ജി.വി.രാജ ഫുട്ബോള്‍ ടൂര്‍ണമെന്റ് നാളെ ആരംഭിക്കും
Posted on: 19 Aug 2015
തിരുവനന്തപുരം: അഖിലേന്ത്യാ ജി.വി. രാജ ഫുട്ബോള്‍ ടൂര്‍ണമെന്റ് വ്യാഴാഴ്ച ആരംഭിക്കുമെന്ന് ഫുട്ബോള്‍ അസോസിയേഷന് ചെയര്മാന് എം.എല്‍.എ. വി. ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ വൈകീട്ട് ആറിന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് മന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ എം.എല്‍.എ. കെ.മുരളീധരന്, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പദ്മിനി തോമസ്, എസ്.ബി.ടി. മാനേജിങ് ഡയറക്ടര്‍ ജീവന്‍ദാസ് നാരായണ്‍, സി.പി.എം. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്, യൂണിവേഴ്സിറ്റി പ്രോ വൈസ്ചാന്‍സലര്‍ വീരമണികണ്ഠന് തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പതിനാറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ സപ്തംബര്‍ ആറിന് നടക്കും. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ഫുട്ബോള്‍ ടൂര്‍ണമെന്റ് കാണാന്‍ അവസരമുണ്ടാകുമെന്നും അവര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ടൂര്‍ണമെന്റ് ഭാരവാഹികള്‍, മുന്‍ ഫുട്ബോള്‍ കോച്ച് ഗബ്രിയല് തുടങ്ങിയവര്‍ പങ്കെടുത്തു.