സ്വാതന്ത്ര്യ ജ്വാലയായി വക്കം ഖാദര്‍
Posted on: 17 Aug 2015
വൈക്കം: പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച വക്കം ഖാദര്‍ സ്വാതന്ത്ര്യത്തിന്റെയും ദേശാഭിമാനത്തിന്റെയും ഒളി മങ്ങാത്ത ജ്വാലയായി ഇന്നും തെളിഞ്ഞുനില്ക്കുന്നു. ഖാദര്‍ ഉയര്‍ത്തിപ്പിടിച്ച മതമൈത്രി സന്ദേശത്തിന്റെ പ്രകാശം കെടാതെ സൂക്ഷിച്ച് ഖാദറിന്റെ ഓര്‍മയില്‍ അഭിമാനം കൊള്ളുകയാണ് വക്കത്തെ ഗ്രാമവാസികള്‍.
ഇരുപത്തിയാറാം വയസ്സിലാണ് രാജ്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി അദ്ദേഹം സ്വന്തം ജീവന് ബലിയര്‍പ്പിച്ചത്.
1917 മെയ് 25ന് വക്കം എന്ന തീരദേശഗ്രാമത്തിലാണ് ഖാദര്‍ എന്ന ധീരദേശാഭിമാനി ജനിച്ചത്. 1943 സപ്തംബര്‍ 10ന് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. തൂക്കിലേറ്റുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കുമുമ്പ് വക്കം ഖാദര്‍ പിതാവിന് എഴുതിയ കത്ത് ഒരു യഥാര്‍ഥ രാജ്യസ്നേഹിയുടെ സാക്ഷ്യപത്രവും ചരിത്രരേഖയുമാണ്. കൂടാതെ, അദ്ദേഹത്തിന്റേതായി കണ്ടെടുത്തിട്ടുള്ളതും പിതാവിനും സ്നേഹിതനും അയച്ച കത്തുകള്‍ ഒരുധീരദേശാഭിമാനിയുടെ പോരാട്ടവീര്യവും സ്വാതന്ത്ര്യദാഹവും അസാമാന്യമായ ധീരതയും മനുഷ്യസ്നേഹവും തെളിയിക്കുന്നവയാണ്.
വക്കം ഖാദര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിലൂടെയാണ് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ എത്തിയത്. ജോലി തേടി സിംഗപ്പൂരില്‍ പോകാന്‍ നിര്‍ബന്ധിതനായ ഖാദര്‍ അവിടെ ഇന്‍ഡിപെന്‍ഡന്റ് ലീഗിന്റെ പ്രവര്‍ത്തകനായി. പിന്നീട് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇന്‍ഡ്യന്‍ നാഷണല്‍ ആര്‍മിയുടെ മുന്നണിപ്പോരാളികളിലൊരാളായി. ബ്രിട്ടീഷ് ഗവണ്മെന്റിനെതിരെ ചാരവൃത്തി നടത്താന്‍ നിയോഗിക്കപ്പെട്ടവരില്‍ ഒരാളായി. 1942-ല്‍ പെനാങ്ക് തുറമുഖത്തുനിന്ന് മുങ്ങിക്കപ്പലില്‍ സഞ്ചരിച്ച് ഇന്ഡ്യയിലിറങ്ങാനുള്ള ശ്രമത്തിനിടെ താനൂര്‍ കടപ്പുറത്തുെവച്ച് ഖാദറിനെയും സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊടും പീഡനങ്ങള്‍ക്കൊടുവില്‍ നടന്ന പട്ടാളവിചാരണയ്ക്കുശേഷം വക്കം ഖാദര്‍, ഫൗചാസിങ്, സത്യചന്ദ്രബര്‍ദാന്‍, അനന്ദന് നായര്‍ എന്നിവരെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. മരണസമയത്തും വക്കം ഖാദര്‍ മതസൗഹാര്‍ദത്തെ നെഞ്ചോടു ചേര്‍ത്തു. തന്നെ ഒരു ഹിന്ദു സഹോദരനൊപ്പം രക്തസാക്ഷിയാകാന്‍ അനുവദിക്കണമെന്ന ഒരേ ഒരു ആഗ്രഹമാണ് അന്ത്യവേളയില്‍ വക്കം ഖാദര്‍ പ്രകടിപ്പിച്ചത്. വക്കം ഖാദറിന്റെ ധീരത നാടിനും തന്റെ ജനതയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്നും മാതൃകയും പ്രചോദനവുമാണ്. വക്കം ഖാദറിന്റെ സ്മരണ നിലനിര്‍ത്താന്‍ വക്കത്ത് ഒരു സ്മാരകം നിര്‍മിച്ചിട്ടുണ്ട്. 2004-ല്‍ വര്‍ക്കല രാധാകൃഷ്ണന് എം.പി.യുടെ പ്രാദേശികവികസന ഫണ്ടില്‍നിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് സ്മാരകം നിര്‍മിച്ചത്.