ചേപ്പിലോട് പാലം നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുന്നു

Posted on: 19 Aug 2015



പാലോട്: മൂന്ന് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മുതുവിള-ചേപ്പിലോട് പാലത്തിന്റെ നിര്‍മ്മാണം ത്രിശങ്കുവില്‍. പണി തുടങ്ങി വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും കരയിലിരിക്കുന്ന പാലം ബീമിന് മുകളില്‍ കയറ്റാനാകുന്നില്ല.
പുല്ലമ്പാറ, കല്ലറ, നന്ദിയോട് പഞ്ചായത്തുകളെ തമ്മില്‍ കൂട്ടിച്ചേര്‍ക്കാനായി ജില്ലാപ്പഞ്ചായത്ത് മൂന്നുവര്‍ഷം മുമ്പാണ് മുപ്പത്തിയെട്ട് ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന ചേപ്പിലോട് പാലത്തിന് തറക്കല്ലിട്ടത്. സ്ഥലമേറ്റടുപ്പായിരുന്നു ആദ്യത്തെ കീറാമുട്ടി. ചേപ്പിലോടുനിന്ന് പാലത്തിലെത്തേണ്ട പാതയ്ക്ക് സ്ഥലവാസി ബാലചന്ദ്രന്‍ ഭൂമി വിട്ടുനല്‍കിയതോടെ പാലംപണി ആരംഭിച്ചു. എന്നാല്‍, പാലത്തിന്റെ മറുകരയില്‍ ഭൂമി കിട്ടിയില്ല. പുല്ലമ്പാറ പഞ്ചായത്ത് ഈക്കാര്യത്തില്‍ വേണ്ടത്ര താല്‍പ്പര്യവും കാട്ടിയില്ല. ഇവിടെ ഭൂമികിട്ടാത്തതിനാല്‍ അഞ്ചര മീറ്റര്‍ വീതിയില്‍ ഇരുമ്പുപാളങ്ങള്‍കൊണ്ട് കരയില്‍വെച്ചുതന്നെ പാലം നിര്‍മ്മിക്കേണ്ടിവന്നു. പാലം എടുത്ത് ബീമിനു മുകളില്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ രണ്ടുവട്ടവും പരാജയമായി. മാപ്പിളഖലാസികള്‍ വന്നെങ്കിലും രക്ഷയുണ്ടായില്ല. പാലംപണി ഏറ്റെടുത്ത കരാറുകാരന്‍ വലിയ നഷ്ടങ്ങള്‍ സഹിച്ചും നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നുെണ്ടന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍, 40 ടണ്‍ ഭാരമുള്ള ഈ ഇരുമ്പുപാലം എടുത്തുയര്‍ത്തി ബീമിനുമുകളില്‍ എങ്ങനെ ഘടിപ്പിക്കും എന്ന കാര്യത്തില്‍ ഇപ്പോഴും സംശയം ബാക്കിയാണ്.
പാലത്തിനുവേണ്ടി ഇറക്കിയിട്ട ഇരുമ്പുപാളങ്ങളും ഉപകരണങ്ങളും തുരുമ്പെടുത്ത് നശിച്ചുതുടങ്ങി. പാലത്തില്‍നിന്ന് താഴെയിറങ്ങാന്‍ പത്തടിയിലേറെ താഴ്ചയുണ്ട്. ആറ്റുപുറമ്പോക്കായിട്ടും ഇവിടെ സ്ഥലം വിട്ടുകിട്ടാന്‍വേണ്ട നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഇല്ല. ഇത്തിരി സ്ഥലം വിട്ടുനല്‍കാന്‍ സ്വകാര്യവ്യക്തികളും തയ്യാറല്ല. പാലത്തില്‍നിന്ന് ഏണിവെച്ച് താഴെയിറങ്ങേണ്ട ഗതികേടിലാണ് നാട്ടുകാര്‍.
പാലം യാഥാര്‍ത്ഥ്യമായാല്‍ നന്ദിയോട് പഞ്ചായത്തില്‍നിന്നും ചേപ്പിലോടുനിന്നും ഒരു കിലോമീറ്റര്‍ സഞ്ചരിച്ച് വളരെപ്പെട്ടന്ന് മുതുവിളയിലും അവിടെനിന്ന് പുല്ലമ്പാറ പഞ്ചായത്ത് ഓഫീസിലും എത്താം. കല്ലറയില്‍ എത്താനുള്ള എളുപ്പ വഴിയും ഇതുതന്നെ.
മുതുവിള യു.പി.എസ്. മിതൃമ്മല എച്ച്.എസ്.എസ്. എന്നിവിടങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ ചേപ്പിലോടുനിന്ന് വാമനപുരം ആറ് കടന്നാണ് പള്ളിക്കൂടത്തില്‍ എത്തുന്നത്. നേരത്തേ ഇവിടെയുണ്ടായിരുന്ന കടത്ത്, പാലംപണി തുടങ്ങിയതോടെ അവസാനിപ്പിക്കുകയും ചെയ്തു. പത്തു കിലോമീറ്റര്‍ ചുറ്റിക്കറങ്ങി ഇരുനൂറ്റിയന്‍പത് രൂപ വരെ ഓട്ടോക്കൂലി നല്‍കിയാണ് ഇപ്പോള്‍ പുറംലോകവുമായി ഇവര്‍ ബന്ധപ്പെടുന്നത്.
മുത്തുക്കാവ്, ചേപ്പിലേട്, പാണയം, കല്ലുവരമ്പ് തുടങ്ങിയ പിന്നാക്കപ്രദേശങ്ങള്‍ക്ക് ഏറെ ആശ്വാസമാണ് ഈ പാലം.
നാല് പഞ്ചായത്തുകളെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വാമനപുരം ആറിന് കുറുകേ ചെല്ലഞ്ചിയില്‍ പണിയുന്ന പാലത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. പണി തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാലം ഇപ്പോഴും നാല് തൂണില്‍ത്തന്നെയാണ് നില്‍പ്പ്.

More Citizen News - Thiruvananthapuram