ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് രാജ്യത്തിന് മാതൃക-ഗവര്‍ണര്‍
Posted on: 19 Aug 2015
തിരുവനന്തപുരം: ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടാക്സേഷന്‍ (ഗിഫ്റ്റ്) രാജ്യത്തിനുതന്നെ മാതൃകയായിത്തീരുമെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു.
ഗിഫ്റ്റിന്റെ പുതിയ കാമ്പസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വികേന്ദ്രീകൃതാസൂത്രണം സംബന്ധിച്ച് പഠിക്കുന്ന വിശകലന സെല്‍ ഉള്‍പ്പെടെയുള്ള ഗിഫ്റ്റിന് ഈ രംഗത്ത് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകും. ഗവേഷണം, പരിശീലനം, പ്രസാധനം എന്നീ രംഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഗിഫ്റ്റിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റണമെന്നും ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു.
മന്ത്രി കെ.എം. മാണി അദ്ധ്യക്ഷനായിരുന്നു. ചരക്ക്സേവന നികുതി സംബന്ധിച്ച് ഗിഫ്റ്റ് ഗവേഷണം നടത്തി സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ നല്കിയാല് അത് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
എം.എ. വാഹിദ് എം.എല്‍.എ, കൗണ്‍സിലര്‍ ബി. വിജയകുമാര്‍, നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഡബ്ല്യു.ആര്. റെഡ്ഡി, കേന്ദ്ര റവന്യൂ വകുപ്പ് സേവന നികുതി ഡയറക്ടര്‍ ആരതി സക്സേന, ഗിഫ്റ്റ് രജിസ്ട്രാര്‍ ഡോ. തോമസ് ജോസഫ് തൂങ്കുഴി, ഐ.എസ്. ഗുലാത്തിയുടെ പത്നി ലീലാ ഗുലാത്തി എന്നിവര്‍ പങ്കെടുത്തു. മൂല്യവര്‍ധിത നികുതി സംബന്ധിച്ച് ഗിഫ്റ്റ് പുറത്തിറക്കിയ പുസ്തകമായ 'കോംപ്രിഹെന്‍സീവ് ബുക്ക് ഓണ്‍ വാറ്റ്' ഗവര്‍ണര്‍ പ്രകാശനം ചെയ്തു.
ശ്രീകാര്യത്താണ് ഗിഫ്റ്റിന്റെ പുതിയ പരിസ്ഥിതി സൗഹൃദ കാമ്പസ് പ്രവര്‍ത്തനം ആരംഭിച്ചത്.