ജപ്പാന്സംഘം മാണിക്കല്‍ പഞ്ചായത്ത് സന്ദര്‍ശിച്ചു
Posted on: 18 Aug 2015
മാണിക്കല്‍: ജപ്പാനിലെ നിഹോണ്‍ ഫുക്കുഷി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ മാണിക്കല്‍ ഗ്രാമപ്പഞ്ചായത്ത് സന്ദര്‍ശിച്ചു. 20 വര്‍ഷമായി കേരളത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന, പ്രൊഫസര്‍ ചിചിറോ സൈറ്റോയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥിനികളായ ടൊമോകോ കിഡാ, യോഷിമി കൊസാകി, ഇക്കുയോ വിസുതാനി, നോറിക്കോ വട്ടാറു എന്നിവര്‍ മാണിക്കല്‍ പഞ്ചായത്തിന്റെ വികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ എത്തിയത്. സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെലപ്പ്മെന്റിലെ അംഗങ്ങളും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജയന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് പ്രൊഫസ്സറെയും വിദ്യാര്‍ഥികളെയും സ്വീകരിച്ചു. ഭരണസമിതി അംഗങ്ങളുമായും ഉദ്യോഗസ്ഥരുമായും സംഘം ആശയവിനിമയം നടത്തി. പഞ്ചായത്ത് നടത്തിവരുന്ന വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് വിവരിച്ചു. സെക്രട്ടറി എം.പി.പ്രമോദ് മറ്റ് പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
തുടര്‍ന്ന് സംഘം വെമ്പായം പുളിക്കക്കോണം ജലനിധി പദ്ധതി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുകയും പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍ക്കുളം സന്ദര്‍ശിക്കുകയും ചെയ്തു.