കാട്ടാക്കട: ഐ.എസ്.ഒ. അംഗീകാരം നേടിയ കള്ളിക്കാട് ഗ്രാമപ്പഞ്ചായത്തിന് വികസനത്തിനായി 3 കോടി രൂപയുടെ സഹായം നല്‍കുമെന്ന് മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു. പഞ്ചായത്തിന് ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ് കൈമാറലും വികസനോത്സവവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നതും മികച്ച പ്രകടനം നടത്തുന്നതുമായ പഞ്ചായത്തുകള്‍ക്ക് ലോകബാങ്ക് നല്കുന്ന അധിക സഹായം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അനുവദിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എ.ടി. ജോര്‍ജ് എം. എല്‍.എ. അധ്യക്ഷന്‍ ആയിരുന്നു.
രക്തദാന ഡയറക്ടറി പ്രകാശനം, 101 പേരുടെ അവയവദാന സമ്മതപത്രം കൈമാറല്‍, പരീക്ഷ മികച്ച വിജയികള്‍ക്കുള്ള സ്വര്‍ണ മെഡല്‍ തുടങ്ങിയവ മന്ത്രി വിതരണം ചെയ്തു. അമേരിക്കയില്‍ നടന്ന ഭിന്നശേഷിയുള്ളവരുടെ ഒളിമ്പിക്സില്‍ മെഡല്‍ നേടിയ സഖി ശ്രീകുമാറിനെയും മികച്ച അങ്കണവാടി ഹെല്‍പ്പര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സുധകുമാരിയെയും അനുമോദിച്ചു. പട്ടിക വിഭാഗക്കാര്‍ക്കുള്ള ഓട്ടോറിക്ഷ വിതരണം, വികലാംഗര്‍ക്കുള്ള ഉപകരണങ്ങള്‍, പഠന സഹായ വിതരണം തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുജാതകുമാരി, പ്രതിനിധി കള്ളിക്കാട് ഭുവനേന്ദ്രന്, പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാര്‍, വൈസ് പ്രസിഡന്റ് സാനുമതി തുടങ്ങിയവര്‍ സംസാരിച്ചു.