സാങ്കേതിക സര്‍വകലാശാലക്ക് 'കേരള' യില്‍ നിന്ന് 50 ഏക്കര്‍ സ്ഥലം നല്‍കും
Posted on: 17 Aug 2015
സ്ഥലം വിട്ടുനല്‍കാന്‍
മുഖ്യമന്ത്രി നിര്‍ദേശിച്ചു
കോണ്‍സ്റ്റിറ്റിയുവന്റ് കോളേജുകള്‍ അടുത്ത വര്‍ഷം മുതല്‍ തുടങ്ങും
തിരുവനന്തപുരം: പുതുതായി രൂപവത്കരിച്ച കേരള സാങ്കേതിക സര്‍വകലാശാലയുടെ ആസ്ഥാനത്തിനായി കേരള സര്‍വകലാശാലയുടെ 50 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും. കേരള സര്‍വകലാശാലയുടെ കാര്യവട്ടത്തുള്ള സ്ഥലത്തുനിന്നാണ് 50 ഏക്കര്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
സംസ്ഥാനത്തെ എല്ലാ എന്‍ജിനിയറിങ് കോളേജുകളെയും അഫിലിയേറ്റ് ചെയ്യുന്ന സാങ്കേതിക സര്‍വകലാശാല നിലവില്‍ കാര്യവട്ടത്ത് കോളേജ് ഓഫ് എന്ജിനിയറിങ്ങിനോട് ചേര്‍ന്നാണ് താത്കാലികമായി പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ വ്യക്തികളില്‍ നിന്ന് സ്ഥലം ഏറ്റെടുക്കാനായിരുന്നു ആദ്യനീക്കം. സ്ഥലം വാങ്ങാന്‍ 50 കോടി രൂപ മുടക്കാമെന്നായിരുന്നു സര്‍ക്കാര്‍ തലത്തില്‍ ധാരണ. 50-60 ഏക്കര്‍ സ്ഥലം വാങ്ങാനാണ് ഉദ്ദേശിച്ചത്.
ഇതോടെ പല ഏജന്റുമാരും രംഗത്തിറങ്ങി. നെടുമങ്ങാടും നെയ്യാറ്റിന്‍കരയിലും സ്വകാര്യ സ്ഥലങ്ങള്‍ പലരും നിര്‍ദേശിച്ചു. നെയ്യാറ്റിന്‍കരയില്‍ വെള്ളക്കെട്ടുള്ള ഭൂമി വരെ ഭരണതലത്തില്‍ സ്വാധീനമുള്ളവര്‍ ഉദ്യോഗസ്ഥരെ കൊണ്ടുകാണിച്ചു. ഒടുവില്‍ നെടുമങ്ങാട്ടെ സ്വകാര്യ സ്ഥലം വാങ്ങാമെന്ന ധാരണയായി. സ്ഥലം വാങ്ങുന്നതിന് അനുമതിക്കുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ പക്കല്‍ ചെന്നപ്പോഴാണ് കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ നിന്ന് 50 ഏക്കര്‍ സ്ഥലം ഇതിനായി വിനിയോഗിക്കാമെന്ന് അദ്ദേഹം നിര്‍ദേശിച്ചത്. കേരള സര്‍വകലാശാലക്ക് നിലവില്‍ 310 ഏക്കര്‍ സ്ഥലമാണ് കാര്യവട്ടത്തുള്ളത്. ഈ സ്ഥലം കേരള സര്‍വകലാശാലയുടെ പേരില്‍ വാങ്ങിയിട്ടുള്ളതായതിനാല് ഇത് വിട്ടുനല്‍കുന്നതിന് സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെയും സെനറ്റിന്റെയും അനുമതി കൂടി വേണം. സര്‍ക്കാരിന് ഇരു സഭകളിലും ഭൂരിപക്ഷമുള്ളതിനാല്‍ അനുകൂല തീരുമാനം ഉണ്ടാകാനാണ് സാധ്യത.
1964 ല്‍ കേരള സര്‍വകലാശാലയുടെ വികസനത്തിനായാണ് കാര്യവട്ടത്ത് 460 ഏക്കര്‍ സ്ഥലം വാങ്ങിയത്. എന്നാല്‍ സര്‍വകലാശാലാ ആസ്ഥാനം അങ്ങോട്ടേക്ക് മാറ്റാനുള്ള നീക്കം എതിര്‍പ്പ് മൂലം കഴിഞ്ഞില്ല. കുറച്ച് പഠന വകുപ്പുകളാണ് അവിടെ തുടങ്ങിയത്. ഇതേ തുടര്‍ന്ന് കാര്യവട്ടം കോളേജ്, ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, ടെലഫോണ്‍ എക്സ്ചേഞ്ച്, ടെക്നോപാര്‍ക്ക്, ലക്ഷ്മിഭായ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജ് എന്നിവക്കായി സര്‍വകലാശാലയുടെ ഭൂമി വിട്ടുനല്‍കി. ഈയിനത്തില്‍ 110 ഏക്കര്‍ ഭൂമി കൈമാറ്റം ചെയ്തു.
എന്നാല്‍ ദേശീയ ഗെയിംസ് സ്റ്റേഡിയത്തിനായി 30 ഏക്കറും വഴിക്കായി ഏഴ് ഏക്കറും നല്‍കുന്നത് വിവാദമായി. ഒടുവില്‍ സ്ഥലം പാട്ടത്തിന് നല്‍കാനും 30 വര്‍ഷത്തിന് ശേഷം സര്‍വകലാശാലക്ക് തിരിച്ചുകിട്ടുമെന്നുമുള്ള വ്യവസ്ഥയില്‍ സ്റ്റേഡിയത്തിന് സ്ഥലം നല്‍കാനും തീരുമാനിച്ചു.
സാങ്കേതിക സര്‍വകലാശാല പേപ്പര്‍ലെസ് ഓഫീസായാണ് വിഭാവനം ചെയ്തിരിക്കുന്നത്. പരീക്ഷാ നടത്തിപ്പും മൂല്യനിര്‍ണയവും അടക്കമുള്ള കാര്യങ്ങള്‍ വരെ ഓണ്‍ലൈനാണ്. അതുകൊണ്ടുതന്നെ ആസ്ഥാന മന്ദിരം പരമ്പരാഗത ശൈലിയിലുള്ള ബൃഹത്തായ കെട്ടിട സമുച്ചയത്തില്‍ നിന്നും വ്യത്യസ്തമാണ്.
സര്‍വകലാശാലയോട് ചേര്‍ന്ന് കോണ്‍സ്റ്റിറ്റിയുവന്റ് കോളേജുകളുണ്ടാകും. അടുത്തവര്‍ഷം മുതലാണ് ഇത്തരം കോളേജുകള്‍ തുടങ്ങുക. സര്‍വകലാശാല നേരിട്ട് നടത്തുന്ന കോളേജുകളാണിവ. ഇത്തരം കോളേജുകളുണ്ടെങ്കിലേ യു. ജി.സി.യില്‍ നിന്നും മറ്റും കൂടുതല്‍ ധനസഹായം ലഭിക്കൂ. ഇതിനായി 100 ഏക്കര്‍ സ്ഥലമാണ് സര്‍വകലാശാല ചോദിച്ചത്. എന്നാല്‍ കേരളത്തില്‍ സ്ഥലത്തിനുള്ള ദൗര്‍ലഭ്യവും മറ്റും കണക്കിലെടുത്ത് 50 ഏക്കര്‍ അനുവദിക്കാമെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍.