വിഴിഞ്ഞം ആഹ്ലാദത്തിമിര്‍പ്പില്‍
Posted on: 18 Aug 2015
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി കരാറില്‍ സംസ്ഥാന സര്‍ക്കാറും അദാനി ഗ്രൂപ്പും ഒപ്പുവെച്ചതോടെ വിഴിഞ്ഞത്ത് ആഹ്ലാദത്തിരയേറ്റം. സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാകുന്നതിന്റെ ആഹ്ലാദത്തിമിര്‍പ്പിലായിരുന്നു തീരവാസികള്‍. മധുരം വിതരണം ചെയ്തും പായസം വെച്ചുവിളമ്പിയും ഈ വിശേഷ സുദിനം അവര്‍ കൊണ്ടാടി.
സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറുന്ന പദ്ധതിയുടെ കരാര്‍ ഒപ്പിടല്‍ ചടങ്ങ് തിങ്കളാഴ്ച വൈകുന്നേരം ദര്‍ബാര്‍ ഹാളില്‍ നടന്നതിനു പിന്നാലെയായിരുന്നു വിഴിഞ്ഞം ഉള്‍പ്പെടെയുള്ള സമീപ തീരങ്ങളില്‍ ആഹ്ലാദ സദസ്സുകള്‍ നടന്നത്. വിഴിഞ്ഞം മത്സ്യബന്ധന ഹാര്‍ബറില്‍ രാവിലെ തന്നെ തൊഴിലാളികള്‍ മധുരം വിതരണം ചെയ്ത് സന്തോഷം പങ്കിട്ടിരുന്നു.
ജനതാദള്‍ (യു) കോവളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിഴിഞ്ഞം ജങ്ഷനില്‍ ആഹ്ലാദ സദസ്സ് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എം.എന്‍.നായര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഊക്കോട് അനില്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ സുധീര്‍ ഖാന്, മുജീബ് റഹ്മാന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൂഫസ് ഡാനിയല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം മധുരം വിതരണം ചെയ്ത് പ്രവര്‍ത്തകര്‍ ആഹ്ലാദം പങ്കിട്ടു.
മുല്ലൂരില്‍ പദ്ധതി പ്രദേശത്തിനു സമീപം കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് പായസവിതരണം നടത്തി. കോവളം ജങ്ഷനിലും നാട്ടുകാര്‍ പായസവിതരണം നടത്തി പദ്ധതിയോട് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തി.