ശ്രീപദ്മനാഭന്റെ ചൈതന്യമാണ് തിരുവിതാംകൂറിന്റെ സമ്പത്ത് - സുഗതകുമാരി
Posted on: 17 Aug 2015
തിരുവനന്തപുരം: തിരുവിതാംകൂറിന്റെ രക്ഷകനായി നാം പൂജിക്കുന്ന ശ്രീപദ്മനാഭസ്വാമിയുടെ ചൈതന്യമാണ് തിരുവിതാംകൂറിന്റെ സമ്പത്തെന്ന് കവയിത്രി സുഗതകുമാരി പറഞ്ഞു. പദ്മനാഭസ്വാമിയെ കുബേരനായി ചിലര്‍ ചിത്രീകരിക്കുന്നത് വേദനാജനകമാണ്. പദ്മനാഭസ്വാമി വിശ്വത്തിന്റെ സംരക്ഷകനാണ്. 'തിരുവാഴുംകോട്' എന്ന പേരില്‍ ലോക പ്രശസ്തി നേടിയ തിരുവിതാംകൂറിന്റെ ചരിത്രവും സംസ്കാരവും വിശ്വ സംസ്കൃതിക്ക് പരിചയപ്പെടുത്താന്‍, അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ പദ്മനാഭസ്വാമി ക്ഷേത്ര ചരിത്രം സംബന്ധിച്ച് തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി രചിച്ച പുസ്തകത്തെ അടിസ്ഥാനമാക്കി തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍ ഗള്‍ഫ് ചാപ്റ്റര്‍ തയ്യാറാക്കുന്ന 'ചരിത്രം കാതോര്‍ക്കുന്ന ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം' ഡോകുമെന്ററി പ്രോജക്ടിന്റെ ഉദ്ഘാടനം കവടിയാര്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ സുഗതകുമാരി നിര്‍വഹിച്ചു.
സ്വാതന്ത്ര്യ സമര സേനാനിയും ചരിത്രകാരനുമായ അഡ്വ. അയ്യപ്പന് പിള്ള ആധ്യക്ഷ്യം വഹിച്ചു. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഡോകുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു.
ശ്രീ പദ്മനാഭസ്വാമിയുടെ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ച ക്ഷേത്ര ചരിത്രം ഡോക്യുമെന്ററിയാക്കുന്നത് ഈശ്വര നിയോഗമാണെന്നും ആചാരങ്ങളും അനുഷ്ഠാനങ്ങളും മാറ്റാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ 'നമ്മുടെ അമ്പലത്തിന് എന്തു പറ്റി' എന്ന ചിന്തയാണ് തനിക്കെന്നും തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി പറഞ്ഞു.
തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍ രക്ഷാധികാരി അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായിയുടെ നേതൃത്വത്തില്‍ മതിലകം രേഖകളും ചരിത്ര പണ്ഡിതന്മാരുടെ സാക്ഷ്യങ്ങളും സമുന്നയിപ്പിച്ച് തയ്യാറാക്കുന്ന തിരുവിതാംകൂര്‍ ചരിത്ര പഠനചിത്രമാണ് ഈ ഡോക്കുമെന്ററിയെന്ന് തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.