തിരുവനന്തപുരം: ത്രീ, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ പൂട്ടിയശേഷം മയക്കുമരുന്ന് കേസുകളുടെ എണ്ണം ഇരട്ടിയായി. ഭൂരിഭാഗം ബാറുകളും പൂട്ടുമ്പോള്‍ അബ്കാരി കുറ്റകൃത്യങ്ങള്‍ കൂടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും മയക്കുമരുന്ന് ഉപയോഗത്തില്‍ എക്സൈസ് പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ വര്‍ധനയാണുണ്ടായത്.
മദ്യനയം നിലവില്‍വന്ന ഏപ്രിലില്‍ 67 നാര്‍ക്കോട്ടിക് കേസുകളാണ് എക്സൈസ് എടുത്തത്. എന്നാല്‍ ജൂലായില്‍ അത് 128 കേസുകളായി ഉയര്‍ന്നു. ലഹരി ഉപയോഗിച്ച് തുടങ്ങുന്ന യുവതലമുറ മദ്യത്തിന് പകരം മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തിരിയുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പോലീസ് പിടികൂടുന്ന കേസുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ മയക്കുമരുന്ന് ഉപഭോഗത്തില്‍ കാര്യമായ വര്‍ധനവുണ്ടായെന്ന് വ്യക്തമാകും.
മയക്കുമരുന്നുകളില്‍ കൂടുതല്‍ പ്രചാരത്തിലുള്ളത് കഞ്ചാവാണ്. പ്രതിമാസം 100 കിലോ കഞ്ചാവ് വീതം എക്സൈസ് പരിശോധനകളില്‍ പിടിക്കപ്പെടുന്നുണ്ട്. ഇതിന്റെ അഞ്ചിരട്ടിയോളം വില്‍ക്കപ്പെടുന്നുവെന്നതാണ് യാഥാര്‍ഥ്യം. അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. ജൂലായില്‍ 147 പേരെയാണ് നാര്‍ക്കോട്ടിക് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്. അതേസമയം ഏപ്രിലില്‍ 72 പേരാണ് പിടിയിലായത്. ബ്രൗണ്‍ഷുഗര്‍, കറുപ്പ് എന്നിവയുടെ ഉപഭോഗവും കൂടിയിട്ടുണ്ട്. ഏപ്രിലിന് മുമ്പേ ഈ വിഭാഗത്തില്‍ ഒന്നോ രണ്ടോ കേസുകളാണുണ്ടായിരുന്നത്. എന്നാല്‍ ഓരോ വിഭാഗത്തിലും നാലും അഞ്ചും കേസുകള്‍ മാസവും പിടികൂടുന്നുണ്ട്. മയക്കുമരുന്ന് കേസുകളില്‍ പിടികൂടുന്ന വാഹനങ്ങളുടെ എണ്ണവും ഇരട്ടിയായി. ഏപ്രിലില്‍ ഏഴ് വാഹനങ്ങളാണ് എക്സൈസ് കണ്ടുകെട്ടിയത്. ജൂണില്‍ 25 വാഹനങ്ങളായി കൂടി.
വന്‍തോതില്‍ കഞ്ചാവ് കടത്തുന്ന കേസുകളും വര്‍ധിച്ചിട്ടുണ്ട്. ജൂലായില്‍ 40 മേജര്‍ നാര്‍ക്കോട്ടിക് കേസുകളാണുണ്ടായത്. വന്‍തോതില്‍ കച്ചവടത്തിന് എത്തിക്കുമ്പോള്‍ പിടികൂടുന്നതാണിവ. സ്പെഷല്‍ ഡ്രൈവുകള്‍ നടത്തിയിട്ടുപോലും പരിശോധന കാര്യക്ഷമമാക്കാന്‍ എക്സൈസിന് കഴിയുന്നില്ല. കേസ് അന്വേഷണം, കോടതി, ചെക്ക് പോസ്റ്റ് ഡ്യൂട്ടി എന്നിവ കഴിഞ്ഞശേഷം പരിശോധന നടത്താന്‍ സമയം കിട്ടാറില്ല. പുതിയ മദ്യനയം സ്വീകരിക്കുന്നതിന് മുമ്പേ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശ നിലവിലുണ്ടായിരുന്നു. ഇതുവരെ നടപ്പാക്കിയിട്ടില്ല. മദ്യനയം നിലവില്‍വന്ന ഏപ്രിലില്‍ എക്സൈസ് 9594 റെയ്ഡുകളാണ് നടത്തിയത്. ജൂലായില്‍ 10984 പരിശോധനകളാണ് നടന്നത്.
ഏപ്രിലില്‍ 1215 അബ്കാരി കേസുകളുണ്ടായിരുന്നത്. ജൂലായില്‍ 1355 കേസുകളായി ഉയര്‍ന്നു. 2014-ല്‍ 14169 കേസുകളാണ് എക്സൈസ് എടുത്തത്. പുതിയ മദ്യനയം നിലവില്‍ വന്നശേഷം ജൂണ്‍ പിന്നിടുമ്പോള്‍ 5067 കേസുകളെടുത്തു.