ചുമരില്‍ വിരിയുന്ന കാവ്യശില്പങ്ങള്
Posted on: 21 Aug 2015
തോന്നയ്ക്കല്‍: കുമാരനാശാന്റെ കാവ്യാരാധകര്ക്ക് ദൃശ്യവിരുന്നൊരുക്കുകയാണ് തോന്നയ്ക്കല്‍ ആശാന് സ്മാരകത്തിലെ ചുമര്‍ചിത്രങ്ങള്‍. ആശാന് വാക്കുകള്‍ കൊണ്ട് വരച്ചിട്ട നായികമാരുടെ ചിത്രങ്ങളാണ് സ്മാരകത്തിലെ ആശാന് ചുമര്ചിത്രവാടിയെ ധന്യമാക്കുന്നത്.
മനസ്സ് തുറന്നുകാട്ടാന്‍ ഭാഷ അപര്യാപ്തമാണെന്ന് വിലപിച്ച കവിയുടെ മനസ്സ് തൊട്ടറിഞ്ഞാണ് ചുമര്ചിത്രങ്ങളൊരുക്കിയിട്ടുള്ളതെന്ന് കാണാം. പല കലാകാരന്മാര് ചേര്‍ന്നാണ് രചന നടത്തിയിട്ടുള്ളത്. ഓരോ കൃതിയുടെയും മൂല്യം അല്പംപോലും ചോര്‍ന്നുപോകാതെ ചിത്രങ്ങളില്‍ ചേര്‍ത്തിട്ടുണ്ട്. ചിത്രങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു. അങ്ങനെ ആശാന്റെ കാവ്യജീവിതത്തിന്റെ നേര്പതിപ്പ് കൂടിയാകുന്നു ഈ ചിത്രവാടി.
മലയാളവായനക്കാരുടെ മനസ്സിലെ ഒളിമങ്ങാത്ത ചിത്രമാണ് കരുണയിലെ വാസവദത്തയുടെ വര്‍ണന. വാസവദത്തയുടെ ഇരിപ്പ് ബസന്ത് പെരിങ്ങോട് എന്ന ചിത്രകാരന് ചായക്കൂട്ടുകള്‍കൊണ്ട് ഒരുക്കിയിരിക്കുന്നത് ആരെയും ആകര്‍ഷിക്കും. കരുണയിലെ മറ്റ് കഥാപാത്രങ്ങളും ഈ ചിത്രത്തില്‍ നിറയുന്നുണ്ട്. പൂക്കാലം എന്ന കവിതക്ക് കെ.പി. ബാബു, ചണ്ഡാലഭിക്ഷുകിക്ക് സജു തുരുത്തില്, കര്‍ഷകന്റെ കരച്ചിലിന് സദാനന്ദന്, ദുരവസ്ഥയ്ക്ക് കൃഷ്ണന് മല്ലിശ്ശേരി, വീണപൂവിന് സുരേഷ് കെ.നായര്‍, കുട്ടിയും തള്ളയും - അജിതന് പുതുമന, ലീലയ്ക്ക് സുരേഷ് മുതുകുളം, ചിന്താവിഷ്ടയായ സീതയ്ക്ക് ഗോപി ചേവായൂര്‍, നളിനിക്ക് കെ. യു. കൃഷ്ണകുമാര്‍ എന്നിവരാണ് ചുമര്ചിത്രമൊരുക്കിയത്. ഒരുമാസം കൊണ്ടാണ് ചിത്രങ്ങള്‍ പൂര്‍ത്തിയായത്.
ആശാന് കൃതികള്‍ക്ക് ചുമര്ചിത്രമൊരുങ്ങിയത് 2006 ലാണ്. നാഷണല്‍ ഹെറിറ്റേജ് മ്യൂസിയം എന്ന നിലയിലാണ് ഈ ചിത്രവാടിയുടെ രൂപകല്പന നടത്തിയിട്ടുള്ളത്. ആശാന്റെ കാവ്യഭാവനയില്‍ നിറഞ്ഞ നായികമാരും കഥാ സന്ദര്‍ഭങ്ങളും നേരില്‍ കാണുന്ന പ്രതീതിയാണ് ഈ ചിത്രങ്ങള്‍ പങ്കുെവയ്ക്കുന്നത്. 2006 മെയ് 15 ന് ചിത്രവാടി സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. ഇപ്പോള്‍ വിദേശികളടക്കം ധാരാളമാളുകള്‍ ദിവസവും ഈ ചിത്രവാടി സന്ദര്‍ശിക്കുന്നുണ്ട്.