കുട്ടികള്‍ക്കുള്ള ധീരതാ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
Posted on: 15 Aug 2015
തിരുവനന്തപുരം: കുട്ടികളുടെ ധീരതാ പ്രവര്‍ത്തനത്തിനുള്ള രാഷ്ട്രപതിയുടെ ദേശീയ അവാര്‍ഡിനും സംസ്ഥാന ശിശുക്ഷേമ സമിതി നല്കുന്ന അവാര്‍ഡുകള്‍ക്കും അപേക്ഷ ക്ഷണിച്ചു. നിര്‍ദിഷ്ട ഫോറത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതി മുഖേനയാണ് അപേക്ഷിക്കേണ്ടത്. സംഭവം നടക്കുമ്പോള്‍ ആറിനും പതിനെട്ട് വയസിനിടയ്ക്കുള്ള അര്‍ഹരായ കുട്ടികള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷാഫോറം വിതരണം ചെയ്യുന്ന അവസാന തീയതി 31. പൂരിപ്പിച്ച അപേക്ഷ, അവാര്‍ഡിനര്‍ഹമായ പ്രവൃത്തി, അവയുടെ പത്രവാര്‍ത്തകള്‍ ഇവ ഹിന്ദിയിലോ ഇംഗ്ലൂഷിലോ തയാറാക്കി മറ്റു ബന്ധപ്പെട്ട രേഖകളോടൊപ്പം (മൂന്ന് പകര്‍പ്പും, മൂന്ന് ഫോട്ടോയും) അഡ്മിനിസ്ട്രേറ്റര്‍, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട് പി.ഒ, തിരുവനന്തപുരം-695014 വിലാസത്തില്‍ 31ന് വൈകീട്ട് 5ന് മുമ്പ് കിട്ടിയിരിക്കണം.
ദേവസ്വം ബോര്‍ഡ് പെന്‍ഷന്‍കാരുടെ മെഡിക്കല്‍ അലവന്‍സ് വര്‍ധിപ്പിച്ചു
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രജീവനക്കാരുടെ മെഡിക്കല്‍ അലവന്‍സ് 100 രൂപയില്‍ നിന്ന് 150 രൂപയായി വര്‍ധിപ്പിച്ച് ബോര്‍ഡ് ഉത്തരവായി. തിരുവിതാംകൂര്‍ ദേവസ്വം സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ഇത് സംബന്ധിച്ച് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവെന്ന് അസോസിയേഷന് ജനറല്‍ സെക്രട്ടറി ആര്.ബി.ശ്രീകണ്ഠന്‍നായര്‍ അറിയിച്ചു.
ഓസോണ്‍ ദിനം: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: അന്താരാഷ്ട്ര ഓസോണ്‍ ദിനം ആചരിക്കുന്നതിനായി സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ നിന്ന് സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ എയ്ഡഡ് സ്കൂളുകള്‍, കോളേജുകള്‍, പോളിടെക്നിക്കുകള്, സര്‍വകലാശാലകള്‍, വകുപ്പുകള്‍, ദേശീയ ഹരിതസേന ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. വിശദവിവരം kscste.kerala.gov.in ല്‍ നിന്നും ലഭിക്കും.
ബിസിനസ് ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിക്കുന്നു
തിരുവനന്തപുരം: ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ബിസിനസ് ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിക്കുന്നു. തിരുവനന്തപുരം കുടപ്പനക്കുന്നില്‍ നിര്‍മിച്ച പുതിയ ആസ്ഥാനമന്ദിരത്തിന്റെ ഗ്രൗണ്ട് ഫ്ളോറിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
ഗൗഢസാരസ്വത ബ്രാഹ്മണ പ്രതിഭാ പുരസ്കാരം
തിരുവനന്തപുരം: ഓള് കേരള ഗൗഢസാരസ്വത ബ്രാഹ്മണ ഫെഡറേഷന് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഗൗഢസാരസ്വത ബ്രാഹ്മണ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്ലൂസ്ടു, ബിരുദം, ബിരുദാനന്തരബിരുദം, പ്രൊഫഷണല്‍, സിവില്‍ സര്‍വീസ് കോഴ്സുകള്‍ക്ക് മികച്ച വിജയം നേടിയവര്‍ക്ക് അപേക്ഷിക്കാം. ആഗസ്ത് 25ന് മുമ്പ് അപേക്ഷ ലഭിക്കണം. വിലാസം: ബിജു എന്‍ പൈ, വര്‍ക്കിങ് പ്രസിഡന്റ്, ഗൗഢസാരസ്വത ബ്രാഹ്മണ ഫെഡറേഷന്, ലക്ഷ്മീ നാരായണ, എസ്.വി. വാര്‍ഡ്, കായംകുളം- 690502.