ്പിക്കുമായിരുന്നു. 'ബാര്ബറന്മാര്' ഹെയര്‍ കട്ടിങ് സലൂണും സിലോണ്‍ ബാര്‍ബര്‍ ഷോപ്പും, ബ്യൂട്ടി പാര്‍ലറും മറ്റും ഇല്ലാതിരുന്ന അക്കാലത്ത്, ഒരു ചെറു കൈപ്പൊതിയില് ഒതുക്കാവുന്ന പണി ആയുധങ്ങളുമായി അവര്‍, കൊള്ളാവുന്ന ഗൃഹങ്ങളുടെ മുറ്റത്തോരത്ത് വിനീതരായി നില്‍ക്കുകയും പിന്നീട് ഗൃഹനായകന്റെ നിര്‍ദ്ദേശാനുസരണം പറമ്പിലെ തെങ്ങില്‍ ചുവട്ടില്‍ 'കള'മൊരുക്കുകയും ചെയ്യും. അപ്പോഴേക്കും 'കാരണോര്' കുട്ടിത്തോര്ത്ത് ചുറ്റി അവിടെയെത്തി അയാളുടെ മുമ്പില്‍ 'ഇരുന്നുകൊടുക്കും'. പിന്നെയങ്ങോട്ട് പണിയാണ്. അതിനിടെ വാര്ത്താവിക്ഷേപണവും ഉണ്ടാവും.
അച്ഛനുമുണ്ടായിരുന്നു അത്തരത്തിലൊരു 'റോയിട്ടര്‍' രാമന് വൈദ്യര്. അച്ഛന് നേര്‍ക്കുള്ള ആക്രമണം കഴിഞ്ഞാല്‍ പിന്നെ അടുത്ത തലമുറയുടെ ഊഴം. ആദ്യ യുദ്ധവാര്ത്തകളൊക്കെ എനിക്ക് ഇവിടെനിന്നാണ് ലഭിച്ചതെന്ന് പറഞ്ഞുകൂടായെങ്കിലും വൈദ്യരുടെ ഭാഷയില്‍ അവ കേള്‍ക്കാന്‍ നല്ല രസമായിരുന്നു. ഹിറ്റ്ലറെയും മുസ്സോളിനിയെയും ചര്ച്ചിലിനെയുമെല്ലം 'അവന് ഇവന് മറ്റവന്' എന്നാണ് വൈദ്യ സംബോധന.
ആ കാലമൊക്കെ പോയില്ലേ, ലോകത്തെ കിടുകിടാ വിറപ്പിച്ച അഡോള്‍ഫ് ഹിറ്റ്ലര്‍ 1945 ഏപ്രില്‍ 30ന് ഷഷ്ടിപൂര്‍ത്തിക്കു പോലും കാത്തു നില്‍ക്കാതെ, തന്റെ 57-ാം വയസ്സില്‍ നെറ്റിക്കു സ്വയം വെടിവെച്ച് മരിച്ചുവീണു. ജര്‍മ്മനി സഖ്യകക്ഷികള്‍ക്ക് നിരുപാധികം കീഴടങ്ങി. അങ്ങനെ രണ്ടാം ലോക മഹായുദ്ധത്തിന്റെ കറുകറുത്ത തിരശ്ശീല സാവധാനം ചുരുളഴിഞ്ഞുവീണു.
എന്തിനായിരുന്നു ഹിറ്റ്ലറേ, ലക്ഷക്കണക്കിനുള്ള ഈ നരഹത്യ?. കോടിക്കണക്കിനുള്ള വികലാംഗര്‍, രോഗികള്‍, അനാഥര്‍, പട്ടിണിപ്പാവങ്ങള്‍, പിഞ്ചുകുഞ്ഞുങ്ങള്‍.. ? ഇതുകൊണ്ടൊക്കെ താനെന്തുനേടി? എത്രയോ പേരുടെ കടുത്ത ശാപമൊഴികെ ! 'മനുഷ്യന്' - എത്ര നീചമായ പദം, അല്ലേ ?.
മേമ്പൊടി: ഒരു മൂന്നാം യുദ്ധത്തിന്റെ പടിവാതില്ക്കലേക്കാണോ ലോകത്തിന്റെ പ്രയാണം ?, വായിച്ചില്ലേ, ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള ബന്ധം കുറെ കൊല്ലങ്ങളായി വിഷളായിക്കൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ അമേരിക്ക മറ്റു ചില രാജ്യങ്ങളുമായിചേര്ന്ന് ദക്ഷിണകൊറിയയില്‍ സൈനിക അഭ്യാസപ്രകടനത്തിലേര്പ്പെട്ടിരിക്കുന്നതായി വാര്‍ത്ത, ആഗസ്റ്റ് 28ന് (നമ്മുടെ തിരുവോണ നാളില്‍) ഉത്തരകൊറിയ അമേരിക്കയെ ആക്രമിക്കുമെന്നാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. !
ദൈവമേ! ബജ്റയും കുതിരപ്പല്ലും നമ്മള് തിന്നുകഴിഞ്ഞു. അടുത്തത് നമ്മളെന്തായിരിക്കാം തിന്നാന്‍ പോകുന്നത് ?, തിന്നാന്‍ തന്നെ ഭൂമിയില്‍ വല്ലതും കാണുമോ?