കൊയ്ത്തിനൊരുങ്ങി അരുമാനൂരിലെ വയലുകള്‍
Posted on: 18 Aug 2015
പൂവാര്‍: ചിങ്ങമെത്തിയപ്പോള്‍ അരുമാനൂരിലെ വയലുകള്‍ കതിരണിഞ്ഞു. നോക്കെത്താദൂരത്തോളം വയലുകള്‍ ഉണ്ടായിരുന്ന അരുമാനൂരില്‍ ശേഷിക്കുന്ന വയലുകളാണിത്. മാത്രമല്ല പൂവാര്‍ പഞ്ചായത്തിലെ ശേഷിക്കുന്ന നെല്‍ കൃഷിയും ഇവിടെയാണ്.
പാഞ്ചിക്കാല സ്വദേശിയായ വി.എം. സ്റ്റാന്‍ലിയാണ് ഇവിടെ വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്യുന്നത്. സമീപത്തെ പാടശേഖരങ്ങള്‍ മുഴുവന്‍ നികത്തി തെങ്ങ് ഉള്‍പ്പെടെയുള്ള കൃഷിയിലേക്ക് മാറി.
എന്നാല്‍ ഈ കൃഷിക്കാരന് നെല്‍കൃഷി ഉപേക്ഷിക്കാന്‍ മനസ്സ് വന്നില്ല. ചുറ്റുപാടും തെങ്ങുകള്‍ വളരുമ്പോള്‍ ഇദ്ദേഹം അവയെ വെല്ലുവിളിച്ചുകൊണ്ട് ഇവിടെ വിത്ത്വിതച്ച് ഞാറ് നടുന്നു. കതിരണിയിച്ച് കൊയ്തെടുക്കുന്നു. ശേഷിക്കുന്ന മൂന്ന് വയലുകളിലായി തലയെടുപ്പോടെ തന്നെ അവയെ പരിപാലിക്കുന്നു.
നെല്‍കൃഷി നഷ്ടം എന്നപേരിലാണ് പലരും കൃഷി ഉപേക്ഷിച്ചത്. വിളവിനേക്കാള്‍ കൂലി കൊടുക്കേണ്ടിവരും. കൂടാതെ കൃഷിയിറക്കാന്‍ ആളെയും കിട്ടാതായി. എന്നാല്‍ സ്റ്റാന്‍ലി കൃഷിയില്‍നിന്ന് പിന്തിരിഞ്ഞില്ല. തൂമ്പായെടുത്ത് പാടത്തേക്കിറങ്ങി. നെല്‍വയലുകള്‍ അപൂര്‍വമായ ഈ കാലത്ത് ഇവിടത്തെ നെല്‍വയല്‍ കാണാന്‍ എത്തുന്നവരും ഏറെയാണ്. സ്കൂള്‍ വിദ്യാര്‍ത്ഥികളേയും വയലുകാണിക്കാന് ഇവിടെ എത്തിക്കുന്നതും പതിവാണ്.