ചിറയിന്‍കീഴ് ആയുര്‍വേദ ആശുപത്രിയില്‍ കിടത്തി ചികിത്സ ഇല്ല; രോഗികള്‍ വലയുന്നു
Posted on: 17 Aug 2015
ചിറയിന്‍കീഴ്: ചിറയിന്‍കീഴ് ഗ്രാമപ്പഞ്ചായത്തിലെ ഏക ആയുര്‍വേദ ആശുപത്രിയില്‍ കിടത്തി ചികിത്സ ഇല്ലാത്തത് രോഗികള്‍ക്ക് ദുരിതമാകുന്നു. പ്രതിദിനം അന്‍പതോളം പേരാണ് ഇവിടെ ചികിത്സ തേടുന്നത്. രാവിലെ മുതല്‍ ഉച്ച വരെയാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. ഒരു ഡോക്ടറാണ് ചികിത്സയ്ക്കായുള്ളത്.
കയര്‍ത്തൊഴിലാളികളും തീരദേശത്തെ മത്സ്യത്തൊഴിലാളികളുമുള്പ്പെടെയുള്ളവരുടെ പ്രധാന ആശ്രയമായ ആശുപത്രിയാണിത്. എന്നാല്‍ അതിനനുസരിച്ചുള്ള സൗകര്യങ്ങള്‍ ഇവിടെയില്ലെന്നാണ് ജനത്തിന്റെ പരാതി. വാടകക്കെട്ടിടത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. രോഗികള്‍ക്ക് കിടക്കാനോ മരുന്ന് കഴിച്ചാല്‍ അല്പം വിശ്രമിക്കാനോ പോലും ഇവിടെ ഇടമില്ലെന്ന് രോഗികള്‍ പറയുന്നു. അത്യാവശ്യത്തിന് ചികിത്സ തേടിയാല്‍ മരുന്ന് നല്കി വിടുകയാണ് പതിവ്. കിടത്തി ചികിത്സ വേണ്ടവര്‍ പഞ്ചായത്തിന് പുറത്ത് മറ്റെവിടെയെങ്കിലും പോകണം. കടകം ചന്തിരം റോഡരികില്‍ ഉള്ളിലേക്ക് മാറിയാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. അവശരായ രോഗികള്‍ക്ക് ഇവിടേക്ക് എത്തിപ്പെടാന്‍ തന്നെ പാടാണ്. ഈ സാഹചര്യത്തില്‍ പഞ്ചായത്ത് മുന്‍കൈയെടുത്ത് ആശുപത്രിക്ക് സ്വന്തമായി ഒരു കെട്ടിടം പണിത് കിടത്തി ചികിത്സ ഉള്‍െപ്പടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് രോഗികളുടെ ആവശ്യം.