വീടുകയറി ആക്രമണം; വട്ടിപ്പലിശക്കാരന് പോലീസ് പിടിയില്‍
Posted on: 15 Aug 2015
പേരൂര്‍ക്കട: കടംകൊടുത്ത പണത്തിന് പലിശ മുടങ്ങിയപ്പോള്‍ വീടുകയറി ആക്രമണം നടത്തിയ കേസില്‍ വട്ടിപ്പലിശക്കാരന് പോലീസ് പിടിയില്‍. തിരുമല ആറാമട പേരൂര്‍ക്കോണം ടി.സി 48/450 ഏഥന് വീട്ടില്‍ റോയി നെല്സന് (41) ആണ് പിടിയിലായത്. വില്ലകള്‍ പണിത് വില്‍പ്പന നടത്തുന്ന മുട്ടട പറയാട്ടുമൂല ബഥേല്‍ വീട്ടില്‍ ജോണിന്റെ വീട്ടില്‍ക്കയറിയാണ് ഇയാള്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ 2013ല്‍ ജോണ്‍ റോയിയുടെ പക്കല്‍നിന്ന് 8 ലക്ഷം രൂപ 5 രൂപ പലിശ നിരക്കില്‍ കടം വാങ്ങിയിരുന്നു. ഇതിനുവേണ്ടി ജോണ്‍ ബ്ലാങ്ക് ചെക്കുകളും പ്രോമിസറി നോട്ടുകളും ഒപ്പിട്ടു നല്‍കിയിരുന്നു. പലിശയ്ക്ക് മുടക്കം വന്നപ്പോള്‍ കഴിഞ്ഞ 13ന് ജോണിന്റെ വീട്ടില്‍ റോയി എത്തുകയും പ്രകോപിതനായി വീടിനുള്ളിലുണ്ടായിരുന്ന ഉപകരണങ്ങള്‍ അടിച്ചുപൊട്ടിക്കുകയുമായിരുന്നു. ജോണിന്റെ പിതാവിന്റെ പരാതിപ്രകാരമാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയ വട്ടിപ്പലിശക്കാരനെ പിടികൂടിയത്. പേരൂര്‍ക്കട സി.ഐ. എസ്.എസ്. സുരേഷ്ബാബുവിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ. വി. സൈജുനാഥ്, അഡീ. എസ്.ഐ. സതീഷ്കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.