മനുഷ്യാവകാശ കമ്മീഷനില്‍ പരാതികളുടെ പകര്‍പ്പും നല്‍കണം
Posted on: 18 Aug 2015
തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്കുമ്പോള് എതിര്‍കക്ഷികളുടെ എണ്ണത്തിനനുസരിച്ച് പരാതിയുടെ പകര്‍പ്പുകളും സമര്‍പ്പിക്കണമെന്ന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി.കോശി അറിയിച്ചു.
പരാതിക്കാരന്റെയും എതിര്‍കക്ഷികളുടെയും ബന്ധപ്പെട്ട കക്ഷികളുടെയും ജില്ലയും പിന്‍കോഡും അടക്കമുള്ള വിലാസം വ്യക്തമാക്കിയിരിക്കണം. കോടതികളിലോ ലോകായുക്തയിലോ പോലീസ് കംപ്ലയന്റസ് അതോറിറ്റിയിലോ മറ്റ് കമ്മീഷനിലോ പരിഗണനയിലിരിക്കുന്ന പരാതിയാണെങ്കില്‍ അക്കാര്യം കമ്മീഷനില്‍ നല്കുന്ന പരാതിയില്‍ സൂചിപ്പിക്കണം. അത്തരം പരാതികള്‍ മനുഷ്യാവകാശ കമ്മീഷനില്‍ നിലനില്‍ക്കുന്നതല്ല.
കമ്മീഷനില്‍ ഒരേ വിഷയത്തില്‍ നേരത്തെ പരാതി നല്കിയിട്ടുണ്ടെങ്കില് മുന്‍ പരാതിയുടെ നമ്പര്‍ പുതിയ പരാതിയില്‍ ചേര്‍ക്കേണ്ടതാണ്. പരാതികള്‍ക്ക് അപേക്ഷാ ഫീസില്ല. സ്റ്റാമ്പ് ഒട്ടിക്കേണ്ടതില്ല. പരാതികള്‍ നേരിട്ടോ തപാല്‍, ഇ-മെയില്‍ വഴിയോ സമര്‍പ്പിക്കാവുന്നതാണ്. അവ്യക്തവും നിസാരവുമായ പരാതികള്‍ സ്വീകരിക്കില്ലെന്നും ജസ്റ്റിസ് ജെ.ബി.കോശി അറിയിച്ചു.