പച്ചക്കറി കൃഷിയില്‍ 'പ്രതിഭ' തെളിയിച്ച് അതുല്‍
Posted on: 17 Aug 2015
നെയ്യാറ്റിന്‍കര: കുളത്തൂര്‍ കുഴിവിള മേലെപുതുവല് വീട്ടില്‍ പാചകത്തിനായി എല്ലാത്തരം പച്ചക്കറികളുമുണ്ട്. അതും രാസകീടനാശിനി തളിക്കാത്ത നല്ല നാടന്‍ ജൈവ കൃഷിയിലൂടെ വിളയിച്ചെടുത്ത പച്ചക്കറികള്‍. ഇവയെല്ലാം കൃഷി ചെയ്തെടുത്തതാകട്ടെ ആറാം ക്ലാസുകാരനായ അതുല്‍ എസ്. വിന്‍സ് എന്ന കൊച്ചു മിടുക്കന്. മണ്ണിനെ അറിഞ്ഞുള്ള അതുലിന്റെ ഈ കാര്‍ഷിക മികവിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഭാ പുരസ്കാരവും ലഭിച്ചു.
അസിസ്റ്റന്റ് കൃഷി ഓഫീസറായ അമ്മ ഷീലാ റാണിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് അതുല്‍ വീട്ടുവളപ്പില്‍ രണ്ട് വര്‍ഷം മുന്‍പ് പച്ചക്കറി കൃഷി ചെയ്ത് തുടങ്ങിയത്. വിത്തും വളവും അമ്മ കൊണ്ടുവന്ന് നല്കി. വീട്ട് വളപ്പിലെ ഏഴര സെന്റ് സ്ഥലമാണ് അതുലിന്റെ കൃഷിയിടം. ഇവിടെ ഇപ്പോള്‍ പച്ചക്കറി ഇനങ്ങളില്‍ ഇല്ലാത്തതായി യാതൊന്നുമില്ല. കാരണം എല്ലാ തരം പച്ചക്കറികളും അതുലിന്റെ ഈ ചെറിയ കൃഷിയിടത്തുണ്ട്.
അതുലിന്റെ അച്ഛന് ഗ്രാമവികസന വകുപ്പിലെ ജീവനക്കാരനായ വിന്‍സെന്റും പച്ചക്കറി തോട്ടം ഒരുക്കാന്‍ സഹായത്തിന് ഉണ്ടായിരുന്നു. ഓരോ തരം പച്ചക്കറികളും ശാസ്ത്രീയമായാണ് അതുല്‍ നട്ടുവളര്‍ത്തുന്നത്. കീടങ്ങള്‍ ആക്രമിക്കാതിരിക്കാനുള്ള മുന്‍കരുതലുകളും അതുല്‍ കൃഷിയിടത്ത് ഒരുക്കിയിട്ടുണ്ട്.
വെണ്ട, ചീര, കത്തിരി, മുളക്, വെള്ളരി, പാവല്‍, പടവലം, പയര്‍, വഴുതന, കോളിഫ്ലവര്‍ തുടങ്ങിയ പച്ചക്കറികള്‍ അതുലിന്റെ കൃഷിയിടത്തിലുണ്ട്. വേപ്പിന് തൈലമാണ് പ്രധാന കീടനാശിനി. അതുല്‍ ഇപ്പോള്‍ ഔഷധ സസ്യങ്ങളും വെച്ച് പിടിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
വീട്ടില്‍ പശുവും ആടും വളര്‍ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ വളത്തിന് യാതൊരു ബുദ്ധിമുട്ടും ഉദിക്കുന്നില്ല. കുളത്തൂര്‍ വലിയവിള സെന്റ് മേരീസ് പബ്ലിക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് അതുല്‍. നാലാം ക്ലാസില്‍ പഠിക്കുന്ന അമല്‍ അനുജനാണ്. കര്‍ഷകദിനമായ ചിങ്ങം ഒന്നിന് അതുലിന് സംസ്ഥാന കൃഷിവകുപ്പ് കര്‍ഷക പ്രതിഭ പുരസ്കാരം നല്കി ആദരിക്കും.