തൊഴില്‍രഹിത വേതനം
Posted on: 20 Aug 2015
നെടുമങ്ങാട്: നഗരസഭ, ആനാട്, പനവൂര്‍, വെമ്പായം പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഡോ. എ.സമ്പത്ത് എം.പി.യുടെ ഏരിയാ ഡെവലപ്മെന്റ് സ്കീം അനുസരിച്ച് 92 ലക്ഷം രൂപ അനുവദിച്ചു. വാഴോട്ടുകോണം-പാണ്ടവപുരം -കൊല്ലിക്കോണം പാലത്തിനും അപ്രോച്ച് റോഡിനുമായി 10 ലക്ഷം രൂപ, വെമ്പായം ഉതിരവെട്ടിക്കുന്നില് റോഡിന് അഞ്ച് ലക്ഷം, നന്നാട്ടുകാവ് ലൈബ്രറി കെട്ടിടത്തിന് ആറ് ലക്ഷം, ചീരാണിക്കര-നെട്ടയംകോട്-ഗോപുരക്കുന്ന് റോഡിന് 10 ലക്ഷം, പനവൂര്‍ പഞ്ചായത്തിലെ നിരപ്പ്-ഷൊര്‍ലക്കോട് റോഡിന് അഞ്ച് ലക്ഷം, കല്ലിയോട്-ഇടവെട്ടം റോഡിന് അഞ്ച് ലക്ഷം രൂപ എന്നിങ്ങനെ അനുവദിച്ചു. നഗരസഭയില്‍ പേരുമല-മഞ്ച റോഡിന് പത്ത് ലക്ഷം, അരശുപറമ്പ് തോട്ടുമുക്ക് പൊതുജനം ഗ്രന്ഥശാല കെട്ടിടത്തിന് എട്ട് ലക്ഷം, പത്താംകല്ല്-പുലച്ച റോഡിന് അഞ്ച് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
നഗരിക്കുന്ന് കമ്മ്യൂണിറ്റി ഹാളിന് 20 ലക്ഷം, വെള്ളാഞ്ചിറ-വലിയകുന്ന് റോഡിനായി 13 ലക്ഷം രൂപ എസ്.സി. ഫണ്ടില്‍ നിന്നും, പത്താംകല്ല് കാത്തിരിപ്പ് കേന്ദ്രത്തിന് മൂന്ന് ലക്ഷം, തേക്കട കാത്തിരിപ്പ് കേന്ദ്രത്തിന് മൂന്ന് ലക്ഷവും അനുവദിച്ചതായി എം.പി. പത്രക്കുറിപ്പില്‍ അറിയിച്ചു.
നെടുമങ്ങാട്: കല്ലമ്പാറയില്‍ ശ്മശാനം നിര്‍മിക്കാനായി നെടുമങ്ങാട് നഗരസഭയ്ക്ക് ജില്ലാ കളക്ടര്‍ നല്കിയ ലൈസന്‍സ് റദ്ദ് ചെയ്തു. കല്ലമ്പാറയില്‍ ശ്മശാന നിര്‍മാണം തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ് മറച്ചുവെച്ച് അനുമതി നേടിയെന്നുള്ള കാരണത്താലാണ് അനുമതി നിഷേധിച്ചത്. പൊന്നറ നഗര്‍ റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ കോടതി ഉത്തരവ് സഹിതം കളക്ടര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് .
നെടുമങ്ങാട്: പറണ്ടോട് സൂര്യക്ഷേത്രത്തില് രാമായണ മാസാചരണം ശ്രീരാമപട്ടാഭിഷേകത്തോടെ സമാപിച്ചു. സൂര്യപീഠം ആശ്രമത്തിന്റെ നേതൃത്വത്തില്‍ നടന്ന സൗജന്യ കലാ, വാദ്യോപകരണ പരിശീലനം മോഹനന് ഉദ്ഘാടനം ചെയ്തു.
നെടുമങ്ങാട്: പരുത്തിക്കുഴി കേരള ആര്‍ട്സിന്റെ ഓണനിലാവ് പരിപാടിക്ക് തുടക്കമായി. 28ന് രാവിലെ 6ന് പൂക്കളമൊരുക്കല്‍, 9ന് നാടന്‍ പന്തുകളി, 4ന് സ്ത്രീകളുടെ വടംവലി മത്സരം, പായസസദ്യ എന്നിവ നടക്കും.
നെടുമങ്ങാട്: കാക്കോട് പള്ളിവള മാസ് പുരുഷ സ്വയംസഹായ സംഘം ഓണാഘോഷവും ഓണക്കിറ്റ് വിതരണവും 22ന് വൈകീട്ട് 4ന് പള്ളിവിള കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.
നെടുമങ്ങാട്: ചെല്ലാംകോട് റസിഡന്റ്സ് അസോസിയേഷന് ഓണാഘോഷം, ഓണക്കിറ്റ്, ഓണക്കോടി വിതരണം എന്നിവയുടെ ഉദ്ഘാടനം 23ന് ഉച്ചയ്ക്ക് 2.30ന് ചെല്ലാംകോട് മണ്ണാറമ്പ് നടയില്‍ നടക്കും.
നെടുമങ്ങാട്: പനവൂര്‍ പഞ്ചായത്തിലെ കൊച്ചുപാലോട്-മലയക്കോണം റോഡ് ചെളിക്കെട്ടായി മാറി. മഴ തുടങ്ങിയതോടെ ചെളിക്കെട്ടായി മാറിയ റോഡിലൂടെ വാഹനങ്ങള്‍ക്കോ കാല്‍നട യാത്രക്കാര്‍ക്കോ പോകാന്‍ കഴിയാത്ത അവസ്ഥയാണ്.
നെടുമങ്ങാട്: അഖില ഭാരത അയ്യപ്പ സേവാസംഘം നെടുമങ്ങാട് ടൗണ്‍ യൂണിറ്റ് സമ്മേളനം പ്രസിഡന്റ് എന്‍.സോമശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.മഹാദേവന്, എസ്.ബിജു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി കെ.എസ്.ശിവരാജന് (പ്രസി.), ഗോപാലകൃഷ്ണപിള്ള (വൈസ് പ്രസി.), എ.സന്തോഷ് (സെക്ര.), മഹേഷ് (ജോ.സെക്ര.), അജിത് ആര്. (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.
നെടുമങ്ങാട്: തൊളിക്കോട് പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം റോള്‍ നമ്പര്‍ 520-1310 വരെ 20നും, 1311-1400 വരെ 21നും 1401 മുതല്‍ 22നും വിതരണം ചെയ്യും.
ആനാട് പഞ്ചായത്തില്‍ റോള്‍ നമ്പര്‍ 1-1500 വരെ 20നും, 1501-1800 വരെ 21നും, 1801-2025 വരെ 22നും വിതരണം ചെയ്യും.
ഉഴമലയ്ക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം 20 മുതല്‍ 22 വരെ വിതരണം ചെയ്യും.