ബ്രിട്ടീഷ് നഗരത്തിലെ മേയറുമായി സമയം പങ്കിട്ട് സ്വാതന്ത്ര്യദിനത്തില്‍ സംവാദം
Posted on: 17 Aug 2015
ആറ്റിങ്ങല്‍: ചെങ്കോട്ടയില്‍ ബ്രിട്ടന്റെ പതാക താഴ്ന്ന് മൂവര്‍ണക്കൊടി ഉയര്‍ന്നതിന്റെ 69-ാം വാര്‍ഷികാഘോഷവേളയില്‍ ബ്രിട്ടീഷ് നഗരത്തിന്റെ ഭരണയന്ത്രം തിരിക്കുന്ന മലയാളിയുമൊത്ത് സമയം ചെലവിടാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ആറ്റിങ്ങല്‍ ഗവ. ബി.എച്ച്.എസ്.എസ്സിലെ എസ്.പി.സി. കേഡറ്റുകള്‍. ക്രോയ്ഡണ്‍ സിറ്റി മേയറായ മഞ്ജുഷാ ഷാഹുല്‍ഹമീദാണ് സ്കൂളില്‍ വിശിഷ്ടാതിഥിയായെത്തിയത്.
രാവിലെ 8.10ന് നഗരസഭയില്‍ പാതാക ഉയര്‍ത്തലിനും സല്യൂട്ട് നല്‍കലിനും ശേഷമായിരുന്നു കുട്ടിപ്പോലീസുകാര്‍ സ്വന്തം തട്ടകത്തില്‍ ആഘോഷത്തിനെത്തിയത്. സ്കൂളില്‍ പതാകയുയര്‍ത്തലിന് ശേഷം സി.ഐ. എം.അനില്‍കുമാര്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് സംസാരിച്ചു.
ഈ സമയത്താണ് വിശിഷ്ടാതിഥിയായി ക്രോയ്ഡന്‍ സിറ്റി മേയര്‍ സ്കൂളിലെത്തിയത്. ഡിവൈ.എസ്.പി. ആര്.പ്രതാപന്‍നായര്‍ മേയറെ പൊന്നാടയണിയിച്ചു. പി.ടി.എ. പ്രസിഡന്റ് സതീഷ്കുമാര്‍, പ്രിന്‍സിപ്പല്‍ ഹസീന, സി.പി.ഒ.മാരായ വി.ഷാജി, സബീല, ഡ്രില്‍ ഇന്‍സ്പെക്ടര്‍ നൗഷാദ് എന്നിവര്‍ പങ്കെടുത്തു. എന്‍.സി.സി., എന്‍.എസ്.എസ്., ജെ.ആര്.സി. വളണ്ടിയര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.