പെരുമാതുറ പാലം സപ്തംബര്‍ ഒന്‍പതിന് തുറക്കും
Posted on: 17 Aug 2015
ചിറയിന്‍കീഴ്: ഒരു ദേശത്തിന്റെ പ്രാര്‍ത്ഥനകള്‍ സഫലമാക്കി പെരുമാതുറ പാലം പൂര്‍ത്തിയാകുന്നു. പാലത്തിന്റെ ഉദ്ഘാടനം സപ്തംബര്‍ ഒന്‍പതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുമെന്ന് മന്ത്രി കെ.ബാബു 'മാതൃഭൂമി'യോട് പറഞ്ഞു. നേരത്തെ ഈ മാസം 30 നുള്ളില്‍ ഉദ്ഘാടനം നടത്തുമെന്നാണ് അറിയിച്ചിരുന്നത്.
രണ്ട് കരകള്‍ക്കിടയിലെ വലിയ വഴി എന്നതിനപ്പുറം ഒരു നാടിന്റെ വികസനസ്വപ്നങ്ങളാണ് ഈ പാലം യാഥാര്‍ഥ്യമാക്കുന്നത്. ചിറയിന്‍കീഴ്, അഴൂര്‍, കടയ്ക്കാവൂര്‍, പെരുമാതുറ, അഞ്ചുതെങ്ങ്, കഠിനംകുളം തുടങ്ങിയ പ്രദേശങ്ങളുടെയും, കൊല്ലം, തിരുവനന്തപുരം ജില്ലയിലെ തീരദേശത്തിന്റെയാകെ വികസനത്തിനും പാലം വഴി തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചിറയിന്‍കീഴ് ഗ്രാമപ്പഞ്ചായത്തിലെ താഴംപള്ളിയെയും പെരുമാതുറയെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടാണ് പെരുമാതുറ പാലം വരുന്നത്. 1990 കളിലാണ് പാലത്തിനായി പദ്ധതിയിടുന്നത്. 259.7 മീറ്റര്‍ നീളത്തിനും പത്തര മീറ്റര്‍ വീതിയിലും പിന്നീട് പാലം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ഇതില്‍ ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാത. 120 മീറ്റര്‍ നീളത്തില്‍ ഇരുവശത്തും അപ്രോച്ച് റോഡുമാണ് പണിയുന്നത്. 21 കോടിയാണ് നിര്‍മ്മാണ ചെലവ്.
2011 മാര്‍ച്ച് 10 നായിരുന്നു പാലത്തിന്റെ പണി ആരംഭിക്കുന്നത്. പാലത്തിന്റെ നിര്‍മ്മാണം ആദ്യമൊക്കെ നല്ലരീതിയിലായിരുന്നുവെങ്കിലും പിന്നീട് പാളി. പാലത്തിന്റെ തൂണുകളുടെ നിര്‍മ്മാണം ഇഴഞ്ഞു. പണി കൃത്യമായി നടക്കാതായി. പാലത്തിനായി സ്ഥലം കണ്ടെത്തുന്നതില്‍ വന്‍ വീഴ്ചവന്നു. പെരുമാതുറ ഭാഗത്ത് പാലത്തിന്റെ അപ്രോച്ച് റോഡിനായി സ്ഥലം കണ്ടെത്താത്തതായിരുന്നു പ്രധാന പ്രശ്നം.
കരാര്‍ പ്രകാരം 2013 മാര്‍ച്ച് 9 ന് പാലം തീര്ക്കേണ്ടിയിരുന്നതാണ്. എന്നാല്‍ ഈ സമയത്ത് കാല് ഭാഗംപോലും പണി തീര്‍ക്കാനായില്ല. ഇതിനിടെ സ്ഥലമെടുപ്പിലെ പ്രതിസന്ധി പാലത്തിന്റെ ഭാവിയെ തന്നെ ചോദ്യം ചെയ്തു. പാലത്തിനായി പെരുമാതുറ ഭാഗത്ത് സ്ഥലമില്ലാത്തതായിരുന്നു കാരണം.
താഴംപള്ളി ഭാഗത്ത് അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുത്തപ്പോള്‍ പെരുമാതുറയില്‍ സ്ഥലം കണ്ടെത്തി ഏറ്റെടുക്കാന്‍ അധികൃതര്‍ വിട്ടുപോയതായിരുന്നു ഇതിനൊക്കെ വഴിവെച്ചത്. ഈ സ്ഥിതിയില്‍ പാലം യാതൊരു തരത്തിലും പെരുമാതുറ ഭാഗത്ത് മുട്ടിച്ച് പൂര്‍ത്തിയാക്കാന്‍ പറ്റാത്ത സാഹചര്യം സംജാതമായി. തുറമുഖ വകുപ്പ് റവന്യൂവകുപ്പിന് പണം നല്കി ആ തുക ഉപയോഗിച്ചുകൊണ്ട് റവന്യൂ വകുപ്പാണ് തുറമുഖ വകുപ്പിന് സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ടിയിരുന്നത്. തുറമുഖ വകുപ്പിന് ധനവകുപ്പ് പണം അനുവദിക്കാത്തതായിരുന്നു കാരണം.
പാലത്തിന്റെ ഈ പ്രതിസന്ധികള്‍ വ്യക്തമാക്കി 2014 നവംബറിലും അതിന് മുന്‍പും 'മാതൃഭൂമി' പരമ്പരകള്‍ പ്രസിദ്ധീകരിച്ചു. ഇതേ തുടര്‍ന്ന് അധികൃതര്‍ അലംഭാവം വെടിഞ്ഞു. പാലംപണി സജീവമാക്കി. പെരുമാതുറ ഭാഗത്ത് അപ്രോച്ച് റോഡിനായി സ്ഥലമെടുക്കാനായി ശ്രമങ്ങള്‍ തുടങ്ങി.
2014 ഡിസംബറില്‍ സ്ഥലം ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ 37 ലക്ഷം രൂപ അനുവദിച്ചു. ഈ തുക ഉപയോഗിച്ച് റോഡിനായുള്ള ഭൂമി കണ്ടെത്തി. പാലത്തിനായി സ്ഥലം ആവശ്യത്തിന് ലഭ്യമായതോടെ പാലത്തിന്റെ നിര്‍മ്മാണത്തില്‍ നേരിട്ട പ്രതിസന്ധി പൂര്‍ണമായി പരിഹരിക്കപ്പെടുകയായിരുന്നു.