യുവാക്കള്‍ക്കായി യൂത്ത് ചലഞ്ച് പദ്ധതി ആരംഭിക്കും- മുഖ്യമന്ത്രി
Posted on: 17 Aug 2015
തിരുവനന്തപുരം: യുവാക്കളുടെ ആശയങ്ങള്‍ വ്യവസായങ്ങളാക്കി മാറ്റുന്നതിന് 'ഡോ. എ.പി.ജെ. അബ്ദുല്‍ കലാം യൂത്ത് ചലഞ്ച്' എന്ന പേരില്‍ പുതിയ പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളാ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലാകും പദ്ധതി ആരംഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
യൂത്ത് ചലഞ്ച് പദ്ധതിയില്‍ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കോ വിദ്യാര്‍ഥി സംഘങ്ങള്‍ക്കോ പങ്കെടുക്കാനാകും. ഏറ്റവും മികച്ച ആശയങ്ങള്‍ അവതരിപ്പിക്കുന്ന പത്ത് സംഘങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നല്‍കും. ഒരുവര്‍ഷത്തിന് ശേഷം ഇവയില്‍ നിന്ന് മികച്ച ആശയം സംരംഭമാക്കി മാറ്റാന്‍ ഓരോ വര്‍ഷവും 50 ലക്ഷം രൂപ നല്‍കും.
സംസ്ഥാനത്തിന്റെ പ്രകൃതി സമ്പത്തിനെ അമിതവും അശാസ്ത്രീയവുമായി ചൂഷണം ചെയ്യുന്നത് തടയാന്‍ സുസ്ഥിര വികസന കൗണ്‍സില്‍ രൂപവത്കരിക്കും. 14 ജില്ലകളില്‍ 3771 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പൊതു മരാമത്ത് വകുപ്പിന്റെ 21 മെഗാവര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കും. ടോളില്ലാതെ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ഇന്ധന വില്‍പ്പന നികുതിയില്‍ നിന്ന് ലഭിക്കുന്ന വിഹിതത്തിന്റെ 50 ശതമാനം തുക ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഴിമതിക്കെതിരെ ജനപങ്കാളിത്തത്തോടെയുള്ള പോരാട്ടമായ വിജിലന്റ് കേരളയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുന്നതോടൊപ്പം സേവനാവകാശ നിയമം എല്ലാ വകുപ്പുകളിലും നിര്‍ബന്ധമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിത്യോപയോഗ സാധനങ്ങള്‍ വിപണിവിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് നല്‍കും. ജൈവകൃഷിക്ക് പ്രോത്സാഹനം നല്‍കുന്നതോടൊപ്പം വിഷലിപ്തമായ ഭക്ഷ്യവസ്തുക്കള്‍ തടയാന്‍ പരിശോധനകള്‍ കര്‍ശനമാക്കും. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 36491 പേര്‍ക്ക് മൂന്ന് സെന്റുവീതം ഭൂമി നല്കാന് ശ്രമം നടത്തുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷം ഒരു ലക്ഷം വീടുകള്‍ നിര്‍മ്മിക്കും. എം.എന്‍. ലക്ഷം വീട് പദ്ധതിയിലെ നാശോന്മുഖമായ വീടുകളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുക്കിപ്പണിയും. കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി പ്രഖ്യാപിച്ച ഒട്ടുമിക്ക കാര്യങ്ങളും സര്‍ക്കാര്‍ നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ പതാക ഉയര്‍ത്തിയശേഷം പരേഡ് പരിശോധിച്ച മുഖ്യമന്ത്രി രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചവര്‍ക്കും മറ്റ് മെഡലുകള്‍ക്ക് അര്‍ഹരായവര്‍ക്കും അവ വിതരണം ചെയ്തു. തുടര്‍ന്ന് മാലിന്യമുക്ത പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. കെ.എ.പി. മൂന്നാം ബറ്റാലിയന് ഡെപ്യൂട്ടി കമാന്‍ഡന്റ് കെ.ടി. ചാക്കോ ആയിരുന്നു പരേഡ് കമാന്‍ഡര്‍.