കാട്ടാക്കട-തിരുവനന്തപുരം റോഡ്: സി.പി.എം. പ്രതിഷേധ ധര്‍ണ 22 ന്

Posted on: 19 Aug 2015



കാട്ടാക്കട: കാട്ടാക്കട-തിരുവനന്തപുരം റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് 22ന് 6 കേന്ദ്രങ്ങളില്‍ സി.പി.എം. ധര്‍ണ നടത്തും. അറ്റകുറ്റപ്പണി നടക്കാത്ത റോഡ് കുഴി നിറഞ്ഞ് യാത്രക്കാരുടെ നടുവോടിച്ചിട്ടും അനങ്ങാത്ത അധികൃതരുടെ കണ്ണ് തുറപ്പിക്കാനാണ് സമരം എന്ന് സി.പി.എം. കാട്ടാക്കട ഏരിയാ സെക്രട്ടറി ഐ.ബി.സതീഷ്, വിളപ്പില്‍ ഏരിയാ സെക്രട്ടറി പുത്തന്‍കട വിജയന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പേയാട്, തച്ചോട്ടുകാവ്, മലയിന്‍കീഴ്, അന്തിയൂര്‍കോണം, കിള്ളി, കാട്ടാക്കട എന്നിവിടങ്ങളിലാണ് ധര്‍ണ. റോഡ് പണി ചെയ്യും എന്ന പ്രഖ്യാപനം അല്ലാതെ പണി എപ്പോള്‍ തുടങ്ങും എന്ന് പറയാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു. റോഡിന്റെ ദയനീയ സ്ഥിതിയെക്കുറിച്ച് മാതൃഭൂമി പല തവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റോഡ് തകര്‍ന്നതോടെ ഇതുവഴിയുള്ള യാത്ര ദുഷ്‌കരമാവുകയും അപകടങ്ങള്‍ കൂടുകയുമാണ്. മലയോര മേഖലയെ നഗരവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് നന്നാക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത്.

More Citizen News - Thiruvananthapuram