പുല്ലമ്പാറയില്‍ കറവപ്പശുക്കളില്‍ കുളമ്പുരോഗം
Posted on: 14 Aug 2015
വെഞ്ഞാറമൂട്: പുല്ലമ്പാറ പഞ്ചായത്തിലെ വിവിധ ഗ്രാമങ്ങളില്‍ കറവപ്പശുക്കളില്‍ കുളമ്പുരോഗം സ്ഥിരീകരിച്ചു. മൃഗസംരക്ഷണ വകുപ്പ് വാക്സിനേഷന് ആരംഭിച്ചു.
മരുതുംമൂട്, മാങ്കുഴി, പുല്ലമ്പാറ എന്നീ ഗ്രാമങ്ങളിലാണ് കുളമ്പുരോഗമുള്ള മൃഗങ്ങളെ കണ്ടെത്തിയത്. മൃഗങ്ങള്‍ക്ക് പനി, അകിടുവീക്കം, നീര്, ശരീരത്തില്‍ കുമിളകളുണ്ടാകല് തുടങ്ങിയവയാണ് രോഗലക്ഷണമായി കണ്ടുവരുന്നത്. മരുതുംമൂട്ടില്‍ ഒരു വീട്ടിലെ നാല് പശുക്കളില്‍ കുളമ്പു രോഗം കണ്ടെത്തി.
കുളമ്പുരോഗം പ്രതിരോധ കുത്തിവെയ്പ് എടുത്ത മൃഗങ്ങള്‍ക്കും കുളമ്പുരോഗം വന്നത് കര്‍ഷകരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കുളമ്പുരോഗത്തിന് പ്രതിരോധ കുത്തിവെയ്പ് എടുത്തശേഷം വീണ്ടും രോഗം വന്ന മൃഗങ്ങള്‍ക്ക് പുനര്പ്രതിരോധ കുത്തിവെയ്പ് എടുത്തു തുടങ്ങി.
പുല്ലമ്പാറയിലെ വെറ്ററിനറി മെഡിക്കല്‍ ഓഫീസര്‍ ഡോ. അപര്‍ണ രോഗം ബാധിച്ച പശുക്കളുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
ശക്തികൂടിയ വൈറസുകളില്‍ നിന്ന് പകരുന്നതുകൊണ്ടാണ് പ്രതിരോധ കുത്തിവെയ്പെടുത്ത മൃഗങ്ങള്‍ക്ക് വീണ്ടും രോഗം വന്നതിന് കാരണമായതെന്ന് ഡോക്ടര്‍ പറഞ്ഞു.
രോഗം വന്ന മൃഗങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ സെന്ററിലേക്ക് അയച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പരിശോധനയ്ക്ക് ശേഷമേ പറയാന്‍ കഴിയുകയുള്ളുവെന്നും ഡോക്ടര്‍ പറഞ്ഞു.
രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്നും മൃഗാശുപത്രി അധികൃതര്‍ അറിയിച്ചു.
.