തൊഴിലുറപ്പില്‍ പണിതുയര്‍ത്തിയ ഹൈടെക് അങ്കണവാടി ഇന്ന് തുറക്കും
Posted on: 20 Aug 2015
മലയിന്‍കീഴ്: എയര്‍കണ്ടീഷന്റെ കുളിരില്‍ കമ്പ്യൂട്ടറും പുത്തന്‍ കളിക്കോപ്പുമായി കൂട്ടുകാര്‍ക്കൊപ്പം ആര്‍ത്തുല്ലസിച്ച് പാട്ടും പാടി പഠിക്കാന്‍ മലയിന്‍കീഴ് പഞ്ചായത്തില്‍ ഒരു ഹൈടെക് അങ്കണവാടി തുറക്കുന്നു. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ശ്രീകൃഷ്ണപുരം വാര്‍ഡില്‍ പാലോട്ടുവിള കോപ്പച്ചവിളാകത്താണ് ആധുനിക സൗകര്യങ്ങളോടെയുള്ള അങ്കണവാടി നിര്‍മ്മിച്ചത്.
മിനുസമുള്ള ടൈല്‍ പാകിയ തറ, ഗ്രാനൈറ്റ് പതിച്ച അടുക്കള, കക്കൂസ്, കുട്ടികളുടെ ഇഷ്ടക്കാരായ കാര്‍ട്ടുണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ നിറഞ്ഞ ചുമരും മുന്തിരി വള്ളികള്‍ പടര്‍ന്നപോലുള്ള അലങ്കാര തൂണുകളും തറയോടുകള്‍ നിരത്തിയ മുറ്റവും അങ്കണവാടിയെ വ്യത്യസ്തമാക്കുന്നു. വന്‍തുക ഫീസായി വാങ്ങി സ്വകാര്യ സംരംഭകര്‍ നടത്തുന്ന ക്രഷുകളിലെ സൗകര്യങ്ങളോട് കിടപിടിക്കുന്ന അങ്കണവാടി നാട്ടിന്‍പുറത്തിനും സാധ്യമാക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് നിര്‍മ്മാണത്തിന് നേതൃത്വം നല്കിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രന് നായര്‍ പറയുന്നു.
അധ്യാപകനും നിരവധി പഠനഗ്രന്ഥങ്ങളുടെ രചയിതാവുമായ അന്തരിച്ച ജി. സുശീലന് സംഭാവന ചെയ്ത നാല് സെന്റോളം സ്ഥലത്ത് അദ്ദേഹത്തിന്റെ സ്മാരകമായാണ് പഞ്ചായത്ത് പദ്ധതി പൂര്‍ത്തിയാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എല്‍.അനിതയും വൈസ് പ്രസിഡന്റ് എസ്.ചന്ദ്രന്‍നായരും അവകാശപ്പെടുന്നു. വാര്‍ഡ് അംഗം ഒ.ജി.ബിന്ദുവിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. തൊഴിലാളികള്‍ക്ക് 5,49,331 രൂപ വേതനമായി നല്കി. 7,96,609 രൂപ സാധനങ്ങള്‍ക്കായി ചെലവഴിച്ചു. ചുറ്റുമതിലുള്പ്പെടെയുള്ള കെട്ടിടനിര്‍മ്മാണത്തിന് ആകെ ചെലവായത് 13,46,000 രൂപ. എന്നാലിതിലുള്പ്പെടാതെ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും വാര്‍ഡ് അംഗവും ചേര്‍ന്ന് സംഭാവനയായി നല്‍കിയതാണ് എ.സി.യും കമ്പ്യൂട്ടറുമെല്ലാം. വ്യാഴാഴ്ച വൈകീട്ട് നാലിന് സ്പീക്കര്‍ എന്‍.ശക്തന് അങ്കണവാടി കുരുന്നുകള്‍ക്കായി തുറന്ന് കൊടുക്കും.