കല്ലിംഗല്‍ കുശമുട്ടം ഭഗവതിക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹയജ്ഞം തുടങ്ങി
Posted on: 19 Aug 2015
കഴക്കൂട്ടം: കുളത്തൂര്‍ ആറ്റിപ്ര കല്ലിംഗല്‍ കുശമുട്ടം ഭഗവതി ക്ഷേത്രത്തില്‍ ദേവീ ഭാഗവത നവാഹയജ്ഞം തുടങ്ങി. ചിങ്ങോലി ശിവപ്രഭാകര സിദ്ധയോഗീശ്വരാശ്രമം മഠാധിപതി രമാദേവി അമ്മയാണ് യജ്ഞാചാര്യ. ചൊവ്വാഴ്ച വൈകീട്ട് നടന്ന ഉദ്ഘാടന ചടങ്ങില്‍ മേയര്‍ കെ.ചന്ദ്രിക ദീപം തെളിച്ചു.
ദേവസ്വം സബ്ബ് ഗ്രൂപ്പ് ഓഫീസര്‍ രവികുമാര്‍, കൗണ്‍സിലര്‍ ശോഭാ ശിവദത്ത് എന്നിവര്‍ സംസാരിച്ചു. ക്ഷേത്രസമിതി പ്രസിഡന്റ് കെ.ഹരിദാസ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് യജ്ഞാചാര്യ, യജ്ഞഹോതാവ്, യജ്ഞപൗരാണികര്‍ എന്നിവരെ ആചാരവിധിപ്രകാരം യജ്ഞവേദിയിലേക്ക് സ്വീകരിച്ചു.
ദീപാരാധനക്ക് ശേഷം ദേവീ മാഹാത്മ്യ പ്രഭാഷണം തുടങ്ങി. 27 വരെ യജ്ഞം തുടരും. എല്ലാ ദിവസവും ദേവീഭാഗവത പാരായണം, ആചാര്യ പ്രഭാഷണം, അമൃതഭോജനം, യജ്ഞവിവരണം എന്നിവയുണ്ട്.
ആറാം ദിവസമായ 24ന് രാവിലെ 10.30ന് പാര്‍വതി പരിണയ ഘോഷയാത്ര തൃപ്പാപ്പൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ തുടങ്ങി താലപ്പൊലി, വാദ്യമേളം എന്നിവയോടെ കല്ലിംഗല്‍ വഴി യജ്ഞശാലയില്‍ സമാപിക്കും. ഏഴാം ദിവസമായ 25ന് കുമാരിമാര്‍ക്കുള്ള വിശിഷ്ട ഉപഹാര ദാനാര്പ്പണം അശ്വതി തിരുനാള്‍ ഗൗരിലക്ഷീഭായി നിര്‍വഹിക്കും.
27ന് രാവിലെ 8ന് നവകലശപൂജ, 10ന് ഓണക്കോടി സമര്‍പ്പണം, ഉത്രാടസദ്യ എന്നിവയുണ്ട്. 12 മണിക്ക് ദീപം ശ്രീകോവിലില്‍ സമര്‍പ്പിച്ച് യജ്ഞം സമാപിക്കും. ചടങ്ങുകള്‍ക്ക് തന്ത്രി കൊല്ലൂര്‍ അത്തിയറമഠം നാരായണരു, മേല്‍ശാന്തി വാദ്ധ്യാര്മഠം ഗണപതി രാമസുബ്രഹ്മണ്യരു എന്നിവര്‍ നേതൃത്വം നല്‍കും.