പുനര്‍ജനിക്കുന്ന കാട്ടാളദേശം
Posted on: 17 Aug 2015
നാട്ടുവിശേഷം
തപസ്സിരുന്ന അര്ജുനന് കാട്ടാളവേഷത്തില്‍ പരമശിവന് ദര്‍ശനം നല്‍കിയെന്ന ഐതിഹ്യപെരുമയുള്ള സ്ഥലമാണ് കാട്ടാളദേശം. കാട്ടാള ശിവക്ഷേത്രവും അര്ജുനന് പാറയും ഇവിടെ സ്ഥിതിചെയ്യുന്നു. കന്യാകുമാരി ജില്ലയില്‍ കുലശേഖരത്തിനും തക്കലയ്ക്കുമിടയില് മുട്ടയ്ക്കാടിനടുത്താണിത്. അര്ജുനന് പാറയ്ക്കടുത്തായി പൂക്കുന്നിമലയും അടുപ്പുകൂട്ടി മലയുമുണ്ട്.. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ജനവാസ കേന്ദ്രമായിരുന്ന കാട്ടാളദേശം മുകിലന്പടയുടെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞു. കാട്ടാളശിവക്ഷേത്രം പുരുദ്ധരിച്ചതിനെത്തുടര്ന്ന് പുനര്‍ജനിക്കുകയാണ് കാട്ടാളദേശം.
ആറാമത് ശിവാലയ ക്ഷേത്രമായ പന്നിപാകത്തിന് രണ്ടുകിലോമീറ്റര്‍ ദൂരത്താണ് കാട്ടാളദേശം. കിരാതം കഥയില്‍ പന്നി അമ്പേറ്റ് രണ്ട് തുണ്ടുകളായത്രെ. ഒരു ഭാഗം പന്നിപ്പാകത്തും മറ്റൊന്ന് പന്നിപൊറ്റയിലും വീണുവെന്നാണ് ഐതിഹ്യം. അര്ജുനന് പാറയില്‍ അര്ജുനന് തപസ്സിരുന്നതായി കരുതുന്ന പീഠം മലമുകളിലുണ്ട്. അര്ജുനന് പാറയുടെ അടിവാരത്തില്‍ കണ്ഠന്‍ശാസ്താ ക്ഷേത്രമെന്ന ആരാധാനാകേന്ദ്രവുമുണ്ട്.
കാട്ടാള കുടുംബത്തില്‍പ്പെട്ടവരാണ് ദേവീക്ഷേത്ര പൂജകള്‍ കുറെ വര്‍ഷങ്ങളായി നടത്തിവരുന്നത്. അര്ജുനന്പാറയ്ക്കും കാട്ടാള ശിവക്ഷേത്രത്തിനുമിടയില് പദ്മനാഭപുരം പുത്തനാറ് കനാല്‍ ഒഴകുന്നു. മുകിലന് പടയുടെ ആക്രമണത്തില്‍ തകര്ക്കപ്പെട്ടക്ഷേത്രം പുതുക്കിപ്പണിതിട്ട് കുറച്ചുകാലങ്ങളെ ആകുന്നുള്ളൂ. പാണ്ഡ്യരാജാക്കന്മാരുടെ കാലത്ത് ക്ഷേത്രത്തില്‍ നവീകരണം നടന്നതായി രേഖയുണ്ട്. മുന്‍കാലത്ത് രാജപാത ഇതുവഴി കടന്നുപോയിരുന്നു. പാണ്ഡ്യരാജാക്കന്മാര് പണിത വഴിമണ്ഡപങ്ങള് തകര്‍ന്നനിലയില്‍ പാതയോരത്തുണ്ട്. പാണ്ഡ്യരാജാക്കന്മാരുടെ കാലത്ത് വ്യവസായകേന്ദ്രവും ജനവാസകേന്ദ്രവുമായിരുന്നുവത്രെ ഈ സ്ഥലം.
ക്ഷേത്രം തകര്‍ന്നപ്പോള്‍ നാട്ടുകാര്‍ ദൂരെസ്ഥലങ്ങളിലേക്ക് ചേക്കേറി. നാട്ടുകാരും നാടുവാഴികളും ഉപേക്ഷിച്ചപ്പോള്‍ കാട്ടാളദേശം കാടായിമാറി. പദ്മനാഭപുരം പുത്തനാറ് കനാല്തീരത്തുള്ള പ്രദേശങ്ങള്‍ പില്ക്കാലത്ത് കൃഷിഭൂമിയാക്കി മാറ്റി. എങ്കിലും ക്ഷേത്രങ്ങളെ പുതുക്കിപ്പണിയാനോ, സംരക്ഷിക്കാനോ ശ്രമമുണ്ടായില്ല. ക്ഷേത്രങ്ങളുടെ നവീകരണത്തെത്തുടര്‍ന്ന് കാട്ടാളദേശം ജനവാസകേന്ദ്രമാകാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.