നെയ്യാറ്റിന്‍കര ആശുപത്രിയില്‍ അമ്മയും കുഞ്ഞും വിഭാഗം ഒരുങ്ങുന്നു
Posted on: 20 Aug 2015
നെയ്യാറ്റിന്‍കര: ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ അമ്മയും കുഞ്ഞും വിഭാഗം ഒരുങ്ങുന്നു. ഈ വിഭാഗത്തിനായി അഞ്ച് നിലകളിലായി ഒരുങ്ങുന്ന മന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ഇവിടെ കാര്‍ഡിയോളജി വിഭാഗവും കാത്ത് ലാബും സ്ഥാപിക്കും.
ഒരു വര്‍ഷം മുമ്പാണ് മെറ്റേണല്‍ ആന്‍ഡ് പീഡിയാട്രിക് വിഭാഗത്തിന്റെ നിര്‍മാണം ആരംഭിച്ചത്. സപ്തംബറില്‍ തുറന്നു കൊടുക്കാനാണ് ലക്ഷ്യമിടുന്നത്. മുപ്പതിനായിരം ചതുരശ്ര അടി വിസ്തൃതിയിലാണ് പുതിയ ബ്ലോക്ക് ഒരുങ്ങുന്നത്. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യ പദ്ധതിയുടെ ഭാഗമായി 12 കോടി രുപ മുടക്കിയാണ് മന്ദിരം നിര്‍മിക്കുന്നത്.
ഒന്നാം നിലയില്‍ ഗൈനക്കോളജി, കാര്‍ഡിയോളജി ഒ.പി.കള്‍ പ്രവര്‍ത്തിക്കും. രണ്ടാം നിലയിലാണ് ശിശുരോഗ വിഭാഗം പ്രവര്‍ത്തിക്കുക. ഇവിടെ കുട്ടികളുടെ തീവ്രപരിചരണ വിഭാഗവും വാര്‍ഡുകളും ഉണ്ടാകും. പീഡിയാട്രിക് ഓപ്പറേഷന് തിയേറ്ററും ഇവിടെ സ്ഥാപിക്കും. ശിശുരോഗ ഒ.പി.യും പ്രവര്‍ത്തിക്കും.
മൂന്നാം നിലയിലാണ് ഗൈനക്കോളജി വിഭാഗം പ്രവര്‍ത്തിക്കുക. ഇവിടെ ആധുനിക ലേബര്‍ റൂം, ഓപ്പറേഷന് തിയേറ്റര്‍, പോസ്റ്റ് ഓപ്പറേഷന് വാര്‍ഡ്, ജനറല്‍ വാര്‍ഡ് എന്നിവയുണ്ടാകും. നാലാം നിലയില്‍ ഓപ്പറേഷന് തിയേറ്റര്‍, പോസ്റ്റ് ഓപ്പറേഷന് വാര്‍ഡ് എന്നിവ ഉണ്ടാകും.
അഞ്ചാം നിലയിലാണ് കാര്‍ഡിയോളജി വിഭാഗം പ്രവര്‍ത്തിക്കുക. ഇവിടെ അത്യാധുനിക കാത്ത് ലാബ് സജ്ജമാക്കും. കാര്‍ഡിയോളജി വിഭാഗത്തിനായി വാര്‍ഡും ഇവിടെ ഉണ്ടാകും. പുതിയ ബ്ലോക്കിന്റെ നിര്‍മാണ പ്രവൃത്തികള്‍ ചെയ്യുന്നത് ബി.എസ്.എന്‍.എല്ലിന്റെ സിവില്‍ എന്‍ജിനിയറിങ് വിഭാഗമാണ്. ഇവര്‍ പുതിയ ബ്ലോക്കിനാവശ്യമായ ഉപകരണങ്ങളും സ്ഥാപിക്കും. കാത്ത് ലാബ് യാഥാര്‍ഥ്യമാകുന്നതോടെ നെയ്യാറ്റികര ആശുപത്രിയില്‍ ആന്‍ജിയോഗ്രം, ആന്‍ജിയോ പ്ലാസ്റ്റി എന്നിവ ചെയ്യാനാകും.
നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പുതിയ ബ്ലോക്ക് പൂര്ത്തിയാകുന്നെങ്കിലും ഡിജിറ്റല്‍ എക്സ്-റേ, അള്‍ട്രാ സൗണ്ട് സ്കാന്‍, എം.ആര്.ഐ. സ്കാന്‍ എന്നിവ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ഇവ സ്ഥാപിക്കുന്നതിന് ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി. എന്നാല്‍ ഈ സംവിധാനങ്ങള്‍ കുറഞ്ഞ നിരക്കില്‍ എച്ച്.എല്‍.എല്‍. വഴി ആശുപത്രിയില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ വൈകുകയാണ്.
ട്രോമ കെയറും ആധുനിക ലാബും വൈകും
ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയതോടെ അനുവദിച്ച ട്രോമ കെയര്‍ അത്യാഹിത വിഭാഗവും ആധുനിക ലാബും ലഭിക്കാന്‍ വൈകും. രണ്ട് വര്‍ഷം മുമ്പ് പണം കൈമാറിയിട്ടും പൊതുമരാമത്ത് വകുപ്പ് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാത്തതാണ് ഇതിന് കാരണം.
2013ലാണ് രണ്ടു നിലകളുള്ള അത്യാധുനിക ലാബ് നിര്‍മിക്കാന്‍ പണം അനുവദിച്ചത്. 1.5 കോടി രൂപ ഇതിനായി കൈമാറി. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ ആരംഭിക്കാന്‍ പൊതുമരാമത്ത് വകുപ്പിനായിട്ടില്ല.
ബയോ കെമിസ്ട്രി, പാത്തോളജി എന്നിവ ഉള്‍പ്പെട്ട ലാബ് സമുച്ചയമാണ് നിര്‍മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. രണ്ട് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പ്ലാനും തയ്യാറാക്കി. എന്നാല്‍ തുടര്‍ന്നുള്ള പണികള്‍ ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പിനായിട്ടില്ല.
ട്രോമ കെയര്‍ സംവിധാനത്തോടെയുള്ള അത്യാഹിത വിഭാഗം ആരംഭിക്കുന്നതിനായി 26 ലക്ഷം രൂപയാണ് ആരോഗ്യ വകുപ്പ് അനുവദിച്ചത്. പ്ലാന്‍ ഫണ്ടായി പണം അനുവദിച്ചിട്ടും നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്കായിട്ടില്ല. ട്രോമ കെയറിന്റെ രൂപകല്പന പോലും തയ്യാറാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കഴിഞ്ഞിട്ടില്ല.