കെ.എസ്.ആര്.ടി.സി. സര്‍വീസുകള്‍ കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണം - എ.ഐ.വൈ.എഫ്.
Posted on: 18 Aug 2015
തിരുവനന്തപുരം: ജില്ലയിലെ കെ.എസ്.ആര്.ടി.സി. ഡിപ്പോകളില്‍ വ്യാപകമായി സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്ന നടപടി ഉപേക്ഷിക്കണമെന്ന് എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മുന്നറിയിപ്പില്ലാതെ സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നതുകാരണം യാത്രാക്ലേശം ഗ്രാമീണമേഖലകളടക്കം രൂക്ഷമാവുകയാണ്. സംസ്ഥാനത്താകെ 4200 ഓളം ഷെഡ്യൂളുകളാണ് കെ.എസ്.ആര്.ടി.സി. വെട്ടിക്കുറച്ചിരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോ, നെയ്യാറ്റിന്‍കര, പാറശാല, വിഴിഞ്ഞം, കാട്ടാക്കട, നെടുമങ്ങാട് തുടങ്ങിയ പ്രധാനപ്പെട്ട ഡിപ്പോകളിലെല്ലാം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയാണ്. സ്വകാര്യബസ് മുതലാളിമാരെയും സമാന്തര സര്‍വീസുകാരെയും സഹായിക്കുന്നതിനാണ് സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നതോടെ ഓണക്കാലത്ത് കെ.എസ്.ആര്.ടി.സി.ക്ക് ലഭിക്കേണ്ടുന്ന വരുമാനത്തിലും ഇടിവുണ്ടാകും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്.ആര്.ടി.സി.യില്‍ സര്‍വീസുകളുടെ എണ്ണം കൂട്ടി വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.