വിഴിഞ്ഞം: ആരോപണങ്ങള്‍ പ്രതിപക്ഷനേതാവ് തിരുത്തണം -മുഖ്യമന്ത്രി
Posted on: 18 Aug 2015
തിരുവനന്തപുരം: വിഴഞ്ഞം പദ്ധതി റിയല്‍ എസ്റ്റേറ്റ് കച്ചവടമാണെന്ന ആരോപണം പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് തിരുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. വിഴിഞ്ഞം പദ്ധതിക്ക് തുടക്കംകുറിച്ച മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയെക്കുറിച്ച് എല്ലാം അറിയുന്ന ആളാണ് പ്രതിപക്ഷ നേതാവ്. അദ്ദേഹത്തിന്റെ ഈ തെറ്റായ ആരോപണങ്ങളില്‍ വേദനയുണ്ട്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തുറമുഖത്തിനുവേണ്ടി ശ്രമിച്ചതാണ്. 2500ഓളം ഏക്കര്‍ വരുന്ന സ്ഥലമാണ് വി.എസ്സിന്റെ കാലത്ത് ആദ്യം ഏറ്റെടുക്കാന്‍ നോട്ടിഫൈ ചെയ്തത്. വ്യാപകമായ എതിര്‍പ്പുയര്‍ന്നതോടെ അത് 120 ഹെക്ടറായി കുറച്ചു. എന്നാല്‍, ഇതിേനക്കാള് കുറച്ച് 230 ഏക്കര്‍ മാത്രമാണ് ഇപ്പോള്‍ ഏറ്റെടുത്തത്. ഇതെങ്ങനെ റിയല്‍ എസ്റ്റേറ്റ് കച്ചവടമാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
വിവാദങ്ങളില്ലാതെ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനനുവദിച്ചില്ലെങ്കില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന സ്ഥലമേറ്റെടുക്കല്‍ നോട്ടിഫിക്കേഷന്‍ അടക്കമുള്ള രേഖകളെല്ലാം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡി.സി.സി. പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള അധ്യക്ഷനായിരുന്നു. മന്ത്രിമാരായ കെ.ബാബു, വി.എസ്.ശിവകുമാര്‍, കോണ്‍ഗ്രസ് നേതാക്കളായ എം.എം.ഹസ്സന്, തലേക്കുന്നില്‍ ബഷീര്‍, തമ്പാനൂര്‍ രവി, ശരത്ചന്ദ്രപ്രസാദ്, എം.എ.വാഹീദ്, കെ.എസ്.ശബരീനാഥന്, വിഴിഞ്ഞം ഇമാം മുഹമ്മദ് ആബീദ് മൗലവി, ഗുരുരത്നം ജ്ഞാനതപസ്വി, ഇ.എം.നജീബ് തുടങ്ങിയവര്‍ പങ്കെടുത്തു.