സുനിതയെ സഹായിക്കാന്‍ ചെമ്മരുതിക്കാര് ബസ് യാത്രക്കാരായി
Posted on: 19 Aug 2015
വര്‍ക്കല: കാന്‍സര്‍ രോഗബാധിതയായ യുവതിയെ സഹായിക്കാന്‍ ചെമ്മരുതിയിലെ ജനങ്ങളെല്ലാം ബസ് യാത്രക്കാരായി. തച്ചോട് ചരുവിളവീട്ടില്‍ സുനിത(45) യുടെ ചികിത്സയ്ക്കായി രണ്ട് സ്വകാര്യബസ്സുകളുടെ ഒരു ദിവസത്തെ വരുമാനം നീക്കിവെച്ചതാണ് ജനങ്ങളെ നിര്‍ബന്ധിത യാത്രക്കാരാക്കിയത്.
മൗഷ്മി മോട്ടോഴ്സ് ഉടമ തച്ചോട് ശ്രീലകത്ത് മണിലാലാണ് തന്റെ രണ്ട് ബസ്സുകളില്‍ നിന്നുള്ള ഒരു ദിവസത്തെ വരുമാനം സുനിതയുടെ ചികിത്സാെചലവിനായി നല്‍കിയത്. കഴിഞ്ഞ ഞായറാഴ്ചത്തെ വരുമാനമാണ് നല്‍കിയത്. ബസ്സിലെ വരുമാനവും ബസ്സില്‍ സ്ഥാപിച്ച പെട്ടികളിലെ സംഭാവനയുമായി 45,700 രൂപയാണ് ഒരു ഗ്രാമത്തിന്റെ നല്ല മനസ്സിലൂടെ ലഭിച്ചത്. തച്ചോട് പൗരസമിതിയുടെ പിന്തുണയോടെ സംഘടിപ്പിച്ച പരിപാടിയില്‍ വര്‍ക്കല കഹാര്‍ എം.എല്‍.എ. മുതല്‍ കൂലിപ്പണിക്കാര്‍ വരെ യാത്രക്കാരായി.
തച്ചോട് ഗുരുവിലാസം വീട്ടില്‍ നടന്ന ചടങ്ങില്‍ ചെമ്മരുതി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.ശശീന്ദ്ര തുക സുനിതയ്ക്ക് കൈമാറി. തച്ചോട് പൗരസമിതി പ്രസിഡന്റ് ഹേമചന്ദ്രന്, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. കെ.സുദര്ശനന്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പനയറ രാജു, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ത്യാഗരാജന്, പ്രശാന്ത്, ലിനീസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ആര്.ഗോപകുമാര്‍, പാലിയേറ്റീവ് നഴ്സ് ചിപ്പി തുടങ്ങിയവര്‍ പങ്കെടുത്തു.