കരമന-കളിയിക്കാവിള പാത വികസനം: നേമം വില്ലേജ് ഓഫീസ് പൊളിക്കും
Posted on: 19 Aug 2015
നേമം: കരമന-കളിയിക്കാവിള ദേശീയപാത വികസനത്തോടനുബന്ധിച്ച് നേമം വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചുനീക്കാന്‍ പൊതുമരാമത്ത് തീരുമാനിച്ചു. പകരം സമീപത്തെ നഗരസഭാ കല്യാണ മണ്ഡപത്തിലോ നേമം സബ് ട്രഷറി ഓഫീസിലോ വില്ലേജ് ഓഫീസര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സ്ഥലം കണ്ടെത്താനാണ് നീക്കമെന്നറിയുന്നു.
പഴയ കച്ചേരിനട എന്നറിയപ്പെട്ടിരുന്ന നേമം വില്ലേജ് ഓഫിസിന് വെള്ളായണി ക്ഷേത്രവുമായി ബന്ധപ്പെട്ടും അല്ലാതെയും വളരെയേറെ ചരിത്ര പ്രാധാന്യമുണ്ട്. പദ്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് പുറപ്പെടുന്ന സരസ്വതി വിഗ്രഹങ്ങള്‍ ഇറക്കിപ്പൂജ നടത്തുന്നതും വിശ്രമിക്കുന്നതും നേമം വില്ലേജ് ഓഫീസിലാണ്. വെള്ളായണി ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കച്ചേരിനട എഴുന്നള്ളിപ്പ് പ്രസിദ്ധമാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് വില്ലേജ് ഓഫീസ് കെട്ടിടം പൊളിക്കാതെ അലൈന്മെന്റില് മാറ്റം വരുത്താന്‍ ശ്രമിക്കുമെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ നേരത്തെ പറഞ്ഞിരുന്നു.
റോഡിന് വീതി കൂട്ടുന്നതിന്റെ ഭാഗമായി വില്ലേജ് ഓഫീസിന്റെ മുന്‍വശത്തെ ഗേറ്റും മതിലും ഇടിച്ചു കഴിഞ്ഞു. ചരിത്ര പ്രാധാന്യമുള്ള സ്ഥലമായതിനാല്‍ വില്ലേജ് ഓഫീസിലെ ഒരു ഭാഗം പൊളിക്കാതെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ജനങ്ങളുടെ സൗകര്യാര്‍ഥം വില്ലേജ് ഓഫീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതിന്റെ തൊട്ടടുത്ത് പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ ശേഷിക്കുന്ന ചെറിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന് നേമത്തെ റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്രസംഘടനയായ ഫ്രാന്‍സിന്റെ ജനറല്‍ സെക്രട്ടറി മണ്ണാങ്കല്‍ രാമചന്ദ്രന് ആവശ്യപ്പെടുന്നു. സ്ഥലമെടുപ്പില്‍ ആയുര്‍വേദ ആശുപത്രിയുടെ പ്രധാന കെട്ടിടം നേരത്തെ പൊളിച്ചുനീക്കി. ഇപ്പോള്‍ നിലനില്‍ക്കുന്ന ചെറിയ കെട്ടിടത്തില്‍ സ്ഥലസൗകര്യം കുറവായതിനാല്‍ വില്ലേജ് ഓഫീസര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും അഭിപ്രായമുണ്ട്.